മുംബൈ: ഇന്ത്യന്‍ പുതുവര്‍ഷപ്പിറവി ‘സംവത് 2077’ ഓഹരി വിപണി പുതിയ റെക്കോര്‍ഡിട്ട് ആഘോഷമാക്കി. പുതുവര്‍ഷദിനത്തില്‍ വൈകിട്ട് ഒരു മണിക്കൂര്‍ പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തില്‍ പുതുനിക്ഷേപകരുടെ കൂടി ആവേശത്തില്‍ നിഫ്റ്റി സൂചിക 12,828 എന്ന പുതിയ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ശേഷം 12,780 പോയിന്റിലും, സെന്‍സെക്സ് സൂചിക 43,830 എന്ന റെക്കോര്‍ഡിട്ട ശേഷം 43,637 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് മുതലായ ഓഹരികള്‍ നിഫ്റ്റിക്ക് മുന്നേറ്റം നല്കി.
പത്തു ശതമാനമാണ് നിഫ്റ്റിയുടെ കഴിഞ്ഞ രണ്ടാഴ്ചകളിലെ വളര്‍ച്ച. മോര്ഗന് സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്‍ഡക്സിന്റെ (എംഎസ്സിഐ) ആഗോള സൂചികയിലെ ഏഷ്യന്‍ പ്രതിനിധികളായി 12 ഇന്ത്യന്‍ കമ്പനികള്‍ കൂടി ഇടംപിടിച്ചത് ഇന്ത്യന്‍ സൂചികയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചു.
2021ല്‍ ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉല്പാദന വളര്‍ച്ച 9.9 ശതമാനമായും 2021 -2022 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 15 ശതമാനമായും ഉയരുമെന്ന ആഗോള സാമ്പത്തിക ഏജന്‍സികളുടെ വിലയിരുത്തലും വിപണിയെ തുണച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ട പ്രഖ്യാപനങ്ങളും ഓഹരികള്‍ക്ക് അനുകൂലമാണ്. 20000 പോയിന്റില്‍ നിന്ന് 25000 പോയിന്റിലേയ്ക്കെത്താന് നാലു മാസമെടുത്ത ബാങ്ക് നിഫ്റ്റിക്ക് അടുത്ത 3600 പോയിന്റ് നേട്ടത്തിന് ആഴ്ചകള്‍ മാത്രമേ എടുത്തുള്ളൂ.
പുതിയ ഭവന വായ്പാ നയങ്ങളും അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. സാമ്പത്തിക ഉത്തേജന നടപടികളും വിപണിക്ക് പുത്തന്‍ ദിശാബോധം നല്‍കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: