പാലക്കാട്: പോലീസ് വേഷത്തിലെത്തിയ കവര്‍ച്ച സംഘം വാളയാര്‍ ദേശീയപാതയില്‍ വാഹനം തടഞ്ഞ് നിര്‍ത്തി വ്യവസായികളെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു.മരുതറോഡ് ഏഷ്യന്‍ പോളിമേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും മലബാര്‍ ഗോള്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഒലവക്കോട് കാവില്‍പ്പാട് സ്വദേശി എം.മുനീര്‍(46), ഇദ്ദേഹത്തിന്റെ സ്ഥാപന പങ്കാളി കുന്നത്തൂര്‍മേട് ഇന്ദിര നഗറില്‍ നവനീത്(28) എന്നിവരെ ആക്രമിച്ച് റോഡില്‍ തള്ളിയിട്ടശേഷം കാറുമായി കടന്നുകളയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് മരുതറോഡുള്ള ഇവരുടെ സ്ഥാപനത്തിന് സമീപമാണ് ആക്രമണം നടന്നത്. ഇരുവരും ബിസിനസ് ആവശ്യത്തിനായി തിരുപ്പൂരില്‍ പോയി തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മരുതറോഡ് എത്തിയപ്പോള്‍ പോലീസ് വേഷത്തിലെത്തിയ കൊള്ളസംഘം കൈകാണിച്ച് വാഹനം തടഞ്ഞു.
ഗ്ലാസ് താഴ്ത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരുങ്ങുന്നതിനിടെ അടുത്തേക്ക് നീങ്ങിയെത്തിയ കൊള്ള സംഘം ഡ്രൈവര്‍ സീറ്റിലിരുന്ന നവനീതിന്റെ തലയ്ക്ക് കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. അടി തടയാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേര് ചേര്‍ന്ന് മുനീറിന്റെ മുഖത്തേക്ക് പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ലായനി സ്പ്രേ ചെയ്തു. പിന്നീട് ഇവരെ പുറത്തേക്ക് വലിച്ചിട്ട് വീണ്ടും മര്‍ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇരുവരെയും റോഡിലേക്ക് തള്ളിയിട്ട ശേഷം കാറുമായി കടന്നു.
ആറംഗ കവര്‍ച്ചാസംഘം ചുവപ്പ് നിറമുള്ള ഒരു കാറിലാണ് എത്തിയതെന്നും വ്യവസായികള്‍ പറയുന്നു. പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാകാം കവര്‍ച്ചയെന്നും സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുയാണെന്നും അന്വേഷണ ചുമതലയുള്ള കസബ സിഐ എന്‍.എസ്.രാജീവ് പറഞ്ഞു. കൂട്ടുപാത വഴി കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് കാര്‍ പോയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് പോലീസ് വേഷത്തിലെത്തിയവര്‍ കുഴല്‍പ്പണ സംഘത്തെയും സ്വര്‍ണ വ്യാപാരികളെയും ആക്രമിച്ച് വാഹനവും പണവും സ്വര്‍ണവും കവര്‍ന്ന ഇരുപതോളം കേസുകള്‍ വാളയാറിലും സമീപപ്രദേശങ്ങളിലും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: