ശിവാജി രാജപുരോഹിതനേയും ബ്രാഹ്മണന്മാരേയും നമസ്കരിച്ചു. എല്ലാവരുടേയും ആശിര്‍വാദം വാങ്ങി. സദാചാര നിഷ്ഠനായ ഒരു ബ്രാഹ്മണന് ഗോദാനം ചെയ്തു. കോട്ടയിലെ എല്ലാവരും ശിവാജിയുടെ കൂടെ പുറപ്പെടാന്‍ ആഗ്രഹിച്ചു. എന്നാല്‍ എല്ലാവരോടും കോട്ടയില്‍തന്നെ നില്ക്കാന് സൂചിപ്പിച്ചു. അദ്ദേഹവും ഗദ്ഗദകണ്ഠനായി തീര്‍ന്നു.
അവസാനം ശിവാജി എല്ലാവരേയും ഉദ്ദേശിച്ചു പറഞ്ഞു-സഹോദരന്മാരേ, ഖാനെ കൊന്ന് വിജയിച്ചുവരാം. നിങ്ങള്‍ നിശ്ചിന്തരായിരിക്കുക. ഇനി അഹിതം എന്തെങ്കിലും സംഭവിച്ചാല്‍ സംഭാജിയെ രക്ഷിക്കുക. എന്റെ പിതാവിനെ എന്റെ നമസ്കാരം അറിയിക്കുക. സ്വരാജ്യത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് നയിക്കുക. പിന്നെ ഹൃദയംകൊണ്ടും ഹസ്തംകൊണ്ടും ഭവാനിയെ ധരിച്ചുകൊണ്ട് ദുര്ഗത്തില്നിന്നും താഴോട്ടേക്കിറങ്ങനാരംഭിച്ചു. അദ്ദേഹത്തിന്റെ കൂടെ ജീവാമഹല്‍ കൂടാതെ പത്ത് പുരുഷ വ്യാഘ്രങ്ങളും ഉണ്ടായിരുന്നു. ഇവരെ കാണുമ്പോള്‍ ഭവാനി പത്ത് കരങ്ങളില്‍ ആയുധങ്ങളുമായി പ്രിയ പുത്രനെ രക്ഷിക്കാന്‍ കൂടെ ഇറങ്ങിയിരിക്കുകയാണെന്ന് തോന്നും.
കോട്ടയില്‍ പീരങ്കികളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുവച്ചിരുന്നു. അടുത്തുതന്നെ പന്തവുമായി ഭടന് നില്‍പ്പുണ്ടായിരുന്നു. ഇവിടെ പടകുടീരത്തില്‍ ഖാന് അസ്വസ്ഥനായിരിക്കയാണ്, എന്തുകൊണ്ട് ശിവ ഇതുവരെ വന്നില്ല? ഗോപിനാഥപന്ത് മഹാരാജാവിനെ കൊണ്ടുവരാന്‍ ഒരു മറാഠാ ദൂതനെ അയച്ചു. സ്വയം അവിടുന്ന് എങ്ങോട്ടും മാറിയില്ല. തന്റെ അനുപസ്ഥിതിയില്‍ ഖാന് വഞ്ചന ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയായിരുന്നു അദ്ദേഹത്തിന്.
പകുതിവഴി ഇറങ്ങിവന്ന ശിവാജി പടമണ്ഡപം കണ്ട് അവിടെ നിന്നു. അവിടുന്ന് വന്ന ദൂതനില്‍നിന്നും പടമണ്ഡപത്തിലെ വിവരങ്ങള്‍ ഗ്രഹിച്ചു. ഖാന്റെ കൂടെ സയ്യദ്ബണ്ഡാ ഉണ്ട് എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഹിന്ദുസ്ഥാനത്തില്‍ സുപ്രസിദ്ധനായ ഖഡ്ഗ യോദ്ധാവായിരുന്നു സയ്യദ് ബണ്ഡാ. അപായം പതിയിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി ശിവാജി അവിടെ തന്നെ നിന്നു. ഉടന്‍ ഗോപിനാഥപന്തിനെ അവിടത്തേക്ക് വിളിപ്പിച്ചു. അന്തിമക്ഷണത്തില് ഗോപിനാഥ പന്തിനെ വിളിപ്പിച്ചതില്‍ ഖാന് ആശ്ചര്യവും ആശങ്കയും ഉണ്ടാക്കി.
ഗോപിനാഥപന്ത് ഉടനെ ശിവാജിയുടെ അടുത്തെത്തി. അഫ്സല്‍ഖാന്‍ തനിക്ക് പിതൃതുല്യനാണെങ്കിലും അദ്ദേഹത്തിന്റെ കൂടെ സയ്യദബണ്ഡാ ഉണ്ടെന്ന് കേള്‍ക്കുന്നു. അതുകൊണ്ട് എനിക്ക് ഭയമുണ്ട്. ഖാന് ബണ്ഡയെ മാറ്റി നിര്‍ത്തുകയാണെങ്കില്‍ എനിക്ക് പട മണ്ഡപത്തില്‍ വരാന്‍ സാധിക്കും എന്ന റയിക്കൂ. ശിവാജിയുടെ ദീര്ഘദൃഷ്ടിയെ പ്രശംസിച്ച് തലകുലുക്കി തിരിച്ചുപോയി.പന്ത്ജി ഖാനെ വിവരം അറിയിച്ചു. ഭീരുവായ ശിവയുടെ അവസാനത്തെ നിവേദനമാണിത്. അതു സാധിച്ചുകൊടുക്കാം എന്ന് നിശ്ചയിച്ച് സയ്യദ് ബണ്ഡയെ പുറത്തേക്കയച്ചു.
അതിനുശേഷം ശിവാജി മുന്നോട്ടു നീങ്ങി. ജഗദംബ! ജഗദംബ! എന്ന് ഹൃദയത്തുടിപ്പിന്റെ ശബ്ദം. ദൂരത്തുനിന്നുതന്നെ ശിവാജി, ഖാനെ കണ്ടു, ഖാന് ശിവാജിയേയും. ക്ഷണനേരത്തേക്ക് ഖാന്റെ ഹൃദയത്തുടിപ്പ് നിലച്ചതായി തോന്നി. അടുത്തക്ഷണത്തില്‍ വലിയ സന്തോഷവും, കിട്ടി ശിവയെ കിട്ടി. ആത്യന്തികമായി ഞാന്‍ തന്നെ ഇവനെ പിടിക്കും. ഇവിടുന്ന് അവന് മോചനമില്ല എന്ന് ചിന്തിക്കുകയായിരുന്നു അഫ്സല്‍ഖാന്‍.
ശരീരത്തിന്റെ ഓരോ അവയവവും കണ്ണാക്കിക്കൊണ്ട് ജാഗരൂകതയോടെ രാജേ മണ്ഡപത്തില്‍ പ്രവേശിച്ചു. ഖാനെ നോക്കി രാജേ പുഞ്ചിരിച്ചു. ഖാന് എഴുന്നേറ്റു വന്നു. നിമിഷ നേരത്തേക്ക് പ്രകൃതിയൊന്നു നിലച്ചതുപോലെ മരണത്തിന്റെ ഭീകരമായ നിഴല്‍ എല്ലാടവും വ്യാപിച്ചിരുന്നു. രണ്ടുപേരില്‍ ആരാണ് മൃത്യുദേവന് കൂടുതല്‍ ഇഷ്ടപ്പെട്ടത്? രണ്ട് രാജദൂതന്മാരും അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു.
ഖാന് തന്റെ നിഷ്കപടത തെളിയിക്കാന്‍ വാള് കൃഷ്ണാജി ഭാസ്കരന്റെ കൈയില്‍ കൊടുത്തു. ശിവാജി ഭീരുവാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഖാന് സംസാരിക്കാനാരംഭിച്ചു. ഉപഹാസത്തോടെ ശിവാജിയോട് -എന്താ രാജേ ഇത്? താങ്കളുടെ വൈഭവം ആദില്‍ശാഹയെ അതിശയിപ്പിക്കുന്നതാണല്ലൊ! ബീജാപ്പൂരിന്റെ ഒരു സുബേദാറിന്റെ മകനാണ് താങ്കളെന്ന് മറന്നുപോയൊ?
അനുക്ഷണം ശിവാജി പ്രതിവചിച്ചു-ഖാന്‍ജി ഓരോരുത്തര്‍ക്കും അവരുടെ യോഗ്യതാനുസാരമാണ് ഭാഗ്യോദയമുണ്ടാവുന്നത്. എനിക്ക് ആരെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് പ്രഭു രാമചന്ദ്രനെയാണ്. താങ്കളെ ഞാനെന്തിന് ഭയപ്പെടണം. താങ്കളരാണെന്ന് എനിക്കറിയാം. അതുകേട്ട് അഫ്സല്‍ഖാന്‍ നീയെന്താണിങ്ങനെ അഹങ്കാരത്തോടെ സംസാരിക്കുന്നത്. വളഞ്ഞവഴി നടന്ന് സ്വയംവളഞ്ഞോ! നിന്റെ അഹങ്കാരം അമര്‍ച്ച ചെയ്യാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. കൈവശമുള്ള എല്ലാ കോട്ടകയും എന്നെ ഏല്‍പ്പിക്കണം. താങ്കളെ ബാദുഷായുടെ അടുത്തുകൊണ്ടുപോകാം. അദ്ദേഹത്തിന്റെ മുന്നില്‍ തലകുനിച്ച് നില്‍ക്കണം. താങ്കള്‍ക്ക് ജാഗീര്‍ നല്കിക്കാം. വരൂ, അഹങ്കാരം ഉപേക്ഷിച്ച് അഫ്സല്‍ഖാനെ ആലിംഗനം ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട് രണ്ടു കൈകളും ഉയര്‍ത്തി മുന്നോട്ടുവന്നു. സ്വരാജ്യവും സ്വധര്‍മവും സര്വവൈഭവങ്ങളും ഒറ്റയടിക്ക് വിഴുങ്ങാന്‍ വരുന്ന കാലഭൈരവനെപ്പോലെയായിരുന്നു ഖാന്റെ വരവ്. രാജഗഡില്‍ ഹൃദയം കൈയില്‍ വച്ചിരിക്കുന്ന ജീജാബായിയുടെ പുത്രസൗഭാഗ്യത്തെ ഗ്രഹണം ബാധിച്ചതുപോലെ തോന്നും.
പെട്ടെന്ന് ഖാന് ശിവാജിയെ ആലിംഗനം ചെയ്തു. ഏഴടി ഉയരമുള്ള ഖാന്റെ മുന്നില്‍ ശിവാജി വാമനനായി കാണപ്പെട്ടു. ശിവാജിയുടെ ശിരസ് ഖാന്റെ നെഞ്ച് തൊട്ടുനിന്നു. പെട്ടെന്ന് ഖാന്, ശിവാജിയുടെ കഴുത്ത് കക്ഷത്തിലാക്കി ഒളിച്ചുവെച്ചിരുന്ന കഠാരകൊണ്ട് പുറത്ത് ആഘാതമേല്‍പ്പിച്ചു. ശിവാജി ധരിച്ചിരുന്ന കവചം തകര്‍ന്നുപോയി. ശിവാജിയും മിന്നല്‍ വേഗത്തില്‍ പു
ലിനഖംകൊണ്ട് വയറില്‍ ആഘാതമേല്‍പ്പിച്ചു. ഖാന്റെ പിടുത്തം അയഞ്ഞു. അനുക്ഷണം കഠാരയെടുത്ത് വയറ് കുത്തിക്കീറി. ഖാന് ഉച്ചത്തില്‍ നിലവിളിച്ചു. ഞാന്‍ വഞ്ചിക്കപ്പെട്ടു, കൊല്ലപ്പെട്ടു എന്നിങ്ങനെ. രക്തം ജലപ്രവാഹംപോലെ ഒഴുകി. നിമിഷങ്ങള്‍ക്കകം ഇതെല്ലാം നടന്നു. ഇതെല്ലാം എങ്ങനെ നടന്നെന്ന് ഖാനും മനസ്സിലായില്ല. എല്ലാവരും നോക്കി നില്‍ക്കെ, രണ്ടുപക്ഷത്തേയും അംഗരക്ഷകന്മാര് കേള്‍ക്കെ തന്റെ കുടല് വയറില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ട് ഖാന് മണ്ഡപത്തില്‍ നിന്നും വെളിയിലേക്കോടി. ശത്രു എന്നെ മുറിവേല്‍പ്പിച്ചു. പിടിക്കവനെ, കൊല്ലവനെ എന്നെല്ലാം അലറിവിളിച്ചു.
ഖാന്റെ വാളുമായി ഓടിവന്ന കൃഷ്ണാജി ഭാസ്കര്‍ ശിവാജിയെ ആഞ്ഞുവെട്ടി. അയാളുടെ വെട്ടില്‍നിന്നും ഒഴിഞ്ഞുമാറി ശിവാജി പറഞ്ഞു ബ്രാഹ്മണനെ വധിക്കില്ല. എന്റെ മുന്നില്‍നിന്നു മാറി പോകൂ. എന്നാല്‍ കൃഷ്ണാജി വീണ്ടും വീണ്ടും ശിവാജിയെ ആക്രമിച്ചുകൊണ്ടിരുന്നു. ഇദ്ദേഹം മാപ്പര്‍ഹിക്കുന്നില്ല എന്ന് നിശ്ചയിച്ച് ശിവാജി കൃഷ്ണാജിയെ ഒറ്റവെട്ടിനു കൊന്നു.
അപ്പോഴേക്കും വെളിയില്‍നിന്നും സയ്യദ് ബണ്ഡാ ഓടി മണ്ഡപത്തില്‍ പ്രവേശിച്ചു. അതുകണ്ട ജീവാമഹല്‍ മിന്നല്‍പോലെ പിറകെ ഓടി. ശിവാജിയെ ആഞ്ഞുവെട്ടുന്ന സയ്യദ് ബണ്ഡായുടെ കൈക്ക് ജീവാമഹല്‍ ആഞ്ഞുവെട്ടി, വാള് സഹിതം ബണ്ഡായുടെ വലതുകൈ നിലംപതിച്ചു. ഈ കോലാഹലത്തിനിടയില്‍ കുടല് വയറ്റിലാക്കാന്‍ ശ്രമിച്ചുകൊണ്ട് മണ്ഡപത്തില്‍ നിന്നും ഖാന് പുറത്തുവന്നു. ശിവാജി ഒറ്റക്കുതിപ്പിന് ഖാന്റെ അടുത്തെത്തി ഭവാനി ഖഡ്ഗം കൊണ്ട് ഖാന്റെ തലവെട്ടിയെടുത്തു. തലയുമായി ശിവാജി കോട്ടയിലേക്കോടി. ഖാന്റെ അംഗരക്ഷകന്മാരെ ശിവാജിയുടെ അംഗരക്ഷകന്മാര് വെട്ടിനുറുക്കിക്കളഞ്ഞു. അവരും മഹാരാജാവിന്റെ പിറകെ കോട്ടയിലേക്കോടി. ശിവാജിയുടെ പത്ത് അംഗരക്ഷകരില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല. ഖാന്റെ പത്ത് അംഗരക്ഷകരില്‍ ആരും ജീവിച്ചിരിപ്പില്ല.
അപ്പോഴതാ ജാവളി പ്രദേശത്തെ ഗിരിശിഖരങ്ങളെയും പാതാളങ്ങളെയും നിബിഡവനത്തെയും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കോട്ടയുടെ മുകളില്‍ നിന്ന് പീരങ്കികള്‍ ഗര്‍ജിക്കുന്നു. ഖാനുമായുള്ള കൂടിക്കാഴ്ചയുടെ ഗൗരവത്തിനായി പീരങ്കി ശബ്ദിക്കുന്നതായിരിക്കുമെന്ന് ഖാന്റെ സൈനികര്‍ കരുതി. കൂടിക്കാഴ്ച ആനന്ദത്തോടെ നടക്കുന്നു എന്നാണവര്‍ കരുതുന്നത്. സന്തോഷത്തോടെ മദ്യപാനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ ശബ്ദം വനത്തില്‍ നിശ്ശബ്ദരായി പ്രതീക്ഷിച്ചിരിക്കുന്ന മറാഠാ വീരന്മാര്ക്കുള്ള രണദുര്ഗയുടെ യുദ്ധാഹ്വാനമായിരുന്നു.
ഖാന് തുളജാ ഭവാനിയുടെ വിഗ്രഹം തകര്‍ക്കുമ്പോള്‍ നിന്റെ വൈഭവം കാണിക്കൂ, ശക്തി തെളിയിക്കൂ എന്ന് വെല്ലുവിളിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഭവാനീ ദേവീ തന്റെ മഹിമ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചിരിക്കുന്നു.
പണ്ട് ഹിരണ്യകശിപു എന്ന അസുരന് തന്റെ മകനായ പ്രഹ്ലാദനോട് നിന്റെ നാരായണന് എവിടെയാണെന്ന് ചോദിച്ചിരുന്നു. അപ്പോള്‍ തൂണു പിളര്‍ന്ന് നരസിംഹം അവതരിച്ചതുപോലെ ഇന്ന് ഖാനെന്ന അസുരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിരിക്കുന്നു.
ഓരോ മറാഠാ വീരനും നരസിംഹാവതാരം എടുത്തിരിക്കുകയായിരുന്നു. ഇതുവരെ ചെയ്ത അവര്‍ണനീയങ്ങളായ അത്യാചാരങ്ങള്‍ക്ക് പലിശ സഹിതം മറുപടികൊടുക്കണമായിരുന്നു. ആനന്ദലഹരിയില്‍ മഗ്നരായിരുന്ന ഖാന്റെ സൈനികരുടെ മേല്‍ ആക്രമണം നടത്തുന്ന മറാഠാവീരന്മാരുടെ ആവേശം വര്‍ണനാതീതമായിരുന്നു.
സാക്ഷാത് രണചണ്ഡിയായ ഭഗവതീ ഭവാനീ തന്റെ ആയിരം കരങ്ങള്‍കൊണ്ട് ദൈത്യസംഹാരം ചെയ്യുകയായിരുന്നു. നേതാജി പാല്ക്കര് സാക്ഷാല്‍ യമരാജനെപ്പോലെ തന്റെ പരാക്രമം പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. കഴുത്തില്‍നിന്നും തെറിച്ചുവീഴുന്ന തലയോടൊപ്പം അതിനെ പിന്തുടര്ന്ന് രക്തപ്രവാഹം കൃഷ്ണാ-കോയിനാ നദികളിലെ പ്രവാഹത്തെ രക്തവര്ണമുള്ളതാക്കിത്തീര്ത്തു. ഖാന്റെ സൈനികര്‍ക്ക് ഓടാന്‍പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഖാന്റെ മരണവാര്‍ത്ത അറിഞ്ഞ മറാഠാ സൈനികരുടെ യുദ്ധോത്സാഹം ഒന്നുകൂടി വര്‍ധിച്ചു. വളരെയധികം യുദ്ധസാമഗ്രികളും ധനരാശിയും ശിവാജിയുടെ അധീനതയിലായി. വളരെയധികം ശത്രുസൈനികര്‍ ആയുധം വെച്ചു കീഴടങ്ങി. അഫ്സല്‍ഖാന്റെ പുത്രന് ഫാജല്‍ഖാനും മുസേര്ഖാനും വനത്തിലേക്ക് ഓടി ഒളിച്ചു. ഖാന്റെ സേനാ സാഗരത്തെ ഒറ്റയടിക്ക് ശോഷിപ്പിച്ച ശിവാജി അഗസ്ത്യനെപ്പോലെ ശോഭിച്ചു.
(തുടരും)
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: