തിരുവല്ല: ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും നിലയ്ക്കല്‍-പമ്പാ പാതയിലെ മലയിടിച്ചില്‍ ഭീഷണിക്ക് പരിഹാരമായില്ല. ആഗസ്റ്റിലെ അതിതീവ്രമഴയില്‍ വിണ്ട് കീറിയ റോഡിന് മുകളിലുള്ള മല എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാം. വിണ്ട് കീറിയ റോഡ് താത്ക്കാലിക അടിസ്ഥാനത്തില്‍ അറ്റക്കുറ്റപ്പണി നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ടെണ്ടര്‍ വൈകിയതിനാല്‍ വിണ്ട് കീറിയ റോഡ് പൊളിച്ച് പണിയാന്‍ ഇനി സമയമില്ലെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. മണ്ഡലക്കാലത്തിന് ശേഷം മാത്രമായിരിക്കും റോഡ് പൊളിച്ച് പണിയുന്നത്. 60 മീറ്റര്‍ നീളത്തിലാണ് റോഡ് വിണ്ട് കീറിയത്.
തുലാമഴ ശക്തിപ്പെട്ടാല്‍ നിലയ്ക്കല്‍ -പമ്പ പാതയിലൂടെയുള്ള യാത്ര അപകടകരമാകും. വനമേഖലയില്‍ അതിതീവ്ര മഴയ്ക്കൊപ്പം ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് സെസില്‍ നിന്നുള്ള സംഘം നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു. എന്നാല്‍ മലയിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ ജില്ലാഭരണകൂടം മൗനം പാലിക്കുകയാണ്. വനംവകുപ്പിന്റെ ഭൂമി ആയതിനാല്‍ ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകള്‍ക്ക് ഒന്നും ചെയ്യാനും സാധിക്കുന്നില്ല. തീര്‍ത്ഥാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് അധികൃതര്‍ പറയുന്നത്.
അതേ സമയം വിണ്ടു കീറിയ റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്. ഏഴ് മീറ്റര്‍ ആഴത്തിലും 110 മീറ്റര്‍ നീളത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മിച്ചത്. സംരക്ഷണഭിത്തി നിര്‍മാണത്തിന് വനഭൂമി വിട്ട് കിട്ടിയിരുന്നു. എന്നാല്‍ വിണ്ട് കീറിയ റോഡ് പൊളിച്ച് പണിയാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ യാത്ര ചെയ്ത് തുടങ്ങുമ്പോള്‍ തകരാന്‍ സാധ്യതയുണ്ട്.തുലാമഴ പെയ്ത് തുടങ്ങിയാല്‍ ഭൂമിക്കടിയിലൂടെ ഉറവയ്ക്കും സാധ്യതയുണ്ട്. ഇതെല്ലാം റോഡിന്റെ ബലക്ഷയത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: