അമ്പലപ്പുഴ: മത്സ്യബന്ധനത്തിനു ശേഷം കരയില്‍ കയറ്റി വെച്ചിരുന്ന വള്ളങ്ങള്‍ ശക്തമായ തിരയില്‍പ്പെട്ടു തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനു ശേഷം പായല്‍ക്കുളങ്ങര അഞ്ചാലുംകാവ്, കാക്കാഴം പള്ളിമുക്ക് എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടലെടുത്തത്. പത്തോളം വള്ളങ്ങളും മറ്റ് ചില വള്ളങ്ങളിലെ വലകളും തിരയില്‍പ്പെട്ടു തകര്‍ന്നു. ഒരു വള്ളം കാണാതായി. വള്ളങ്ങളിലുണ്ടായിരുന്ന എഞ്ചിനുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു.
പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകാനെത്തിയപ്പോഴാണ് പലരും അപകടമറിയുന്നത്. എട്ടു മുതല്‍ 20 വരെ തൊഴിലാളികള്‍ ജോലിക്കു പോകുന്ന വള്ളങ്ങള്‍ തകര്‍ന്നതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനവും നിലച്ചു. ഓരോ വള്ളമുടമയ്ക്കും മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കരയില്‍ നങ്കൂരമിട്ടിരുന്ന നിരവധി വള്ളങ്ങള്‍ കൂട്ടിമുട്ടി തകര്‍ന്നു. വന്‍ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്താതെ ഇത് മത്സ്യബന്ധനത്തിന് ഉപയോഗിക്കാനും കഴിയില്ല. കടല്‍ക്ഷോഭം ശക്തമായതിനാലാണ് തൊഴിലാളികള്‍ ഞായറാഴ്ച വള്ളങ്ങള്‍ കരക്കെത്തിച്ചത്. എന്നാല്‍, അപ്രതീക്ഷിത കടലാക്രമണത്തില്‍ വള്ളം ഉള്‍പ്പെടെയുള്ളവ തകര്‍ന്നതോടെ തൊഴിലാളികള്‍ വഴിമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: