പത്തനാപുരം: ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റ് മരിച്ച ആദിത്യമോളുടെ വീട്ടില്‍ നിന്ന് അധികം ദൂരത്തല്ല ഈ കൂര. അധികാരവര്‍ഗത്തിന്റെ അലംഭവത്താല് അനുകൂല്യങ്ങള്‍ അന്യമായ നിര്‍ധനകുടുംബത്തിന്റെ അവസ്ഥ ഏറെ ദയനീയമാണ്.
പത്തനാപുരം മാങ്കോട് ഒരിപ്പുറം കോളനിയിലെ തോമസ് അല്‍ഫോണ്‍സാ ദമ്പതികളും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമാണ് തീരാദുരിതത്തില്‍ കഴിയുന്നത്. ഏതുനിമിഷവും നിലംപതിക്കാവുന്ന കൂരയ്ക്കുള്ളില്‍ രണ്ട് കുരുന്നുകളുമായി ജീവിതം തളളിനീക്കുകയാണ് ഇവര്‍.
മഴയോ കാറ്റോ വന്നാല്‍ കുഞ്ഞുങ്ങളുമായി അടുത്ത വീടുകളിലെ വരാന്തകളില്‍ അഭയം തേടും. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും അതിരൂക്ഷമാണ്. സമീപവാസിയായിരുന്ന ആദിത്യയുടെ മരണം ഈ കുടുംബത്തിന്റെ ഭീതി ഇരട്ടിയാക്കിയിട്ടുണ്ട്.
മിക്ക ദിവസങ്ങളിലും മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കാവലിരുന്നാണ് നേരം വെളുപ്പിക്കുന്നത്. വൈദ്യുതിയോ അടച്ചുറപ്പുള്ള വാതിലോ ഇല്ല. മണ്ണെണ്ണ വിളക്കിന്റെ വെട്ടമാണ് ഇവരുടെ പ്രകാശം. വീടിന്റെ മേല്‍ക്കൂരകളും മേഞ്ഞ ഓലകളും ചിതലെടുത്ത് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. മണ്‍കട്ടയില്‍ നിര്‍മിച്ച ഭിത്തിയിലെ വിടവുകളിലൂടെ പാമ്പ് കയറാതിരിക്കാന്‍ കുരുന്നുകള്‍ ചെളി വച്ച് അടച്ചിട്ടുണ്ട്. ഏഴിലും ഒന്നിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ല. ആരോവാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് അയല്‍വീടുകളെ ആശ്രയിക്കണം. വര്‍ഷങ്ങളായി ഇവര്‍ വീടിനായി മുട്ടാത്ത വാതിലുകളില്ല. രാഷ്ട്രീയം നോക്കി അനര്‍ഹരായവര്‍ക്ക് പോലും വീടും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ സ്വന്തമായി ഭൂമിയും റേഷന്‍കാര്‍ഡും ഉണ്ടായിട്ടും ഇവര്‍ക്ക് ആനുകൂല്യം നിഷേധിക്കുകയാണ്. ഹൃദയസംബദ്ധമായ അസുഖത്തിന് ചികിത്സയിലാണ് വീട്ടമ്മയായ അല്‍ഫോണ്‍സ. തോമസിന് വല്ലപ്പോഴുമുള്ള കൂലിപ്പണിയില്‍ നിന്നും ലഭിക്കുന്ന ഏകവരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോകുന്നത്. സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ നണ്ടിര്ദ്ധന കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: