കട്ടപ്പന: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിന് തയാറെടുക്കുകയാണ് കട്ടപ്പനയിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍. കേന്ദ്രനേതൃത്വത്തിന്റെ വികസന പദ്ധതികള്‍ മേഖലയില്‍ പ്രാവര്‍ത്തികമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓരോ പ്രവര്‍ത്തകനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
ആകെ 34 വാര്‍ഡുകളാണ് കട്ടപ്പന നഗരസഭയിലുള്ളത്. ഇതില്‍ ഇരുപതോളം വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പിന്നീടുള്ളവ ബിഡിജെഎസുമായി ഇന്നും നാളെയുമായി നടക്കുന്ന മുന്‍സിപ്പല്‍തല ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും. പത്ത് സീറ്റുകളാണ് ബിഡിജെഎസിനായി മാറ്റിവച്ചിരിക്കുന്നത്. ഇതും പൂര്‍ത്തിയായാല്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും ഉടന്‍ പ്രഖ്യാപിക്കും. കട്ടപ്പനയില്‍ വാര്‍ഡ് കമ്മിറ്റികള്‍ തകൃതിയായി നടക്കുന്നുണ്ട്. കട്ടപ്പന മുന്‍സിപ്പാലിറ്റിയെ മൂന്ന് ഏരിയ ആയി തിരിച്ചുകൊണ്ടാണ് എന്‍ഡിഎ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്.
കട്ടപ്പന, വെള്ളയാംകുടി, വള്ളക്കടവ് എന്നീ മൂന്ന് ഏരിയകളിലെയും സമന്വയ ബൈഠക് കഴിഞ്ഞ ദിവസം നടന്നിരുന്നു. കട്ടപ്പന ഏരിയകളില്‍ നാലും അഞ്ചും വാര്‍ഡ് തലകമ്മിറ്റികളും സജീവമായി നടക്കുന്നുണ്ട്. പാറക്കടവ്, ആനക്കുത്തി, കൊച്ചുതോവാള വാര്‍ഡുകളില്‍ ഇതിനോടകം രണ്ട് തവണ പ്രവര്‍ത്തകര്‍ സമ്പര്‍ക്കം പൂര്‍ത്തീകരിച്ചു. കഴിഞ്ഞ തവണ ആനക്കുത്തി 13ആം വാര്‍ഡിലും പാറക്കടവ് 14ആം വാര്‍ഡിലും എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഈ രണ്ട് വാര്‍ഡുകളിലും ഇതിനോടകം തന്നെ നൂറിലധികം വോട്ടുകള്‍ പ്രവര്‍ത്തകര്‍ ചേര്‍ത്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പിഎം കിസാന്‍ സമ്മാന്‍ നിധി പോലുള്ള വിവിധ പദ്ധതികള്‍ ഈ പ്രദേശളില്‍ ഇതിനോടകം തന്നെ വിജയിപ്പിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ 1142 പേര് പ്രധാനമന്ത്രിയുടെ ആവാസ് യോജനയുടെ ഗുണഭോക്താക്കളാണ്.
പ്രദേശത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും എന്‍ഡിഎക്ക് ഏറെ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. പ്രദേശത്ത് സിപിഎം-കോണ്‍ഗ്രസ് സാമ്പത്തിക കൂട്ടുകച്ചവടത്തിന്റെ കള്ളത്തരങ്ങള്‍ വെളിച്ചെത്ത് കൊണ്ടുവരാനും എന്‍ഡിഎക്ക് കഴിഞ്ഞു. സിപിഎമ്മിന്റെ വിജയിക്കാന്‍ സാധ്യതയുള്ള സിറ്റിങ് കൗണ്‍സിലര്‍മാരെ പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത ഇടങ്ങളിലേക്ക് മാറ്റിക്കൊണ്ട് മര്‍ച്ചന്റ്സ് അസോസിയേഷന് പോലുള്ള സംഘടനകളിലെ ആളുകളെ വിജയസാധ്യതയുള്ള വാര്‍ഡുകളിലേക്ക് നിയോഗിക്കുന്നത് സാമ്പത്തിക ലാഭം മുന്നില്‍ക്കണ്ട് കൊണ്ടാണെന്ന് പരക്കെ ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: