കോഴിക്കോട്: കോര്‍പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപന വേദിയില്‍ കയ്യാങ്കളി. കോണ്‍ഗ്രസ് മത്സരിച്ചു ജയിച്ച വാര്‍ഡുകളിലൊന്ന്പണംവാങ്ങി ജെഡിയുവിന് വിട്ടുനല്‍കിയെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത്. എം.കെ. രാഘവന്‍ എംപി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ആകെയുള്ള 75ല്‍ 48 സീറ്റിലെ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്.
കോര്‍പറേഷനിലെ 28 – ാം വാര്‍ഡ് ജെഡിയുവിന് നല്‍കിയതിന് പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് വിവാദമുയര്‍ന്ന വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചില്ലെന്ന്പറഞ്ഞ് നേതാക്കള്‍ ഒരുവിധം തടിയൂരുകയായിരുന്നു. രാത്രി എട്ടിന് മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി ഓഫീസായ ലീഗ് ഹൗസിലായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം നിശ്ചയിച്ചത്. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ലീഗ് നേതാവ് പാണക്കാട് മുനവറലി തങ്ങള്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. പ്രവീണ്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, ഡിസിസി പ്രസിഡന്റ് യു. രാജീവന്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ. റസാഖ് തുടങ്ങിയ നേതാക്കള്‍ക്ക് മുന്നിലായിരുന്നു കുതിരവട്ടം വാര്‍ഡില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇക്കാര്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഒരുവിഭാഗം തയ്യാറായപ്പോള്‍ മറുവിഭാഗം ഇടപെട്ട് തടഞ്ഞത് സംഘര്‍ഷം രൂക്ഷമാക്കുകയായിരുന്നു. ജനാധിപത്യ പാര്‍ട്ടിയില്‍ ഇതെല്ലാം സാധാരണമാണെന്നായിരുന്നു എം.കെ. രാഘവന്‍ എംപിയുടെ പ്രതികരണം. അതേസമയം മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും കോര്‍പറേഷനില്‍ യുഡിഎഫ് സീറ്റ് തര്‍ക്കം അവസാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: