കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനെ തീരുമാനിച്ചതില്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. വര്‍ഷങ്ങളായി നിലനിര്‍ത്തിപോന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂരുകാരനല്ലാത്ത ഒരു നേതാവ് കടന്നുവന്നത് കണ്ണൂരില്‍ നിന്നുളള പല നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയാണ്.
കാലങ്ങളായി സെക്രട്ടറി സ്ഥാനം വഹിച്ചു വരുന്ന കണ്ണൂരില്‍ നിന്നുളള നേതാക്കളുടെ പിന്‍ബലത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ഒന്നാകെ കണ്ണൂര്‍ ലോബിയിലെ നേതാക്കളാണ് നിയന്ത്രിച്ചു വരുന്നത്. തെരഞ്ഞെടുപ്പുകളില്‍ ആരു മത്സരിക്കണം എന്ന് തുടങ്ങി ആരൊക്കെ മന്ത്രിമാരാകണം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം തുടങ്ങി സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തെ പൂര്‍ണ്ണമായി എല്ലാ കാലത്തും നിയന്ത്രിച്ചിരുന്നത് കണ്ണൂരില്‍ നിന്നുളള നേതാക്കളായിരുന്നു. ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത നേതാക്കള്‍ വിജയരാഘവനെ സെക്രട്ടറിയാക്കിയതിലുളള തങ്ങളുടെ അതൃപ്തി പാര്‍ട്ടിക്കുളളില്‍ രേഖപ്പെടുത്തിയതായാണ് വിവരം.
വിജയരാഘവന്റെ സെക്രട്ടറി സ്ഥാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതോടെ താത്കാലികമായെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കണ്ണൂരിലെ നേതാക്കളില്‍ നിന്നും കൈവിട്ടു കഴിഞ്ഞു. കോടിയേരിയുടെ സ്ഥാനമൊഴിയലിന് ചികിത്സയാണ് പറയുന്ന കാരണമെങ്കിലും രാഷ്ര്ടീയമായ കാരണങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. 1992-ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് കണ്ണൂരിന് പുറത്തു നിന്നും അവസാനമായി സിപിഎം സെക്രട്ടറി സ്ഥാനത്ത് എത്തിയത്. അതിനുശേഷം പതിനാറു വര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയനു പിന്നാലെ 2015 ഫെബ്രുവരി 23 മുതല്‍ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്.
പിണറായി വിജയന് സെക്രട്ടറി ആയതിനുശേഷമാണ് സിപിഎമ്മിലെ കണ്ണൂര്‍ ലോബി ശക്തമായി പിടിമുറുക്കിയത്. പാര്‍ട്ടിയില്‍ വി.എസ് പക്ഷത്തെ ഒതുക്കുന്നതിനടക്കം നേതൃത്വം നല്‍കിയത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കി കൊണ്ട് ഇ.പി. ജയരാജന്, എം.വി. ജയരാന്, പി. ജയരാജന് എന്നിവരും പിണറായിയും കോടിയേരിയും പാര്‍ട്ടിയിലെ അവസാനവാക്കായി മുന്നോട്ടു പോവുകയായിരുന്നു. ഇടക്കാലത്ത് കണ്ണൂര്‍ ലോബിയില്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിള്ളല്‍ സൃഷ്ടിച്ചെങ്കിലും കോടിയേരിയടക്കമുളള മറ്റുളള നേതാക്കള്‍ പിണറായിയുടെ ഇംഗിതത്തിനനനുസരിച്ച് പാര്‍ട്ടിയെ ഭരിക്കുകയായിരുന്നു.
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുളള മറ്റൊരു നേതാവായ എം.വി. ഗോവിന്ദന് ആ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു കണ്ണൂര്‍ നേതാക്കളുടേയും അണികളുടേയും വിശ്വാസം. മന്ത്രി ഇ.പി. ജയരാജന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി കൊണ്ടാണ് പാര്‍ട്ടിയിലെ ദുര്‍ബലനായ ഒരു നേതാവ് എന്നു പറയാവുന്ന എ. വിജയരാഘവന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഇതോടെ പാര്‍ട്ടിയുടെ അധികാരം കണ്ണൂരില്‍ തന്നെ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ച കണ്ണൂര്‍ ലോബിയിലെ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത്, മയക്കുമരുന്നുകടത്ത് കേസുകള്‍ ആയുധമാക്കി പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ച തെക്കന്‍ ലോബിക്ക് പുതിയ നീക്കം നേട്ടമായിരിക്കുകയാണ്. അതേസമയം കണ്ണൂരിലെ നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം ലഭിക്കാതെ പോയതിനു എം.വി. ജയരാജന്, ഇ.പി. ജയരാജന്, എം.വി. ഗോവിന്ദനടക്കമുളള നേതാക്കള്‍ക്കിടയില്‍ ഏതാനും നാളുകളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് കാരണമെന്ന വിവരവും പുറത്തു വരുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ ആരോപണ വിധേയരായ പിണറായിയേയും കോടിയേരിയേയും പ്രതിരോധിക്കാന്‍ കണ്ണൂരിലെ മറ്റ് നേതാക്കള്‍ മുന്നോട്ടു വരാത്തതിലുളള പ്രതികാരമാണ് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം നല്‍കാത്തതിന് പിന്നിലെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയുണ്ട്. ഇരുവരും വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണ് വിജയരാഘവനെ സെക്രട്ടറിയാക്കിയതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: