കാസര്‍കോട്: ചോര വിയര്‍പ്പാക്കി കഷ്ടപ്പെട്ട നിരവധി പേരുടെ ജീവിത സമ്പാദ്യങ്ങളാണ് മുസ്ലിം ലീഗ് നേതാവ് എം. സി കമറുദ്ദീന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള 150 കോടിയോളം രൂപയുടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. നിക്ഷേപക തുക തിരിച്ചുകിട്ടാതായതോടെ ഒരു രക്ഷയുമില്ലാതായിട്ടാണ് നിക്ഷേപകര്‍ പരാതികളുമായി രംഗത്തെത്തിയത്. ഇതോടെ പരാതികളുടെയും കേസുകളുടെയും എണ്ണം നൂറു കവിഞ്ഞു.
ജീവിതത്തിന്റെ നല്ല ഭാഗം മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കിയും, മക്കളുടെ വിവാഹത്തിനും മറ്റുമായി സ്വരുക്കൂട്ടിയ പാവങ്ങളുടെ ഉള്‍പ്പെടെ 150 കോടിയോളം രൂപയാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ എംഎല്‍എയും കൂട്ടരും തട്ടിയതെന്നാണ് ആരോപണം. ഒടുവില്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം. സി. കമറുദ്ദീന് അറസ്റ്റിലുമായി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ലക്ഷക്കണക്കിന് രൂപയാണ് ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചത്.
രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രശസ്തരായ സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള നേതാക്കളടക്കം തുടങ്ങിയ സ്ഥാപനമായതിനാല്‍ കൂടുതല്‍ ആലോചിക്കാതെ പലരും പണം മുടക്കാന്‍ തയ്യാറായി. എന്നാല്‍ പിന്നീടങ്ങോട്ട് ഇവരെല്ലാം കൊടുംചതിയുടെ ഇരകളാവുകയായിരുന്നു. ജ്വല്ലറിയുടെ മുഴുവന്‍ ശാഖകളും അടച്ചു പൂട്ടിയതോടെയാണ് നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിച്ചത്.
പണം തിരിച്ചു കിട്ടാതായ ആദ്യഘട്ടങ്ങളില്‍ അവര്‍ പരസ്യ പ്രതികരണവുമായോ പരാതിയുമായോ രംഗത്തെത്തിയില്ല. എന്നെങ്കിലും പണം തിരിച്ചുകിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചു. എന്നാല്‍, കാസര്‍കോട് അടക്കമുള്ള ജ്വല്ലറി ശാഖകള്‍ അടച്ചുപൂട്ടിയതോടെ നിക്ഷേപകര്‍ പരാതികളുമായെത്തി. അതുവരെ പണം ചോദിച്ച് ജ്വല്ലറിയിലെങ്കിലും പോകാമെന്ന് കരുതിയവര്‍ ഇത് വന്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. ഇതിനിടെ പലരീതിയിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളും പ്രശ്നപരിഹാര യോഗങ്ങളും നടന്നെങ്കിലും പണം ആര് തരുമെന്നോ എപ്പോള്‍ തരുമെന്നോ വ്യക്തമായ ഉത്തരം ലഭിച്ചില്ല.
ചന്തേര ആസ്ഥാനമാക്കി 2006ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ആദ്യമായി രൂപവല്കരിച്ചത്. പിന്നീട് 2008ല്‍ ഒമര്‍ ഫാഷന്‍ ഗോള്‍ഡ്, 2009ല്‍ നുജൂം ഗോള്‍ഡ്, 2012ല്‍ ഫാഷന്‍ ഓര്‍ണമെന്റ്സ് എന്നീ സ്ഥാപനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഈ നാല് സ്ഥാപനങ്ങളിലായി ഏകദേശം 750ഓളം പേരാണ് പണം നിക്ഷേപിച്ചിരുന്നത്.
ഈ നാല് കമ്പനികളുടെ പേരാണ് നിക്ഷേപകര്‍ക്ക് നല്കിയ രേഖകളില്‍ പരാമര്‍ശിച്ചിരുന്നത്. നാല് കമ്പനികളും ഒന്നാണെന്നും നിക്ഷേപകരോട് പറഞ്ഞിരുന്നു.
ജ്വല്ലറിയിലെ കച്ചവടം പൊളിഞ്ഞതാണ് പണം തിരിച്ചു നല്കാന് സാധിക്കാതെ വന്നതിന് കാരണമെന്നായിരുന്നു ജ്വല്ലറി മാനേജ്മെന്റിന്റെ വിശദീകരണം. എന്നാല്‍, കച്ചവടം പൊളിഞ്ഞ്, ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടിയപ്പോഴും ഇത് മറച്ചുവെച്ച് പണം സമാഹരിച്ചിരുന്നതായാണ് നിക്ഷേപകര്‍ നേരത്തെ പറഞ്ഞിരുന്നത്. നിക്ഷേപകര്‍ അറിയാതെ കമ്പനിയുടെ ആസ്തികള്‍ മറിച്ചു വിറ്റതായും ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: