റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി പറഞ്ഞ കാര്യങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ കുറ്റപത്രം തന്നെയാണ്. ഒരു ഇന്റീരിയല്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ അര്‍ണബിനെതിരെ കേസെടുത്തതിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്ത കോടതി, ആര്‍ക്കെങ്കിലും പണം നല്‍കാനുണ്ടോയെന്ന് രേഖകള്‍ പരിശോധിച്ച് കണ്ടുപിടിക്കാമെന്നിരിക്കെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്നും ചോദിച്ചു. പണം കിട്ടാനുള്ളയാള്‍ ആത്മഹത്യ ചെയ്താല്‍ കൊടുക്കാനുള്ളയാള്ക്കെതിരെ പ്രേരണാകുറ്റം ചുമത്തുന്നതിനെ ചോദ്യം ചെയ്ത കോടതി ഇത്തരം സംഭവങ്ങള്‍ ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയില്പ്പോലും ഉണ്ടാവാമെന്ന് ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് പണം ലഭിക്കാനുള്ള ഒരാള്‍ ആത്മഹത്യ ചെയ്താല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അറസ്റ്റു ചെയ്യാനാവുമോയെന്ന് അര്‍ണബിന്റെ അഭിഭാഷകന് ഹരീഷ് സാല്‍വെ വാദത്തിനിടെ ചോദിച്ചിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് അര്‍ണബിനെതിരെ കേസെടുത്തതിന്റെ യുക്തിരാഹിത്യത്തെ സുപ്രീംകോടതി വിമര്‍ശിച്ചത്. 2018 ല്‍ കോടതിയില്‍ തന്നെ ഒത്തുതീര്‍ന്ന ഒരു കേസ് വീണ്ടും കുത്തിപ്പൊക്കി അര്‍ണബിനെതിരെ കേസെടുത്തത് മഹാരാഷ്ട്ര ഭരിക്കുന്നവരുടെ രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന വിമര്‍ശനം ശക്തമായിരുന്നു.
രാഷ്ട്രീയ വിരോധം ഒന്നുകൊണ്ടു മാത്രമാണ് അര്‍ണബിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തതെന്ന് വ്യക്തമാണ്. പാല്‍ഗറില്‍ രണ്ട് സംന്യാസിമാരും അവരുടെ ഡ്രൈവറും പൈശാചികമായി കൊലചെയ്യപ്പെട്ടതിനെക്കുറിച്ചും, ഹിന്ദി സിനിമാതാരം സുശാന്ത് സിങ് രജ്പുത്തിന്റെ ദുരൂഹമരണത്തെക്കുറിച്ചും, ബോളിവുഡില്‍ വ്യാപകമായിരിക്കുന്ന മയക്കുമരുന്നുപയോഗത്തെക്കുറിച്ചും, മുംബൈയില്‍ ഇപ്പോഴും സജീവമായി തുടരുന്ന ഡി-കമ്പനിയെന്ന ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സ്വാധീനത്തെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ നല്‍കിയതാണ് അര്‍ണബിനെ ഭരണാധികാരികളുടെ കണ്ണിലെ കരടാക്കിയത്. ഈ മാധ്യമപ്രവര്‍ത്തകനെ ഒരു പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി പോലീസിനെ ദുരുപയോഗിച്ചതിന്റെ ഫലമാണ് അര്‍ണബിനെതിരായ കേസ്. രാജ്യത്ത് ഏറ്റവും ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണബ്. ഇങ്ങനെയൊരാളെ വേട്ടയാടാന്‍ കുപ്രസിദ്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചു. യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഈ ഉദ്യോഗസ്ഥന് പരിധിവിട്ട് പെരുമാറുകയും ചെയ്തു. ഇതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാരും പോലീസും പകയോടെ പെരുമാറുകയായിരുന്നു. കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്ക് അര്‍ണബിനെ മാറ്റി ജീവന് അപകടത്തിലാകുന്ന സ്ഥിതിവരെയെത്തിച്ചു.
ഈ ഭരണകൂട ഭീകരതയ്ക്കെതിരെ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുക തന്നെയാണ് സുപ്രീംകോടതി ചെയ്തത്. താല്പ്പര്യമില്ലാത്തവര് ചാനലുകള്‍ കാണാതിരുന്നാല്‍ പോരെയെന്നു ചോദിച്ച കോടതി, സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യമിട്ടാല്‍ അതിനെതിരെ സുപ്രീംകോടതി ഇവിടെയുണ്ടാകുമെന്ന മുന്നറിയിപ്പും നല്കി. സാങ്കേതിക കാരണം പറഞ്ഞ് ബോംബെ ഹൈക്കോടതി അര്‍ണബിന് ജാമ്യം അനുവദിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതുപോലെയായിരുന്നു ഇത്. ഇതിനെ അതിനിശിതമായാണ് സുപ്രീംകോതി വിമര്‍ശിച്ചിരിക്കുന്നത്. ഈ കേസില്‍ ഇപ്പോള്‍ ഞങ്ങള്‍ ഇടപെടുന്നില്ലെങ്കില്‍ അത് വിനാശത്തിന്റെ പാതയില്‍ സഞ്ചരിക്കലായിരിക്കുമെന്നാണ് കേസ് പരിഗണിച്ച ബെഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്. മതിയായ കാരണങ്ങളില്ലാതെ ഒരാള്‍ക്ക് ജാമ്യം നിഷേധിക്കുന്നത് നീതി നിഷേധമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഒരാളുടെ രാഷ്ട്രീയാഭിപ്രായങ്ങളോട് നിങ്ങള്‍ക്ക് വിയോജിക്കാം. പക്ഷേ കോടതികള്‍ ഇത്തരം സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്ന നിരീക്ഷണവും കോടതി നടത്തിയിരിക്കുന്നു. കോടതികള്‍ ഇത് ചെയ്യുന്നില്ലെങ്കില്‍ മറ്റാര് അത് ചെയ്യുമെന്ന സുപ്രീംകോടതിയുടെ ചോദ്യം എക്കാലത്തും പ്രസക്തമാണ്. മോദി ഭരണത്തില്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അടിസ്ഥാനരഹിതമായി പറഞ്ഞു നടക്കുന്നവരാണ് മഹാരാഷ്ട്രയില്‍ അധികാരം ലഭിച്ചപ്പോള്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയും ചെയ്യുന്നത്! വിരോധാഭാസമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: