കാസര്‍കോഡ് : ജുവല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എം.സി. കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി. എംഎല്‍എയ്ക്കെതിരായ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കേസ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും കമറുദ്ദീന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ നിക്ഷേപ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് കമറുദ്ദീന് എന്നും, തട്ടിപ്പിനായി രാഷ്ട്രീയ സ്വാധീനം ഉപോഗിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 11 കേസുകളില്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളില്‍ റിമാന്‍ഡ് ചെയ്യും. അതേസമയം ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരികയാണ്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
എം സി കമറുദ്ദീന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദം അരങ്ങേറിയിരുന്നു. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കമറുദ്ദീന് വേണ്ടി അഭിഭാകന് കോടതിയില്‍ അറിയിച്ചു. കമ്പനിയുടെ ചെയര്‍മാനാണ് താനെങ്കിലും പൂക്കോയ തങ്ങളായിരുന്നു ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്. പൂക്കോയ തങ്ങള്‍ ഒളിവില്‍ ആയതിനാല്‍ രണ്ടാം പ്രതിയായ തന്നെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ല. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാതെ തന്നെ കസ്റ്റഡിയില്‍ എടുത്തത് വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനും തനിക്കുള്ള ജനസമ്മിതി ഇല്ലാതാക്കുന്നതിനുമാണെന്നും കമറുദ്ദീന് കോടതിയില്‍ അറിയിച്ചു.
കമറുദ്ദീന് ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഇനിയും കണ്ടെത്താനുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് 2017 ന് ശേഷം രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. കമ്പനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചു. ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും പ്രൊസിക്യുഷന് ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് വാദിച്ചു.
അതേസമയം ആസ്തി സംബന്ധിച്ച വിവരങ്ങള്‍ കമറുദ്ദിന്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്ന് അന്വേഷണ സംഘവും അറിയിച്ചു. പൊതുപ്രവര്ത്തകന് എന്ന നിലയിലല്ല കച്ചവടക്കാരന് എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതിയും ഹര്‍ജി പരിഗണിക്കവേ അറിയിച്ചു.
എന്നാല്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിടാന്‍ വിസമ്മതിച്ച കോടതി പക്ഷെ കൂടുതല്‍ കേസുകളില്‍ അറസ്റ്റിന് അനുമതി നിഷേധിച്ചു. ഇതുവരെ 11 കേസുകളിലാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ബുധനാഴ്ച വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: