ന്യൂഡല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തെ അപേക്ഷിച്ച്, മോദി സര്‍ക്കാരിനു കീഴില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വളരെ വേഗത്തില്‍ വികസിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നയതന്ത്ര പ്രസ്താവന പുറപ്പെടുവിച്ചിരുന്ന പഴയകാലത്തേക്കാള്‍ ഇന്ത്യ ഇന്ന് ശത്രുക്കള്‍ക്ക് തക്കതമായ മറുപടി നല്‍കുന്നുവെന്ന് മിന്നലാക്രമണത്തെയും വ്യോമാക്രമണത്തെയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അതിര്‍ത്തി പ്രദേശ വികസന പരിപാടിയുടെ കീഴില്‍ ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോര്‍ഡോയില്‍ നടന്ന ‘സിമന്ത് ക്ഷേത്ര വികാസോത്സവ് 2020’-ല്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. മോദി സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആറു തുരങ്കങ്ങള്‍ നിര്‍മിച്ചുവെന്നും 19 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണെന്നും 2008-2014 കാലഘട്ടത്തില്‍ ഒരു തുരങ്കം മാത്രം നിര്‍മിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനത്തെ വിമര്‍ശിച്ച് അമിത് ഷാ ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ മുന്‍ഗണന എന്തിനാണെന്നത് ഈ കണക്കുകള്‍ കാണിക്കുന്നു. 2020-21 ല്‍ അതിര്‍ത്തി പ്രദേശങ്ങളുടെ വികസനത്തിനായി 11,800 കോടി രൂപ അനുവദിച്ചു. പോയ ആറുവര്‍ഷത്തിനിടയില്‍ മോദിസര്‍ക്കാരിന് കീഴില്‍ ഈ പ്രദേശങ്ങളില്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പുള്ള 50 വര്‍ഷത്തിനുള്ളില്‍ ചെയ്തതിനേക്കാളും വളരെ അധികമാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യസുരക്ഷയുടെ ഭാഗമായി അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെടാന്‍ സമീപഭാവിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തന്ത്രപരമായി അവര്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: