കിഫ്ബിയില്‍ വലിയ അഴിമതിയുണ്ടോ എന്ന് ഇപ്പോള്‍ സംശയിക്കുന്നതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്ത്തികേയന്. ധനമന്ത്രി തോമസ് ഐസക്കിന്റെ വെപ്രാളം അതാണ് സൂചിപ്പിക്കുന്നത്. ഗൂഢാലോചന സിദ്ധാന്തമൊന്നും കേരളത്തില്‍ വിലപ്പോകില്ല. മസാല ബോണ്ട് വഴി സംസ്ഥാനം, വിദേശത്തു നിന്ന് പണം സ്വരൂപിക്കുന്നത് നിയമ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച രഞ്ജിത് കാര്ത്തികേയന് ധനമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയായി ജന്മഭൂമിയോട് സംസാരിക്കുന്നു.
കിഫ്ബിയെ ഇല്ലാതാക്കാന്‍ കോടതിയില്‍ പോയെന്നാണല്ലോ ആരോപണം?
ഒന്നാമത്തെ കാര്യം, കോടതിയില്‍ ഞാന്‍ പോയത് കിഫ്ബിക്ക് എതിരായല്ല. മസാല ബോണ്ട് വഴി സംസ്ഥാനം വിദേശത്തു നിന്ന് പണം സ്വരൂപിക്കന്നതു നിയമപരമാണോ എന്നതായിരുന്നു എനിക്കറിയേണ്ടത്. മസാല ബോണ്ട് മോശമാണെന്ന അഭിപ്രായക്കാരനല്ല. വിദേശത്തു നിന്ന് രൂപയില്‍ വായ്പ എടുക്കുകയും രൂപയില്‍ തന്നെ തിരികെ നല്‍കുകയും ചെയ്യുന്നതാണ് മസാല ബോണ്ട്. രൂപയുടെ മൂല്യം ഇടിയുന്ന ഇന്ത്യക്ക് ഇത്തരത്തിലുള്ള വായ്പ നല്ലതാണ്. എനിക്കറിയേണ്ടിയിരുന്നത് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ വായ്പ എടുക്കാമോ എന്നതുമാത്രമായിരുന്നു. നിലവിലെ നിയമം അനുസരിച്ച് സാധ്യമല്ല എന്ന ഉത്തമ ബോധ്യം ഉള്ളതിനാലാണ് കോടതിയെ സമീപിച്ചത്. നിയമത്തിലും ബിരുദം നേടിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഞാന്‍. അക്കാദമിക് താല്‍പ്പര്യവും കോടതിയെ സമീപിച്ചതിനു പിന്നില്‍ ഉണ്ടായിരുന്നു.
കോള്‍ ഇന്ത്യ പോലുള്ള കമ്പനികള്‍ക്ക് മസാല ബോണ്ട് ആകാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബിക്ക് പാടില്ല?
കോള്‍ ഇന്ത്യ, എഫ്സിഐ തുടങ്ങിയ കമ്പനികള്‍ മസാല ബോണ്ട് എടുത്തിട്ടുണ്ട്. നക്ഷത്ര പദവിയുള്ള കമ്പനികളാണവ. കിഫ്ബി ഒരു കമ്പനിയല്ല. നിയമപ്രകാരം സര്‍ക്കാരിനു കീഴില്‍ രൂപീകരിച്ച ഒരു സംവിധാനം മാത്രമാണ്. കമ്പനി എന്നു പറഞ്ഞതുകൊണ്ടുമാത്രം കമ്പനി ആകില്ല. ഓഹരി ഉടമകളും ഡയറക്ടര്‍ ബോര്‍ഡും ഒക്കെ കമ്പനി നിയമം അനുസരിച്ച് ഉണ്ടാകണം.
കേസ് എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവിനെ ഏല്‍പ്പിച്ചു?
ഇന്ത്യയിലെ പ്രമുഖ ലോ ഫേം ആയ ദല്‍ഹിയിലെ കെഎംഎന്പിയെയാണ് ഞാന്‍ കേസ് ഏല്‍പ്പിച്ചത്. അവരുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. കെ.കെ. വേണുഗോപാലിന്റെ ജൂനിയര്മാരായിരുന്നവര് ഉള്‍പ്പെടെ പ്രമുഖര്‍ ചേര്‍ന്നുള്ള ഫേം ആണത്.
ഹൈക്കോടതിയില്‍ എനിക്കുവേണ്ടി ഹാജരായ അഞ്ച് അഭിഭാഷകരില്‍ ഒരാള്‍ മാത്രമാണ് മാത്യു കുഴല്നാടന്. ഡോക്ടറേറ്റുള്ള നല്ല അഭിഭാഷകനാണ് മാത്യു. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണെന്നൊക്കെ അറിയാമായിരുന്നു. പ്രൊഫഷനി ല്‍ ഞാന്‍ രാഷ്ട്രീയം നോക്കാറില്ല. കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും പ്രമുഖരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. എല്ലാ സംഘപരിവാര്‍ സംഘടനകളുമായും ബന്ധമുണ്ട്.
ആര്‍എസ്എസ് ഗൂഢാലോചന എന്നാണല്ലോ തോമസ് ഐസക്കിന്റെ ആരോപണം?
ആര്‍എസ്എസിന് മഹത്തായ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇത്തരം ചെറിയ കാര്യങ്ങളില്‍ ഇടപെടാന്‍ സംഘടനയ്ക്ക് സമയമില്ല. ഇതൊക്കെ അന്വേഷണ ഏജന്‍സികള്‍ നോക്കിക്കൊള്ളും. ഗൂഢാലോചനാ സിദ്ധാന്തമൊന്നും കേരളത്തില്‍ വിലപ്പോകില്ല.
കിഫ്ബിയില്‍ അഴിമതിയുണ്ടോ?
മസാല ബോണ്ട് വഴി സംസ്ഥാനം വിദേശത്തു നിന്ന് പണം സ്വരൂപിക്കുന്നതു നിയമ വിരുദ്ധമെന്നതു മാത്രമായിരുന്നു എന്റെ നിലപാട്. കിഫ്ബിയില്‍ അഴിമതി ഉള്ളതായി പറഞ്ഞിരുന്നില്ല. തോമസ് ഐസക്കിന്റെ വെപ്രാളം കാണുമ്പോള്‍ എനിക്കിപ്പോള്‍ സംശയം തോന്നുന്നു. ആര്‍എസ്എസ്, ബിജെ
പി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നതിന് മുമ്പ് ഐസക്ക് ഒന്ന് ആലോചിക്കുന്നത് നന്ന്. ധനമന്ത്രി തന്നെ പറയുന്നത് കിഫ്ബി 50,000 കോടിയുടെ പദ്ധതിയാണെന്നാണ്. മസാലബോണ്ട് 2150 കോടിയുടെ മാത്രം ഇടപാടാണ്. താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ തുക. കിഫ്ബിയെ തകര്‍ക്കാന്‍ എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.
ലാവ്ലിന് കേസും കിഫ്ബി കേസും?
കിഫ്ബി കേസിനെക്കുറിച്ച് പറയുന്നതിനിടയില്‍ ലാവ്ലിന്, ലാവ്ലിന് എന്ന് ഇടയ്ക്കിടെ തോമസ് ഐസക്ക് പറയുന്നുണ്ട്. അതില്‍ എന്തോ ദുരുദ്ദേശ്യം ഉള്ളതുപോലെ. മസാല ബോണ്ട് എടുത്തിരിക്കുന്നത് ലാവ്ലിന് കമ്പനിയില്‍ ഓഹരിയുള്ള സ്ഥാപനമാണ്. ആ വഴിക്കുകൂടി അന്വേഷണം പോകട്ടെ എന്ന താല്‍പ്പര്യം ഐസക്കിനു കാണും.
വ്യക്തിപരമായ ആരോപണത്തെക്കുറിച്ച്?
നിയമപരമായി നീങ്ങിയതിന് എനിക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്ന തോമസ് ഐസക്കിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ധനമന്ത്രിയെപ്പോലൊരാള് പച്ചക്കള്ളം പറയുകയാണ്. നിലവാരം കുറഞ്ഞ ആരോപണം ഉന്നയിച്ച് ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം തോമസ് ഐസക്ക് കളയരുത്. കിഫ്ബി പദ്ധതിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നതിനുള്ള തെളിവുകള്‍ ധനമന്ത്രിയുടെ കൈയ്യിലുണ്ടെങ്കില്‍ അതു പുറത്തുവിടാന്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: