തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റിന് പിന്നാലെ കസ്റ്റംസും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുടുക്കാനുള്ള ഒരുക്കത്തില്‍. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ശിവശങ്കറിനെതിരെ റിപ്പോര്‍ട്ട് നല്‍കാനാണ് കസ്റ്റംസ് തീരുമാനം. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. കസ്റ്റംസ് കൂടി കേസില്‍ പ്രതി ചേര്‍ത്താല്‍ എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യം ലഭിച്ചാലും ശിവശങ്കറിന് ചിലപ്പോള്‍ പുറത്തിറങ്ങാന്‍ സാധിച്ചേക്കില്ല.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണ് എന്നാണ് കസ്റ്റംസ് നിലപാട്. കുറ്റകൃത്യത്തില്‍ ശിവശങ്കറിന്റെ യഥാര്‍ത്ഥ പങ്കെന്താണെന്ന് നിര്‍ണയിച്ചിട്ടില്ല എന്നും കസ്റ്റംസ് പറയുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നുണ്ട്. പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം തീരുമാനം എടുക്കും.
ഗള്‍ഫിലേക്ക് ഡോളര്‍ കടത്തിയ കേസില്‍ പ്രതിയാക്കാനുള്ള മതിയായ കാരണങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇയാളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ വിജിലന്‍സും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കോടതിയെ സമീപിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: