പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്ണയത്തെച്ചാല്ലി പാലക്കാട്ട് സിപിഎം-സിപിഐ തര്‍ക്കം രൂക്ഷം. തുടര്‍ന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ സീറ്റ് വിഭജനത്തിന്റെ പേരില്‍ സിപിഎമ്മിനോട് തമ്മില്‍ മത്സരിക്കാനിറങ്ങി.
പല വാര്‍ഡുകളിലും സിപിഎമ്മിന് മുമ്പേ സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വം ഇടപെട്ടെങ്കിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സിപിഐ. മാത്രമല്ല സിപിഎമ്മിനകത്തെ പോര് മുറുകിയതും പാര്‍ട്ടിക്ക് തലവേദനയായി. പലസ്ഥലങ്ങളിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാത്തത്തും സിപിഎമ്മിന് തിരിച്ചടിയായി.
മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളിലാണ് സിപിഎമ്മിനെതിരെ സിപിഐ രംഗത്തുള്ളത്. ഇവിടെ മിക്ക പഞ്ചായത്തുകളിലും സിപിഐയും-സിപിഎമ്മും തമ്മില്‍ പോര് രൂക്ഷമാണ്.
മണ്ണാര്‍ക്കാട് നഗരസഭയില്‍ സിപിഎമ്മിന്റെ ഏഴ് വാര്‍ഡുകളിലടക്കം 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സിപിഐ തീരുമാനം. കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ഒരു തരത്തിലുള്ള നീക്കുപോക്കുകള്‍ക്കും തയ്യാറാല്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. ഇന്ന് ചേരുന്ന യോഗത്തില്‍ പ്രശ്നം പരിഹരിക്കാന്‍ സാധ്യതയുണ്ടെങ്കിലും വോട്ടെടുപ്പ് ദിവസം പരസ്പരം കാലുവാരുമോയെന്ന സംശയത്തിലാണ്.
ചെര്‍പ്പുളശ്ശേരി നെല്ലായ പഞ്ചായത്തില്‍ പ്രശ്നംഒത്തുതീര്പ്പാക്കിയെങ്കിലും ഇന്നലെ വീണ്ടും പ്രശ്നം തുടങ്ങി. മലമ്പുഴയില്‍ സിപിഎം കാലുവാരിയെന്ന ആരോപണമാണ് സിപിഐ ഉന്നയിക്കുന്നത്. സിപിഐക്ക് നല്‍കാമെന്ന് പറഞ്ഞ സീറ്റ് കേരള കോണ്‍ഗ്രസുകാര്‍ക്ക് കൊടുത്തതാണ് ചൊടിപ്പിച്ചത്. മണ്ണൂര്‍ പഞ്ചായത്തില്‍ സിപിഎമ്മുംസിപിഐയും തനിച്ചാണ് മത്സരിക്കുന്നത്. പട്ടാമ്പി വല്ലപ്പുഴയിലും സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ട്.
ഒറ്റപ്പാലം നഗരസഭയില്‍ സീറ്റ് വച്ചുമാറ്റാം എന്ന സിപിഎം നിലപാടിനെ എതിര്‍ത്ത് സിപിഐ. പതിവായി മത്സരിക്കുന്ന വാര്‍ഡുകള്‍ മാറുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഐ. സിപിഐയുടെ ഈസ്റ്റ് ഒറ്റപ്പാലത്തെ കോലോത്ത്കുന്ന് (എട്ടാംവാര്‍ഡ്) ഏറ്റെടുത്ത് കുംഭാരന്കുന്ന് (24) നല്‍കാനുള്ള സിപിഎം നീക്കത്തെ ചൊല്ലിയാണ് തര്‍ക്കം. ഇവിടെ സീറ്റ് ധാരണയായില്ലെങ്കില്‍ നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സിപിഐ നീക്കം.
ഷൊര്‍ണൂരും പ്രശ്നം രൂക്ഷമാണ്. സ്ഥാനാര്‍ത്ഥി നിര്ണയപട്ടികയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിയാണ്. ഷൊര്‍ണൂര്‍ നഗരസഭയിലെ മുന്‍ അധ്യക്ഷനും, ജില്ലാകമ്മിറ്റി അംഗവുമായ എം.ആര്. മുരളിയെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഷൊര്‍ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി നല്‍കിയത്. ഇത് ഒറ്റപ്പാലം ഏരിയാകമ്മിറ്റി അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. എ.കെ. ബാലന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല. ഇതുസംബന്ധിച്ച് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.
മൂന്ന് പ്രാവശ്യം മത്സരിച്ച് രണ്ട് തവണ വിജയിച്ചവര്‍ക്ക് ഇത്തവണ അവസരം നിഷേധിച്ചത് പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പിന് കാരണമായി. പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണം വിജയിക്കില്ലെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. പാലക്കാട് നഗരസഭയില്‍ മൂന്നാംസ്ഥാനത്തുള്ള സിപിഎമ്മിന് മിക്കവാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടിയിട്ടില്ല. ബിജെപിയും, യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: