കുണ്ടറ: നിര്‍മാണം ആരംഭിച്ച റോഡ് കുഴിക്കാനെത്തിയ വാട്ടര്‍ അതോറിട്ടി ജീവനക്കാരെ തടഞ്ഞ് നാട്ടുകാര്‍. അലൈന്മെന്റ് മാറി സ്ഥാപിച്ച പൈപ്പുകള്‍ കരാറുകാരന് തിരിച്ചെടുക്കാനായാണ് മെറ്റിലിട്ട് ഉറപ്പിച്ച റോഡ് നശിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പുനലൂരില്‍ നിന്നും പേരയം ഇഎസ്ഐക്ക് സമീപം സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കാനായി ഒരു വര്‍ഷം മുമ്പാണ് മുളവന സ്കൂള്‍ ജംഗ്ഷന് മുതല്‍ ഇഎസ്ഐ ഭാഗംവരെ റോഡ് കുഴിച്ച് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇതോടെ ഈ റോഡ് തകര്‍ന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. പൈപ്പുകള്‍ സ്ഥാപിച്ച സ്ഥലത്ത് മെറ്റിലിട്ട് ഉറപ്പിച്ചു. എന്നാല്‍ ഇന്നലെ രാവിലെ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ ജെസിബിയുമായെത്തി മെറ്റിലിട്ട ഭാഗം കുഴിക്കാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി ജെസിബി തടഞ്ഞു.
പൈപ്പുകള്‍ അലൈന്മെന്റ് മാറിയാണ് സ്ഥാപിച്ചതെന്നും ഇത് തിരിച്ചെടുത്ത് കരാറുകാരന് നല്‍കാനാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. പുതിയ പൈപ്പ് പഴയ പൈപ്പുമായി ബന്ധിപ്പിക്കുന്നതിനാണ് കുഴിയെടുത്തതെന്നാണ് വാട്ടര്‍ അതോറിട്ടി എഇ പറയുന്നത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം വര്‍ധിച്ചതോടെ കുഴിയും നികത്തി എഇയും മറ്റുദ്യോഗസ്ഥരും സ്ഥലം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: