കൊല്ലം: ജന്മഭൂമിയില് പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലൂടെ സദാനന്ദാശ്രമത്തെക്കുറിച്ചും സദാനന്ദ സ്വാമികളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനായി. ആശ്രമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഉത്കണ്ഠ സൃഷ്ടിക്കുന്നു. കാവും ക്ഷേത്രവും വിശാലമായ പറമ്പും ഔഷധസസ്യങ്ങളുമൊക്കെയുള്ള ആശ്രമത്തെ അതിന്റെ ജൈവ ഘടനയില്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. പന്മന ആശ്രമം അത്തരത്തിലൊന്നാണെന്ന് പറയാം.
കേരളത്തിന്റെ സാമൂഹിക മാറ്റത്തില്‍ സദാനന്ദസ്വാമികള്ക്കുള്ള പങ്ക് ചെറുതല്ല. ഹൈന്ദവ ധര്‍മപ്രചാരണവും സംരക്ഷണവും ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കാലത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ സന്ന്യാസിവര്യന്മാരും നിഷ്ക്രിയരായി. നിഷ്ക്രിയത്വം സമാജത്തിന് തന്നെ ദോഷം ചെയ്യുന്നതാണ്. ഒരു ആചാര്യനിലൂടെയോ ഒരു മതഗ്രന്ഥത്തിലൂടെയോ അനായാത്ര ചെയ്യുന്ന സമൂഹമല്ല, ഹൈന്ദവ സമൂഹം. അനേകം ആചാര്യന്മാരിലൂടെയും ആശ്രമങ്ങളിലൂടെയും ആരാധാനാകേന്ദ്രങ്ങളിലൂടെയുമാണ് അതിന്റെ വേരുകള്‍ കടന്നുപോകുന്നത്. കേരളത്തിലെ ആശ്രമങ്ങള്‍ ഓരോന്നും വേറിട്ടു നില്ക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ഓരോ ആശ്രമവും അവരുടേതായ രീതിയില്‍ പിന്തുടരുമ്പോഴും, ഒരു ചരടിലെ മുത്തുമണികള്‍ പോലെ പരസ്പരം ബന്ധപ്പെട്ടു പോകേണ്ടതാണ്. ഹൈന്ദവസംഘടനകളാണ് ഇക്കാര്യത്തില്‍ സജീവമായി ഇടപടേണ്ടത്. ആശ്രമത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ മനസ്സിലാക്കി, ആരോഗ്യം, ഔഷധനിര്‍മാണം, ധാര്‍മികബോധം, സംസ്കൃതപഠനം, അതിനൊക്കെ ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് അവിടം ഒരു പുണ്യഭൂമിയാക്കി തീര്‍ക്കുകയാണ് വേണ്ടത്. സദാനന്ദസ്വാമികളുടെ സ്മരണ ദീപ്തമാക്കുക എന്നതും ആ പുണ്യാത്മാവിനോടുള്ള കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: