ആലപ്പുഴ: പ്രളയാനന്തര നവകേരള പദ്ധതി പ്രഖ്യാപനം രണ്ടും വര്‍ഷമായിട്ടും പാതിവഴിയില്‍. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ കൈകഴുകുകയായിരുന്നു. 2018 ആഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്കി കുട്ടനാട്ടിലെ കര്‍ഷകരുടെ ഉന്നമനത്തിന് നവകേരള പദ്ധതിയില്‍പെടുത്തി പ്രത്യേക പാക്കേജും പരിഗണിച്ചിരുന്നു.
പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശം അനുഭവപ്പെട്ടത് കുട്ടനാട്ടിലായിരുന്നു. രണ്ട് ലക്ഷത്തോളം പേരാണ് ഇവിടെ അഭയാര്‍ത്ഥികളായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ പതിനായിരം രൂപ പോലും ലഭിക്കാത്ത കുടുംബങ്ങള്‍ ഇവിടെയുണ്ട്. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പൂര്‍ണമായും ലഭിക്കാത്തതാണ് കാരണം. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്.
ഈ വര്‍ഷവും മഴ ശക്തിപ്രാപിക്കുന്നതിന് മുന്‍പ് തന്നെ പൊതുമരാമത്ത് റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങി. ഗ്രാമീണ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണം എങ്ങുമെത്തിയിട്ടില്ല. വെള്ളപ്പൊക്ക നിയന്ത്രണങ്ങള്‍ പാലിച്ചില്ല. നദികളിലേയും തോടുകളിലേയും മാലിന്യവും, എക്കലും നീക്കം ചെയ്ത് വെള്ളപ്പൊക്കം നീയന്ത്രിക്കാന്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഏതാനും സ്ഥലങ്ങളില്‍ പേരിന് മാത്രമാണ് പദ്ധതി നടന്നത്. തീരദേശ സംരക്ഷണവും തീരദേശവാസികളുടെ പുനരധിവാസവും ചുവപ്പുനാടയില്‍ കുടുങ്ങി. കടല്‍ക്ഷോഭം തീവ്രമായ ഭാഗങ്ങളില്‍ തീരസംരക്ഷണത്തിന് പദ്ധതികള്‍ നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പുലിമുട്ട് നിര്‍മ്മാണാദ്ഘാടനം നടത്തുക മാത്രമാണുണ്ടായത്.
കാര്‍ഷിക മേഖലയില്‍ ഒട്ടനവധി പ്രഖ്യാപനങ്ങള്‍ നല്‍കിയെങ്കിലും കര്‍ഷകര്‍ക്ക് തീരാദുരിതമാണ്. കുട്ടനാട്ടിലെ നെല്‍കൃഷി സംരക്ഷണത്തിന് പാടശേഖര പുറംബണ്ട് സ്ഥാപിക്കല്‍ മുടങ്ങി. പുഞ്ചയും രണ്ടാംകൃഷിയും വിളയേണ്ട പാടശേഖരങ്ങള്‍ പലതും ഒറ്റകൃഷിയില് ഒതുക്കുന്നു. നെല്ല് സംഭരണവും പിആര്‍എസ് വായ്പയും മുടങ്ങുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കൊവിഡില്‍ മുങ്ങാതെ നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: