ദുബായ്: മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും… ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിന് ദുബായ്യില് ഇന്ന് കൊടിയിറങ്ങുമ്പോള്‍ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിക്കാം. അര്‍ഹരായ രണ്ട് ടീമുകള്‍ ഫൈനലിലെത്തിയ പ്രതീതി ഇത്തവണയുണ്ട്.
ഐതിഹാസികമായിരുന്നു മുംബൈയുടെ യാത്ര. എതിരാളികളെ നിഷ്പ്രഭമാക്കിയുള്ള മുന്നേറ്റം. ലീഗില്‍ ഒത്ത എതിരാളിയെ മുംബൈക്ക് ഇത്തവണ കിട്ടിയില്ലെന്നത് പോലും വാസ്തവം. ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോല്‍വിയോടെ തുടങ്ങിയെങ്കിലും പിന്നീട് കൊതിപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. ഇടയ്ക്ക് നായകന് രോഹിത് ശര്‍മ പരിക്ക് കാരണം കളിക്കാതിരുന്നത് പോലും അവരെ ബാധിച്ചില്ല. അത്രമേല്‍ ഭദ്രമാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ് നിരയിലുള്ള ഏഴു പേരും ഒരേ ഫോമില്‍. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് ക്വിന്റണ്‍ ഡി കോക്ക് തുടര്‍ച്ചയായി ടീമിന്റെ ശക്തിയാകുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരിക്കല്‍കൂടി തഴയപ്പെട്ട സൂര്യകുമാര്‍ യാദവ് ആരോടൊക്കയോ പക വീട്ടുന്ന തരത്തില്‍ റണ്‍സ് അടിച്ചുകൂട്ടുന്നു.
ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ അമ്പരപ്പിക്കുകയാണ് യുവതാരം ഇഷാന് കിഷന്. ഫിനീഷിങ്ങില്‍ ദേശീയ ടീമുകളെ പോലും വെല്ലുന്നു ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് സഖ്യം. ഒരാള്‍ പരാജയപ്പെട്ടാല്‍ അടുത്തയാള്‍ ജോലിയേറ്റെടുക്കുന്ന അപൂര്‍വ കാഴ്ച. ബൗളിങ്ങില്‍ ബുംറ, ബോള്‍ട്ട് കൂട്ടുകെട്ടിനെ നേരിടാന്‍ പ്രത്യേക പരിശീലനം തന്നെ വേണ്ടിവരും. വിക്കറ്റ് വേട്ടയില്‍ ഇരുവരുടെയും സ്ഥാനം മുകളിലായത് ഫോമിന്റെ ശക്തി തെളിയിക്കുന്നു.
മറുവശത്ത് തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദല്‍ഹി. ഇന്ത്യന്‍ താരങ്ങള്‍ നിറഞ്ഞ മുന്‍നിര തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ സ്റ്റോയിനിസിനെ ഇറക്കി തന്ത്രം മാറ്റി പിടിച്ചിരിക്കുകയാണ് ടീം. ശ്രേയസ് അയ്യരും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശുന്നു. ഋഷഭ് പന്ത് വലിയ ഇന്നിങ്സ് കാഴ്ചവയ്ക്കേണ്ടതുണ്ട്. അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന് സ്പിന്‍ ജോഡികള്‍ കറക്കി വീഴ്ത്താന്‍ കെല്‍പ്പുള്ളവര്‍. കഗീസോ റബാഡയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാകും. ഉയര്‍ച്ച താഴ്ചകള്‍ ഏറെ കണ്ട ദല്‍ഹി നിരയ്ക്ക് ഇത്തവണ കപ്പ് നേടണമെങ്കില്‍ അസാമാന്യ പ്രകടനം നടത്തണമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: