കൊച്ചി: അന്വേഷണത്തില്‍ ലഭിച്ച പുതിയ വിവരങ്ങള്‍ പ്രകാരം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്‌ക്ക് വേറേ മുഖ്യപ്രതിയുണ്ടാകാമെന്ന സൂചനയും ഏജന്‍സി നല്‍കി.
അന്വേഷണം സംബന്ധിച്ച വിവരങ്ങളും പ്രധാന മൊഴികളും നിര്‍ണായക തെളിവുകളും ഇ ഡി ഇന്നലെ കോടതിക്ക് രഹസ്യ കവറില്‍ കൈമാറി. മൂന്ന് പുതിയ വിവരങ്ങളാണ് കോടതിക്ക് നല്‍കിയത്. ബാങ്ക് ലോക്കറില്‍നിന്ന് പിടിച്ച ഒരുകോടിയിലേറെ രൂപ ശിവശങ്കറിന്റേതാണ്. സ്വപ്നയുടേതാണെന്നാണ് മുന്‍പു ലഭിച്ച വിവരം. അത് തെറ്റിദ്ധരിപ്പിക്കലായിരുന്നു. ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്ത്. ലൈഫ് മിഷനുള്‍പ്പെടെ മറ്റു പദ്ധതികളെക്കുറിച്ചും അന്വേഷണം വേണം, ഇത് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമുണ്ട്, അതിന് നിയമഭേദഗതി വരുത്തിയിട്ടുമുണ്ട്. പുതിയ തെളിവുകളും വിവരങ്ങളും കിട്ടുന്നതനുസരിച്ച് പ്രതികളും അവരുടെ പങ്കും കുറ്റവും മാറും, ഇ ഡി കോടതിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കി.
കസ്റ്റഡിക്കാലം കഴിഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണക്കടത്തു കേസിലെ അഞ്ചാം പ്രതിയായ ശിവശങ്കറിനെ നവംബര്‍ 26 വരെ കാക്കനാട് ജയിലിലാക്കി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളുടെ ജാമ്യാപേക്ഷ വാദം കേട്ടശേഷം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കൗസര്‍ എടപ്പകത്ത് നവംബര്‍ 17 ലേക്ക് വിധിപറയാന്‍ മാറ്റി. ശിവശങ്കറിനെതിരേ സ്വപ്ന സുരേഷ് നല്‍കിയ മൊഴി തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ട് സഹായം ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ മനസിലാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ശിവശങ്കറിനെതിരേ സ്വപ്ന നല്‍കിയ മൊഴികള്‍ വിശ്വസിക്കരുതെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് മൊഴി നല്‍കിയതെന്ന് കോടതി ഓര്‍മിപ്പിച്ചു.
സ്വപ്ന സ്വര്‍ണക്കടത്തുകേസിലെ മുഖംമൂടിയാണെന്നും എം. ശിവശങ്കറാണ് പ്രധാനിയെന്നും വ്യക്തമായതായി ഇ ഡി വാദിച്ചു. പുതിയ തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. ആഴത്തില്‍ അന്വേഷണം വേണം. ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണം എം. ശിവശങ്കറിന്റേതാണ്. കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് നേരിട്ട് പങ്കുണ്ട്. 21 സ്വര്‍ണക്കടത്തു കേസുകളുമായും ശിവശങ്കറിന് ബന്ധമുണ്ട്, ഇ ഡി വാദിച്ചു.
ഇ ഡിക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ എം. സൂര്യപ്രകാശ് രാജു, പ്രത്യേക പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന്‍ എന്നിവരും പ്രതിക്കു വേണ്ടി അഡ്വ. ബി. രാമന്‍പിള്ളയും വാദിച്ചു.
ശിവശങ്കര്‍ വാദിച്ചു
”സ്വപ്‌ന സുരേഷിന്റെ മൊഴി സമ്മര്‍ദ്ദം മൂലമാകാം. നേരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴൊന്നും അവര്‍ ഈ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ മൊഴി കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇ ഡി കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എന്‍ഐഎ, ഇ ഡി കേസുകള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. സ്വര്‍ണക്കടത്ത് നടന്നത് ലോക്കര്‍ ഇടപാട് നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ്.”
ഇ ഡി പ്രതികരിച്ചു
”സ്വര്‍ണക്കടത്ത് കേസില്‍ കേവലം അറിവ് മാത്രമല്ല ശിവശങ്കറിന് ഉണ്ടായിരുന്നത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു. രണ്ട് ലോക്കര്‍ ഉണ്ടായിരിക്കെയാണ് മൂന്നാമത്തേത് തുടങ്ങിയത്. മൊഴികള്‍ മാത്രമല്ല, തെളിവുകളുമുണ്ട്. ഈ ഘട്ടത്തില്‍ എല്ലാം പരസ്യമാക്കാനാവില്ല, അന്വേഷണത്തെ ബാധിക്കും.”
കോടതി നിരീക്ഷിച്ചു
”മൊഴികള്‍ എങ്ങനെ തള്ളാനാകും. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നത് പ്രധാനപ്രതിയുടെ മൊഴിയാണ്. കള്ളക്കടത്തിനെക്കുറിച്ച് അറിവോടെയാണ് സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. സ്വപ്നയുടെ മൊഴി ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്ന വാദം കേസിനെ ബാധിക്കും. മറ്റ് പദ്ധതികള്‍ ഈ കേസിനൊപ്പം അന്വേഷിക്കരുത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: