ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ ഓര്മക്കുറിപ്പില് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് യുഎസ് മുന്‍ പ്രസിന്റ് ബരാക് ഒബാമ. ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തില്‍ രാഹുലിനെ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെപ്പറ്റിയും മറ്റ് നിരവധി നേതാക്കള്‍ക്കൊപ്പം പറയുന്നു.
രാഹുല്‍ ഗാന്ധിക്ക് പരിഭ്രാന്തിയും അറിവില്ലായ്മയുമുണ്ട്. വിഷയം പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുലെന്നാണ് ഒബാമയുടെ അഭിപ്രായം. പാഠ്യേതര കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ എന്നാല്‍ വിഷയത്തില്‍ അഭിരുചിയോ പഠിക്കാനുള്ള താത്പര്യമോ അദ്ദേഹത്തിന് ഇല്ലെന്നും ഒബാമയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.
നിര്‍വികാരനും സത്യസന്ധനുമായ വ്യക്തിയെന്നാണ് പുസ്തകത്തില്‍ മന്മോഹന് സിംഗിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ മന്മോഹന് സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 2009 ഡിസംബറില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2015-ല്‍ ഇന്ത്യയുടെ റപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായും ഒബാമ എത്തി.
മോദിക്കൊപ്പം ‘മന് കി ബാത്തി’ലും പങ്കെടുത്തിരുന്നു. രാഷ്ട്രീയ, വ്യക്തി ജീവിതത്തെ കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാന്യനും സത്യസന്ധനുമായ വ്യക്തിയായാണ് പുതിയ പ്രസിഡന്റ് ജോ ബൈഡനെ ഓര്മക്കുറിപ്പില് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്, ചൈനീസ് മുന്‍ പ്രസിഡന്റ് ഹ്യൂ ജിന്റാവോ തുടങ്ങിയ ലോക നേതാക്കളെയും ഒബാമ പരാമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: