അവസാനം അത് സംഭവിച്ചു. കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് പുറത്തായി. അനാരോഗ്യമാണ് കാരണമായി പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നത്. അങ്ങിനെയേ അവര്‍ക്ക് പറയാനാവൂ. മക്കള്‍ വിചാരിച്ചാല്‍ ഒരു രാഷ്ട്രീയ നേതാവിനെ എങ്ങിനെയൊക്കെ തകര്‍ക്കാം എന്നതിന് കോടിയേരിയേക്കാളേറെ നല്ല ഉദാഹരണം അടുത്തകാലത്തൊന്നും കേട്ടതോര്മ്മയില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പദം പോലും മനസിലേറ്റിയ സഖാവാണ് കണ്ണീരുമായി പാതിവഴിയില്‍ ഇറങ്ങിനടക്കുന്നത്.
കുറെ സ്മരണകള്‍ മനസ്സില്‍ ഓടിയെത്തുന്നു. ആദ്യമായി കോടിയേരി ബാലകൃഷ്ണനെ കാണുന്നത് 1977 -78 കാലഘട്ടത്തിലാണ്. ജനതാ പാര്‍ട്ടിയുടെ ഭരണമുള്ള കാലം. ഞാനൊക്കെ വിദ്യാര്‍ഥി ജനതയുടെ കാര്യകര്‍ത്താവാണ്. എറണാകുളം നോര്‍ത്തിലെ മാതാ ടൂറിസ്റ്റ് ഹോം ആയിരുന്നു ജനത പാര്‍ട്ടി നേതാക്കളുടെ ഒരു കേന്ദ്രം. സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കോടിയേരി ആ ഹോട്ടലിലെത്തിയത്. അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹം. അന്നുതന്നെ ഒത്ത ശരീരം, നല്ല ഉയരം. പിന്നെ പടിപടിയായി വളര്‍ച്ച.
പിണറായി വിജയന് സെക്രട്ടറി പദമൊഴിഞ്ഞപ്പോള് സ്വാഭാവികമായും അവിടേക്ക് പരിഗണിക്കപ്പെട്ടത് കോടിയേരിയാണ്. കാരണങ്ങള്‍ പലതുമുണ്ടാവാം. എന്നാല്‍ കണ്ണൂരുകാരന്, അതിലുപരി പിണറായിക്ക് ഏറെ വിശ്വസ്തന് എന്നതൊക്കെ വലിയ ഘടകമായിരുന്നു. പിണറായിയോടുള്ളത്ര ശത്രുത വി.എസ്. അച്യുതാനന്ദന് കോടിയേരിയോട് ഉണ്ടായിരുന്നില്ല എന്നതും എടുത്തുപറയണം. പാര്‍ട്ടിയില്‍ പിണറായിക്ക് മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നയാളായിരുന്നു കോടിയേരി. അതിനുമുമ്പേ മറ്റു പല സീനിയര്‍ നേതാക്കളെയും മറികടന്നു പിബിയിലേക്കും അദ്ദേഹമെത്തി. പിബി അംഗമായി താന്‍ നിയുക്തനായതിനെക്കുറിച്ച് പാര്‍ട്ടി ചാനലിന് അദ്ദേഹം കൊടുത്ത അഭിമുഖമോര്ക്കുന്നു. പാര്‍ട്ടി തീരുമാനമെന്നൊക്കെ പറഞ്ഞുകൊണ്ടാണെങ്കിലും ആ പദത്തിലെത്താന്‍ തന്നേക്കാള്‍ യോഗ്യതയുള്ള വേറെയാരുണ്ട് എന്ന ഭാവം ആ മുഖത്തു പ്രകടവുമായിരുന്നു.
മക്കള്‍ മാഹാത്മ്യം ഇത്രത്തോളമാവുമ്പോള്
ഒരാളുടെ മക്കള്‍ എങ്ങനെയാവണം എന്നത് മാതാപിതാക്കള്‍ക്ക് നിശ്ചയിക്കാന്‍ കഴിയാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നൊക്കെ വാദിക്കുന്നവരുണ്ടാവാം. നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ അത്രയേറെ മാറ്റമുണ്ടായിട്ടുണ്ട് എന്നൊക്കെ പറയുന്നതും കേള്‍ക്കാം. പ്രായമേറെയാവണ്ട, കുട്ടികള്‍ സ്വാതന്ത്ര്യം കാണിക്കാന്‍ തുടങ്ങുന്നു എന്നും മറ്റും. കുട്ടികള്‍ക്ക് സ്വതന്ത്രമായി ഇടപെടാനൊക്കെ കഴിയുന്ന സാഹചര്യങ്ങള്‍ കുറെയൊക്കെ ഇന്നുണ്ട്. എന്നാലും എന്താണ് മകന് അല്ലെങ്കില്‍ മകള്‍ ചെയ്യുന്നത് എന്നതൊക്കെ അന്വേഷിക്കാത്ത അച്ഛനും അമ്മയും ഉണ്ടാവുമോ? ഇവിടെ കോടിയേരിയുടെ രണ്ടു മക്കളും വിവാദങ്ങളില്‍ കുടുങ്ങിയത് ഒരിക്കലല്ലല്ലോ. ഒന്നിനുപുറകെ മറ്റൊന്നെന്ന വണ്ണം എന്തൊക്കെ കണ്ടു, കേട്ടു. അതൊക്കെ ഇവിടെ വിശദീകരിക്കേണ്ടതില്ല. എന്നാല്‍ ചിലതൊക്കെ സൂചിപ്പിക്കാതെ പോകാനുമാവില്ല… യുഎഇയില്‍ നിന്ന് അറബി എത്തിയത് കോടികളുടെ കഥകളുമായല്ലേ? മുംബൈയില്‍ ഒരു ബീഹാറി യുവതി പറഞ്ഞതൊക്കെ ഇന്നും പൊതുമണ്ഡലത്തിലില്ലേ? ഇതൊക്കെ ഒത്തുതീര്‍ക്കാന്‍ സാധിച്ചത് അയാള്‍ കോടിയേരിയുടെ മകന് ആയതുകൊണ്ടുമാത്രമല്ല മുതിര്‍ന്ന സിപിഎം നേതാവിന്റെ പുത്രനായതുകൊണ്ടുമാണ്. അന്ന് പ്രശ്ന പരിഹാരത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തത് എന്താണെന്ന് ഇനിയും പുറത്തു പറയേണ്ടതായുണ്ട്.
അതിനു പിന്നാലെയാണ് അടുത്തയാളുടെ ‘അപസര്‍പ്പക കഥകള്‍’ ലോകം കണ്ടതും കേട്ടതും. അത് എവിടെവരെ എത്തി എന്ന് പറയാറായിട്ടില്ല. അയാള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മുഴുവന്‍ പുറത്തുവന്നിട്ടില്ല എന്നര്‍ത്ഥം. ആ പുത്രനിപ്പോള്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ്. ഇയാള്‍ക്കൊപ്പമാണ് കോടിയേരി തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. വിവാദമേറെയായപ്പോള് പാര്ട്ടിഫ്ളാറ്റിലേക്ക് താമസം മാറ്റിയെന്ന് മാത്രം. അതുകൊണ്ട്, ഒന്നും തനിക്കറിയില്ലായിരുന്നു എന്ന് പറഞ്ഞൊഴിയാന്‍ അദ്ദേഹത്തിന് എളുപ്പമാണോ? മകന് ഏറെ വിലപിടിപ്പുള്ള കാറില്‍ ഇടയ്ക്കിടെ വീട്ടിലെത്തിയാല്‍, കോടികളുടെ ബിസിനസ് നടത്തുമ്പോള്‍ ഒക്കെ ഒരു പിതാവ് അഭിമാനം കൊള്ളുന്നത് നല്ലതാണ്. എന്നാല്‍ അതിനൊപ്പം ഇതൊക്കെ വാങ്ങാനുള്ള വരുമാനം നിനക്ക് എവിടെനിന്ന് കിട്ടി എന്ന് ആരായേണ്ടത് ഒരു അച്ഛന്റെ ധാര്‍മ്മിക ചുമതലയല്ലേ? അത് ചെയ്തില്ലെങ്കില്‍ അയാള്‍ ചുമതല നിര്‍വഹിച്ചു എന്ന് പറയാനാവുമോ? ഈ മകന്റെ വീട്ടില്‍ നിന്നാണ് ബാംഗ്ലൂരില്‍ മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയുടെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് കണ്ടുകിട്ടിയത്. ആ കാര്‍ഡ് ഉപയോഗിച്ചിരുന്നത് തിരുവനന്തപുരത്താണ് എന്നും തിരിച്ചറിഞ്ഞു. ആരൊക്കെ എവിടേയൊക്കെ അതുപയോഗിച്ചു എന്നതും വ്യക്തമായിരിക്കണം. എന്താണിത് നല്കുന്ന സൂചനകള്‍?
ആരോഗ്യകരണങ്ങളാലാണ് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഒഴിയുന്നത് എന്ന് പറയുമ്പോഴും കാരണങ്ങള്‍ വേറെയാണ് എന്ന് വ്യക്തം. മകനുള്‍പ്പെട്ട അന്വേഷണം പാര്‍ട്ടി സെക്രട്ടറിയിലേക്ക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് നീങ്ങുന്നു എന്നതു തന്നെയാവണം കാരണം. ഇക്കാര്യം സിപിഎമ്മിന് സ്വാഭാവികമായും പുറത്തു പറയാനാവുകയില്ലല്ലോ. അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട് എന്നത് ശരിയാണ്. ചികിത്സ മുന്‍പ് നടന്നത് അമേരിക്കയിലാണ്. അവിടേക്ക് വീണ്ടും പോകുന്നത് അന്വേഷണ ഏജന്‍സികളെ ഒഴിവാക്കാനല്ല എന്ന് പാര്‍ട്ടി സഖാക്കള്‍ക്ക് നാളെ നെറ്റിയിലെഴുതി ഒട്ടിക്കേണ്ടതായി വരും. പാര്‍ട്ടി പ്ലീനം നിര്‍ദ്ദേശിച്ചത് പ്രകാരമാണ് എന്നും പറഞ്ഞുനടക്കാം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങിയല്ലോ. യുദ്ധം തുടങ്ങി എന്നര്‍ത്ഥം. യുദ്ധ മുന്നണിയില്‍ നിന്നാണ് പടനായകന് ഓടിപ്പോകുന്നത്. നാണക്കേടും മാനക്കേടും കൊണ്ട് പുറത്തിറങ്ങി പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എത്തിപ്പെട്ടു. ഇങ്ങനെയൊരവസ്ഥ മുന്‍പ് ഒരു സിപിഎം സെക്രട്ടറിക്കുമുണ്ടായിട്ടുണ്ടാവില്ല. കേരളത്തില്‍ ഒരു പാര്‍ട്ടിയുടെയും തലപ്പത്തിരിക്കുന്ന നേതാക്കള്‍ക്ക് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കില്ല. അതാണ് കോടിയേരിയുടെ ദുഃഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: