കോഴിക്കോട്: നാടിന്റെ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും മോദി സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്താന്‍ ഇത് ആവശ്യമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മോദി സര്‍ക്കാറിന്റെ ജനക്ഷേമപദ്ധതികള്‍ മാതൃകയാക്കി ഓരോ നാടിലും വികസനം ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ കേരളത്തിലാകെ എന്‍ഡിഎ ഉജ്ജ്വല വിജയം നേടും. ആ വിജയത്തിന് മാറ്റുക്കൂട്ടാനുള്ള പ്രവര്‍ത്തനം ഓരോരുത്തരും ഏറ്റെടുക്കണം. അഴിമതിയുടെ കാര്യത്തില്‍ ഇടതു – വലതു മുന്നണികള്‍ കാര്‍ബണ്‍ പതിപ്പാണ്. വോട്ടര്‍മാരെ അഭിമുഖീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇരുകൂട്ടരും. ഈ സാഹചര്യത്തിലാണ് മതതീവ്രവാദ സംഘടനകളുമായി സിപിഎമ്മും കോണ്‍ഗ്രസ്സും സഖ്യത്തിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയാപ്പ, ചേവരമ്പലം, സിവില്‍ സ്റ്റേഷന്, പുതിയറ, മീഞ്ചന്ത, രാമനാട്ടുകര എന്നിവിടങ്ങളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കാരപ്പറമ്പ് വാര്‍ഡ് സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുതിയറയിലെ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമായ ടി. റെനീഷിനെ കെ. സുരേന്ദ്രന് പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്, കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: