അടിമാലി: അടിമാലി ടൗണിന് സമീപം സ്വാകര്യ വ്യക്തിയുടെ വീട്ടിന് മുമ്പില്‍ നിന്നിരുന്ന ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമം. ടൗണ്‍ ജുമാമസ്ജിദിന് സമീപത്ത് നിന്നാരംഭിക്കുന്ന വഴിയുടെ അവസാനം സ്വകാര്യ വ്യക്തി വാടകക്ക് നല്‍കിയിരുന്ന സ്ഥലത്തായിരുന്നു ചന്ദനമരം നിന്നിരുന്നത്.
ഈ മരമാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ മുറിച്ച് കടത്താന്‍ ശ്രമം നടത്തിയത്. മരം മുറിച്ചു നീക്കിയത് ശ്രദ്ധയില്‍പ്പെട്ട അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥന് വിവരം രാവിലെ വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു.
തുടര്‍ന്ന് കൂമ്പന്‍പാറ റേഞ്ച് ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശ പ്രകാരം മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൂമ്പന്‍പാറ ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ പറഞ്ഞു. മരം മുറിച്ച് നീക്കിയെങ്കിലും തടി കൃത്യം നടത്തിയവര്‍ കടത്തികൊണ്ടുപോയിരുന്നില്ല. ചുവടു ഭാഗം മരകുറ്റിയുടെ ഏതാനും മീറ്റര്‍ അടുത്തു നിന്നും ശേഷിക്കുന്ന ഭാഗം സമീപത്ത് തന്നെ മറ്റൊരിടത്ത് നിന്നും വനപാലകര്‍ കണ്ടെടുത്തു.
വനപാലകര്‍ വീട്ടുടമയെ വിളിച്ച് വരുത്തി വാടകക്ക് നല്കിയതുള്പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ജി. സന്തോഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് സംഭവവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: