തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് വകുപ്പിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന തെളിവുകള്‍ പുറത്ത്. സോഫ്റ്റ് വെയറില്‍ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ ട്രഷറി വകുപ്പ് ഡയറക്ടര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച വിവരമറിയിച്ച് കഴിഞ്ഞ നവംബറില്‍ ഡയറക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്കിയ കത്താണ് ഇപ്പോള്‍ പുറത്തായത്.
തട്ടിപ്പില്‍ ഉന്നതര്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പ്രതികരിച്ചത്. അതേസമയം ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ആദ്യം കേസില്‍ കാണിച്ച താല്പര്യത്തില് നിന്നും ഇപ്പോള്‍ പിന്മാറുന്നതിന് പിന്നില്‍.
തട്ടിപ്പ് പുറത്തു വരുന്നതിനും ഒന്‍പത് മാസം മുന്‍പ് കാസര്‍കോട് ജില്ലാ ട്രഷറി ഓഫീസറും ഇതേ പിഴവ് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. വനിതാ സിവില്‍ എക്സൈസ് ഓഫീസറുടെ ട്രഷറി സേവിങ്സ് അക്കൗണ്ടില്‍ നിന്ന് അധികമായി 48,476 രൂപ പിന്‍വലിച്ചതായിരുന്നു വിഷയം. സോഫ്റ്റ് വെയറിലെ പിഴവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസിലായ ജില്ലാ ട്രഷറി ഓഫീസര്‍ ഇക്കാര്യം ട്രഷറി ഡയറക്ടറെ അറിയിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം നല്കിയ മറുപടിയില്‍ സാങ്കേതിക തകരാറാണെന്ന് ശരിവച്ച ഡയറക്ടര്‍ അവരുടെ ശമ്പളം വരുമ്പോള്‍ അധികമായെടുത്ത തുക പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കി ഫയല്‍ ക്ലോസ് ചെയ്യുകയായിരുന്നു. അപ്പോഴെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈ 27ന് നടന്ന 2.73 കോടി രൂപയുടെ തട്ടിപ്പ് നടക്കില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: