പരവൂര്‍: ഭരണം പലതുവന്നു. പണം പല വഴിക്കുമൊഴുകി. എന്നിട്ടും പണി പൂര്‍ത്തിയായിട്ടില്ല കാട്ടിക്കട മുക്കിലെ ആ തൊഴില്‍ പരിശീലനകേന്ദ്രം. മുപ്പത്തിയഞ്ചുവര്ഷംമുന്പ് തുടങ്ങിയതാണ് പണി. പുത്തന്‍കുളത്തെ കാട്ടിക്കടമുക്കില് നശിച്ചുകിടക്കുന്ന കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ കെട്ടിടമാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാകുന്നത്.
1982-83ല്‍ രൂപംകൊണ്ട ക്യുഎച്ച് 16-ാം നമ്പര്‍ ഹരിജന്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ കെട്ടിടം ഉപയോഗിക്കാനാകാത്ത വിധം നശിച്ച് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പട്ടികജാതിക്കാരായ യുവതീയുവാക്കള്‍ക്ക് നെയ്ത്തില്‍ മെച്ചപ്പെട്ട പരിശീലനം നല്‍കാനെന്ന പേരിലാണ് സംഘം രൂപീകരിച്ചതും കെട്ടിടം പണിയാന്‍ ഒമ്പതംഗ ഭരണസമിതി തീരുമാനിച്ചതും. കെട്ടിടം പണിഞ്ഞ് അതിനുള്ളില്‍ നെയ്ത്തിനുള്ള മേല്‍ത്തരം തറികളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
അംഗങ്ങളുടെ ഓഹരിയും സര്‍ക്കാര്‍ നല്കിയ ഗ്രാന്റും ഉപയോഗിച്ചാണ് സംഘത്തിന്റെ സ്വന്തം വസ്തുവില്‍ അതിവിശാലമായ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. എന്നാല്‍, പണി മുന്നോട്ടു നീങ്ങിയില്ല.
കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന് ആറുലക്ഷം രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും നിര്‍മാണം ഏറ്റെടുത്തിരുന്ന നിര്‍മിതികേന്ദ്രം അത് ഒന്നിനും തികയില്ലെന്ന നിലപാടെടുത്തതോടെ പണിയും 1999-ഓടെ സംഘത്തിന്റെ പ്രവര്‍ത്തനവും സ്തംഭനാവസ്ഥയിലായി.
പിന്നീടെല്ലാം കുഴഞ്ഞുമറിയുകയായിരുന്നു. 1999-2000ത്തോടെ സംഘം അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലായതോടെ എല്ലാം കൈവിട്ടനിലയായി. ഇതോടെ തൊഴില്‍പരിശീലന കേന്ദ്രമെന്ന സ്വപ്നവും അസ്തമിച്ചു. ആരും തിരിഞ്ഞുനോക്കാനില്ലാതെ പാവങ്ങള്ക്കെന്ന പേരില്‍ തുടങ്ങിയ സംരംഭം പൂര്‍ത്തിയാകാന്‍ പോലുമാകാതെ അധികാരികളും കൈമലര്‍ത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: