ആര്‍പ്പൂക്കര(കോട്ടയം): അധികൃതരുടെ അവഗണനയില്‍ കൊറോണ രോഗി ആശുപത്രിക്ക് പുറത്ത് കഴിയേണ്ടി വന്നത് 16 മണിക്കൂര്‍. ജില്ലാ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച കൊറോണ രോഗിയോടൊപ്പം എത്തിയ ബന്ധുവായ മറ്റൊരു രോഗിയോടാണ് ആശുപത്രി അധികൃതരുടെ അവഗണന.
ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളേജ് പുതിയ അത്യാഹിത വിഭാഗത്തിലെ കൊറോണ വാര്‍ഡിലായിരുന്നു സംഭവം. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തറ സ്വദേശിനിയായ 45 കാരിയേയും, ഭര്‍തൃമാതാവിനെയും പാലാ കൊറോണ സെന്ററിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ശ്വാസതടസം ഗുരുതരമായതിനെ തുടര്‍ന്ന് മാതാവിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ഇവിടെ നിന്നും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മാതാവിനൊപ്പം കൊറോണ രോഗ ബാധിതയായ മരുമകളും ഉണ്ടായിരുന്നു.
ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലാതിരുന്നതിനാല്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചു. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മടങ്ങുകയും ചെയ്തു. തുടര്‍ന്ന് മാതാവിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊറോണ രോഗിയായ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.
ഇതെക്കുറിച്ച് രോഗിയുടെ ബന്ധുക്കള്‍ ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ പാലായിലേക്ക് തിരികെപ്പോവുകയോ, അല്ലെങ്കില്‍ ആരും അറിയാതെ വീട്ടില്‍പ്പോയി ചികിത്സയില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് മറുപടി ലഭിച്ചത്. ഈ സമയം രോഗിയായ 45 കാരി മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആശുപത്രി ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് പാലാ നോഡല്‍ ഓഫീസറെ ബന്ധുക്കള്‍ വിളിച്ചെങ്കിലും അദ്ദേഹത്തെയും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ വരെ ഇവര്‍ ആശുപത്രിക്ക് സമീപമുള്ള ഒരു കെട്ടിടത്തിന്റെ മരചുവട്ടില്‍ കുത്തിയിരുന്നു. വ്യാഴാഴ്ച പതിനൊന്നരയോടെയാണ് ഇവരെ പാലയിലെ കൊറോണ സെന്ററിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: