തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീലിന്റെ പിഎച്ച്ഡിയും വിവാദത്തില്‍. കൈയില്‍ കിട്ടിയ നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരത്തെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ച് പിഎച്ച്ഡി നേടിയെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്കിയ പരാതി. പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കേരളാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് മേല്‍ നടപടിക്ക് കൈമാറി.
മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ ആസ്പദമാക്കി തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാലയില്‍ നിന്ന് 2006ല്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന സമയത്ത് അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ.എം.കെ. രാമചന്ദ്രന് നായര്‍ ഇടപെട്ടാണ് ജലീലിന് ഡോക്ടറേറ്റ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് നിയോഗിച്ച വിദഗ്ധ സമിതിയാണ് ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്‍ കണ്ടെത്തിയത്.
പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് പ്രബന്ധത്തിന്റെ പകര്‍പ്പെടുത്തായിരുന്നു പരിശോധന.
പുതുതായി ഒരു ഗവേഷണ പഠനവും നടത്തിയിട്ടില്ല. പ്രബന്ധത്തിലെ 302 ഖണ്ഡികകളിലായി 622 ഉദ്ധരണികള്‍ കുത്തി നിറച്ചിട്ടുണ്ട്. ഗവേഷകന് സ്വന്തമായി എന്താണ് സമര്‍ത്ഥിക്കുന്നതെന്ന് വ്യക്തമല്ല, സ്വന്തം സംഭാവനയുമില്ല. ഗവേഷണഫലം സാധൂകരിക്കാന്‍ ഉപയോഗിച്ച ഉദ്ധരണികള്‍ പലതും വിഷയവുമായി ബന്ധമില്ലാത്തവ. ഇവയ്ക്ക് വേണ്ട സൂചികകള്‍ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകര്‍ത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാന്‍ ഉദ്ധരണികള്‍ വളച്ചൊടിച്ചു.
ജലീല്‍ സ്വന്തമായി കുറിച്ച ആദ്യത്തെയും അവസാനത്തെയും അധ്യായങ്ങളില്‍ അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളുമാണ്. വാചകഘടനയില്ല. പ്രയോഗങ്ങളും ശൈലികളും കേട്ടുകേള്‍വിയില്ലാത്തതും അബദ്ധങ്ങളുമാണ്. ഡോ.ബി. ഇക്ബാല്‍ വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോഴാണ് ജലീല്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഗവേഷണം തുടരാത്തതുകൊണ്ട് രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അനധികൃത അസിസ്റ്റന്റ് നിയമന കേസില്‍ പ്രതിയായ ഡോ. രാമചന്ദ്രന് നായര്‍ വിസിയായ ഉടനെ, റദ്ദാക്കിയ രജിസ്ട്രേഷന് വീണ്ടും അനുവദിച്ചതും സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്നപ്പോള്‍ മൂല്യനിര്‍ണയം നടത്തി ഡോക്ടറേറ്റ് സമ്മാനിച്ചതും ദുരൂഹമാണെന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: