ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ മൂന്നാം കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. മൂന്നു തവണയായി 13 ദിവസമാണ് ബിനീഷിനെ കസ്റ്റഡിയില്‍ ലഭിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ആദ്യ രണ്ടു തവണ കാര്യമായി സഹകരിക്കാതിരുന്ന ബിനീഷ്, മൂന്നാം ഘട്ട ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായാണ് വിവരം.
കള്ളപ്പണ ഇടപാടുകളില്‍ കൂടുതല്‍ രേഖകള്‍ ഇഡി കണ്ടെടുക്കുകയും തിരുവനന്തപുരത്തെ ബിനീഷിന്റെ ‘കോടിയേരി’ വീട്ടിലും ബിനാമികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതോടെ, കുടുങ്ങിയെന്ന് മനസ്സിലാക്കിയാണ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ബിനീഷ് കൈമാറിയത്. ബിനീഷിന്റെ പ്രധാന ബിനാമികളായ അബ്ദുള്‍ ലത്തീഫ്, റഷീദ് എന്നിവര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
ബിനാമികള്‍ക്കൊപ്പം ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് ഇഡി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ഇവരെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. നേരിട്ട് ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാനും സാധ്യതയുണ്ട്.
ഇതിനിടെ, ബിനീഷ് കോടിയേരിക്ക് ബന്ധമുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡിക്കു ലഭിച്ചു. ബിനീഷ് ഡയറക്ടറായ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറക്സ് ട്രെയ്ഡിങ്, ടോറസ് റെമഡീസ് എന്നീ കമ്പനികളുടെ പ്രവര്‍ത്തനമാണ് അന്വേഷിക്കുന്നത്. കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു.
കൊച്ചിയിലെ റയിന്‍ഹ ഇവന്റ് മാനേജ്മെന്റ്, ബെംഗളൂരിവിലെ യോഷ് ഇവന്റ് മാനേജ്മെന്റ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അതിനിടെ, കസ്റ്റഡിയിലിരിക്കെ ബിനീഷ് കോടിയേരിക്ക് ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിച്ചതായി വിവരം. രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്ന് ബിനീഷിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന വില്സന് ഗാര്ഡന് പോലീസ് സ്റ്റേഷനില്‍ നിന്ന് കബന്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: