തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജില്‍ പാര്‍ട്ടിക്കാരിയായ അധ്യാപികയെ വൈസ് പ്രിന്‍സിപ്പാളാക്കി നിയമിച്ചതിനെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നത. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്. ബിന്ദുവിനെയാണ് വൈസ് പ്രിന്‍സിപ്പാളാക്കി നിയമിച്ചത്. ജന്മഭൂമിയാണ് ഇക്കാര്യം ആദ്യം വാര്‍ത്ത നല്‍കിയത്.
സിപിഎം നിയന്ത്രണത്തിലുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡാണ് കോളേജ് മാനേജ്മെന്റ്. നിയമനത്തെച്ചൊല്ലി സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. ജില്ലാ കമ്മിറ്റി അറിയാതെയാണ് നിയമനമെന്നത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇടത്പക്ഷത്തോടൊപ്പം നില്ക്കുന്ന ഒരു വിഭാഗം അധ്യാപകരും നിയമനത്തിനെതിരെ ശക്തമായ നിലപാടിലാണ്.
പ്രിന്‍സിപ്പാളിനെ മറികടന്ന് വിപുലമായ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിന് നല്‍കിയത് അധ്യാപകര്‍ക്കിടയിലും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോടികള്‍ ചെലവിട്ട് കിഫ്ബി വഴി കോളേജില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ചുമതല വൈസ് പ്രിന്സിപ്പാളിനായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. നാക് ഉള്‍പ്പെടെയുള്ള അക്രഡിറ്റേഷന് പ്രവര്‍ത്തനങ്ങളുടെ ചുതലയും വൈസ് പ്രിന്‍സിപ്പാളിനായിരിക്കുമെന്നാണ് ഉത്തരവ്. പ്രിന്‍സിപ്പാളിനെ നോക്കുകുത്തിയാക്കിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത് പാര്‍ട്ടിയുടെ സാധ്യതയെ ബാധിക്കുമെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പല നേതാക്കളും തുറന്നടിച്ചു. ഡോ.ആര്. ബിന്ദു തൃശൂര്‍ കോര്‍പ്പറേഷന്റെ മുന്‍ മേയറാണ്. ഇക്കുറി ബിന്ദുവിനെ മത്സരിപ്പിക്കണമെന്ന് നിര്‍ദേശമുയര്‍ന്നെങ്കിലും സീനിയര്‍ നേതാക്കള്‍ തന്നെ തടയിട്ടു. അതിന് പിന്നാലെയാണ് നിയമന വിവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: