വ്രതശുദ്ധിയുടെ ഒരു മണ്ഡലകാലം കൂടി സമാഗതമാവുകയാണ്. കഴിഞ്ഞ പത്തു മാസങ്ങളായി ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരും അവരുടെ കുടുംബാംഗങ്ങളും ആകാംക്ഷയോടെ കാത്തിരുന്നത് ഈ ശുഭ ദിനത്തിന് വേണ്ടിയാണെന്നു പറയാം.
ഒരയ്യപ്പഭക്തനെ സംബന്ധിച്ചിടത്തോളം മണ്ഡലവ്രതം നോറ്റ്, മുദ്ര ധരിച്ച്, നാളികേരത്തില്‍ ഭക്തിശുദ്ധിയോടെ നെയ് നിറച്ച്, ഇരുമുടിയേന്തി, പമ്പയില്‍ മുങ്ങിക്കുളിച്ച്, മലചവിട്ടി, പതിനെട്ടാം പടികള്‍ താണ്ടി, അയ്യപ്പ ദര്‍ശന സായൂജ്യം നേടി, നെയ്യഭിഷേകം ചെയ്ത്, തിരിച്ചു നാട്ടിലെത്തി, മുദ്രമാല ഊരി വ്രതം അവസാനിപ്പിക്കുന്നതു വരെയുള്ളയതിനെയാണ് ശബരിമല തീര്‍ത്ഥയാത്ര എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. അതുകഴിഞ്ഞാല്‍ പിന്നെ അടുത്ത മണ്ഡലകാലത്തിനുള്ള കാത്തിരപ്പ്! ഭക്തപ്രിയനായ അയ്യപ്പന് വ്രതപ്രിയന്‍ കൂടിയാണ്.
ശബരിമല തീര്‍ത്ഥാടനത്തില്‍ ദര്‍ശനത്തെക്കാളേറെ പ്രാധാന്യം വ്രതങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമാണ്. അതുകൊണ്ടു തന്നെയാണ് അയ്യപ്പ ഭക്തന്മാര് പ്രതിമാസപൂജയ്ക്ക് ദര്‍ശനത്തിനായി പോകുന്നതിനെ തീര്‍ത്ഥയാത്ര എന്ന് വിളിക്കാത്തത്.
കഴിഞ്ഞ എട്ടു മാസത്തിലധികമായി കൊറോണ മഹാമാരി ഒരു ഭാഗത്ത്, നെയ്യഭിഷേകം, പമ്പാസ്നാനം, തര്‍പ്പണം, എരുമേലിപേട്ട, പെരുവഴിയാത്ര, കൂട്ട ശരണം വിളികള്‍ മുതലായ ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള വിലക്ക് മറുഭാഗത്ത്! മാത്രവുമല്ല, നിലവിലെ നിബന്ധനകള്‍ക്ക് വിധേയമായി ഗുരുസ്വാമിമാര്‍ക്ക് ദര്‍ശനം ലഭിക്കില്ല. കാരണം, അറുപതും അറുപത്തഞ്ചും വയസ്സ് കഴിഞ്ഞവരാണ് ഭൂരിഭാഗം ഗുരുസ്വാമിമാരും. ഗുരുസ്വാമിയും ആചാരങ്ങളുമില്ലാതെ എന്ത് ശബരിമല യാത്ര എന്ന് ചിന്തിക്കുന്ന അയ്യപ്പന്മാരും ധാരാളം.
അഴുതാമല കയറുമ്പോഴും, കരിയിലാം തോടില്‍ ആന ഇറങ്ങിയപ്പോഴും, കരിമലകയറ്റത്തില്‍ കാല് വഴുക്കിയപ്പോഴും കാനനവാസന് തന്നോടൊപ്പം ഉണ്ടായിരുന്ന അനുഭവങ്ങളെ കണ്ണീരോടെ അയവിറക്കുന്ന പഴമക്കാര്‍ ഇന്നും ജീവിക്കുന്നുണ്ട്. ഒരു പമ്പാസദ്യയില്‍ ഞങ്ങള്‍ ഉണ്ണാനിരുന്നപ്പോള്‍ പെട്ടെന്ന്, 8-9 വയസ്സ് പ്രായമുള്ള കറുത്ത വസ്ത്രധാരിയായ ഒരു കൊച്ചു മണികണ്ഠന് വന്നുകൂടി. അവനെയും ഇരുത്തി ഇല വെച്ച് സദ്യ വിളമ്പി. നിമിഷനേരം കൊണ്ട് ഭക്ഷണം കഴിച്ചു വലിയപപ്പടം ഒന്ന് പൊക്കിപ്പിടിച്ചു കൊണ്ട് നിന്ന അവന് പെട്ടെന്ന് ഞങ്ങളുടെ വിരിയില്‍ നിന്നും അപ്രത്യക്ഷനായ സംഭവം ഞാനിന്നും ഓര്‍ക്കുന്നു. അങ്ങനെ തന്റെ ഭക്തന്മാര്ക്ക് അമ്പരപ്പും ആവേശവും സ്നേഹവും സായൂജ്യവും പകര്‍ന്നു, കൂടെ നില്ക്കുന്ന കലിയുഗവരദനാണ് അയ്യപ്പന്.
ഈ വര്‍ഷത്തെ മണ്ഡല-മകര വിളക്ക് കാലത്തു മലയാത്ര നടത്തി ദര്‍ശന സൗഭാഗ്യത്തിനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നു ഒരയ്യപ്പഭക്തനും ദുഃഖിക്കേണ്ടതില്ല. ശരണം വിളികളോടെ ഹൃദയപത്മത്തില്‍ ഭഗവാനെ ആവാഹിച്ചിരുത്തി നമുക്ക് ഈ മണ്ഡല മകരവിളക്ക് പുണ്യകാലം പൂര്‍വാധികം ഭക്തി സാന്ദ്രതയോടും കൂടി ആചരിക്കാം, ആഘോഷിക്കാം !
പ്രമുഖ ഗുരുസ്വാമിമാരോടും, കേരളത്തിലെ സംന്യാസി ശ്രേഷ്ഠന്മാരോടും, പന്തളം കൊട്ടാരം പ്രതിനിധികളോടും, തന്ത്രി മുഖ്യന്മാര്, അയ്യപ്പ സംഘടനാ ഭാരവാഹികള്‍, ആലങ്ങാട്ടു പേട്ട സംഘം-അമ്പലപ്പുഴ പേട്ട സംഘം പെരിയോന്മാര്, ചീരപ്പന്‍ചിറ യോഗം നിര്‍വാഹകര്‍ മുതലായവരോടെല്ലാം, ശബരിമല ദര്‍ശനം അസാധ്യമായ സാഹചര്യത്തില്‍, ഓരോ അയ്യപ്പഭക്തന്റെയും കര്‍ത്തവ്യമെന്താണ് എന്ന് ചോദിച്ച സമയത്തു ശബരിമല അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകര്‍ക്കു ലഭിച്ച ഉപദേശങ്ങള്‍ ഇങ്ങനെ:
മുന്‍ വര്‍ഷങ്ങളില്‍ എന്താണോ ചെയ്തിരുന്നത്, കൃത്യനിഷ്ഠയോടെ ഈ വര്‍ഷവും അതെല്ലാം പാലിക്കണം. കര്‍ശനമായും വ്രതം നോല്ക്കണം. മണ്ഡലകാലം ശരണംവിളികളാല്‍ മുഖരിതമാക്കണം. ഭവനം സന്നിധാനം എന്ന സങ്കല്പത്തോടെ വീടുകളില്‍ നിത്യേന ശരണ ഘോഷങ്ങളും, അയ്യപ്പ ഭജനകളും മുഴങ്ങട്ടെ. ശരണഘോഷങ്ങള്‍ നമ്മുടെ ഭവനത്തെ ദൈവിക ചൈതന്യം തുളുമ്പുന്ന ക്ഷേത്ര (സന്നിധാനം) മാക്കി മാറ്റും. കൊറോണാ മാനദണ്ഡങ്ങള്‍ പാലിച്ച് ചെറിയ രീതിയിലുള്ള ഭജനകളും കര്‍പ്പൂര ആരതികളും സംഘടിപ്പിക്കാവുന്നതാണ്. കറുപ്പ് വസ്ത്രവും മാലയും ധരിക്കുന്നത് ഉചിതം. പക്ഷെ നാളീകേരത്തില് നെയ് നിറയ്ക്കുന്നതും ഇരുമുടി കെട്ടുന്നതും ഒഴിവാക്കാം. നെയ്യഭിഷേകം ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, ശുദ്ധമായ പാത്രത്തില്‍ പശുവിന് നെയ്യ് എടുത്ത് അടുത്ത അയ്യപ്പ ക്ഷേത്രത്തില്‍ പോയി അഭിഷേകം ചെയ്യിക്കാം .
മുദ്രമാല മാറ്റി വ്രതം അവസാനിപ്പിക്കുമ്പോള്‍ അടുത്തുള്ള അയ്യപ്പ ക്ഷേതത്തില്‍ ഒറ്റയ്ക്കോ കൂട്ടമായോ യഥാവിധി പൂജകളും വഴിപാടും ചെയ്തു, ഓരോ അയ്യപ്പനും ഒരു നാണയം വീതമെടുത്തു 9 തവണ വീതം ശിരസ്സിനെയും ശരീരത്തെയും ഉഴിഞ്ഞ് തുണിയില്‍ കിഴി കെട്ടി വെയ്ക്കണം. ഇത് അടുത്ത തവണ ശബരിമല യാത്ര പോകുമ്പോള്‍ സന്നിധാനത്തെ ഭണ്ഡാരത്തില് നിക്ഷേപിച്ചു പ്രാര്‍ത്ഥിച്ചാല്‍ മതി.
ഈറോഡ് രാജന്
(ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: