ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ പരാജയത്തിനിടയിലും ഇടതുപാര്‍ട്ടികള്‍ മഹത്തായ വിജയം നേടിയെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. അര്‍ബന്‍ നക്സലുകള്‍ വിഹരിക്കുന്ന മാധ്യമങ്ങള്‍ ‘വസന്തത്തിന്റെ ഇടിമുഴക്കം’ പോലെ ഈ ‘കുതിപ്പിനെ’ ആഘോഷിക്കുകയാണ്. സിപിഐ(എംഎല്)ലിബറേഷനും സിപിഎമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റു നേടിയതാണ് പുത്തന്‍ കോലാഹലത്തിന് കാരണം. കൂടുതല്‍ സീറ്റു തന്നിരുന്നെങ്കില്‍ ഇതിലും വലിയ വിജയം നേടുമായിരുന്നുവെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റും പ്രതികരിച്ചത്. ഇത്ര ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ടാണ് മൂന്നുപാര്‍ട്ടികളും മത്സരിച്ച മൊത്തം 29 സീറ്റിലും ജയിക്കാതിരുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ബീഹാറില്‍ വേരുള്ള ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി നേടിയതാണ് ഈ ‘മഹത്തായ വിജയം.’ 2015 ല്‍ 98 സീറ്റില്‍ മത്സരിച്ച സിപിഐ എംഎല്ലിന് ലഭിച്ചത് മൂന്ന് സീറ്റാണ്. യഥാക്രമം 98 സീറ്റിലും 43 സീറ്റിലും മത്സരിച്ച സിപിഐക്കും സിപിഎമ്മിനും ഒരൊറ്റ സീറ്റുപോലും നേടാനായില്ല. ഇതില്‍നിന്നുതന്നെ ഈ പാര്‍ട്ടികളുടെ ജനസ്വാധീനം മനസ്സിലാക്കാവുന്നതേയുള്ളൂ. പലപ്പോഴും ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ് സിപിഐ എംഎല് പിന്തുണ നേടുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
സിപിഐ എംഎല്ലിന്റെ മുന്നേറ്റത്തില്‍ ആവേശംകൊള്ളുന്നവര്‍ ഈ സംഘടനയുടെ ഭൂതകാലത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഹിംസ ലക്ഷ്യവും മാര്‍ഗവുമായി സ്വീകരിച്ച് ഇവര്‍ നടത്തിയിട്ടുള്ള കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ ബീഹാറിന്റെ ചരിത്രത്തിലെ ചോര പുരണ്ട അധ്യായങ്ങളാണ്. തങ്ങളുടെ തലതിരിഞ്ഞ രാഷ്ട്രീയ തത്വശാസ്ത്രം ശരിയാണെന്നു വരുത്താന്‍ മനുഷ്യരെ കൊന്നൊടുക്കുന്നവരാണ് ഇക്കൂട്ടര്‍. ജനാധിപത്യം ഈ മാവോയിസ്റ്റ് ഭീകരര്‍ക്ക് പുച്ഛമായിരുന്നു. അധികാരം തോക്കിന് കുഴലിലൂടെ എന്നു വിശ്വസിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിനോടും ബാലറ്റുപേപ്പറിനോടുമൊക്കെ അറപ്പും വെറുപ്പുമായിരുന്നു. ഇതൊക്കെ പരമാബദ്ധങ്ങളാണെന്നു വന്നപ്പോഴാണ് ജനാധിപത്യം അടവുനയമായി സ്വീകരിച്ചത്. തങ്ങള്‍ പാര്‍ട്ടി പരിപാടിയില്‍ മാറ്റം വരുത്തിയെന്ന് പറയുമായിരിക്കും. പക്ഷേ തെറ്റുതിരുത്തല്‍ പാര്‍ട്ടി രേഖകളില്‍ മാത്രം പോരാ. ജനങ്ങളോട് മാപ്പ് പറയണം. എന്നിട്ടുമതി ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പ് വിജയത്തിന്റെയും പേരില്‍ ഊറ്റം കൊള്ളാന്‍. പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റു ഭീകരതയുടെ അവശിഷ്ടങ്ങളിലൊന്നാണ് സിപിഐ (എംഎല്) ലിബറേഷനും. രാഷ്ട്രീയ രംഗത്ത് അന്യംനിന്നു പോകാതിരിക്കാന്‍ ഇത്തരക്കാരുമായി കൂട്ടുചേരുകയാണ് സിപിഎമ്മും സിപിഐയും. ഇതിനെ ആദര്ശവല്ക്കരിക്കുന്നത് ആശയപാപ്പരത്തമാണ്.
ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ക്ക് പൊതുവായിട്ടുള്ളത് ഇപ്പോഴും തുടരുന്ന വിദേശക്കൂറാണ്. ചെയര്മാന് മാവോ നമ്മുടെയും ചെയര്മാന് എന്നു പറയാനുള്ള ധൈര്യം ഇന്നില്ലെങ്കിലും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് പലതരത്തിലുള്ള ചൈനീസ് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയെ കഴിയാവുന്ന തരത്തിലൊക്കെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ചൈനയെ ശത്രുരാജ്യമായി കാണാന്‍ സിപിഎം ഇപ്പോഴും തയ്യാറല്ലല്ലോ. നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ചൈനയുടെ സഹായത്തോടെ അട്ടിമറി നടത്തി മാവോയിസ്റ്റുകള്‍ അധികാരത്തിലേറിയപ്പോള്‍ അതിന് കാര്‍മികത്വം വഹിക്കാന്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി പോയത് ആരും മറന്നിട്ടുണ്ടാവില്ല. ബിജെപി നേടുന്ന ജനാധിപത്യ വിജയങ്ങള്‍ കുറച്ചൊന്നുമല്ല ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള അസഹിഷ്ണുതയാണ് ഇക്കൂട്ടരുടെ രാഷ്ട്രീയം. ഛത്തീസ്ഗഡില്‍ മഹേന്ദ്ര കര്‍മ ഉള്‍പ്പെടെയുള്ള സ്വന്തം നേതാക്കളെ കൊന്നൊടുക്കിയവരാണ് മാവോയിസ്റ്റുകള്‍. അക്കൂട്ടത്തില്പ്പെടുന്നവരുമായി ബീഹാറില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് മടിക്കാത്തതും മോദി വിരോധം ഒന്നുകൊണ്ടുമാത്രമാണ്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വിഷം കലര്‍ത്തുന്ന ഇടതു തീവ്രവാദികളെയും അവരുമായി സഖ്യമുണ്ടാക്കുന്നവരെയും ഒറ്റപ്പെടുത്തേണ്ടത് രാജ്യസ്നേഹികളുടെ കടമയാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഈ സന്ദേശം കൂടി നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: