ആലപ്പുഴ: ജില്ലയിലെ രൂക്ഷമായ കടലാക്രമണങ്ങള്‍ അനുഭ വിക്കുന്ന തീരപ്രദേശങ്ങളില്‍ കടലാക്രമണത്തെ നേരിടാന്‍ പുലിമുട്ടുകള്‍ ഒരുക്കുന്നു.
കാട്ടൂര്‍ ഭാഗത്തു 3.162 കിലോമീറ്റര്‍ നീളത്തില്‍ 34 പുലിമുട്ടുകളും അമ്പലപ്പുഴ ഭാഗത്ത് 5.40 കിലോമീറ്റര്‍ നീളത്തില്‍ 30 പുലിമുട്ടുകളും 345 മീറ്റര്‍ കടല്‍ഭിത്തിയും പതിയാങ്കരയില്‍ 13 പുലിമുട്ടുകളും ആറാട്ടുപുഴയില്‍ 21 പുലിമുട്ടുകളും വട്ടച്ചാലില്‍ 16 പുലിമുട്ടുകളുമാണ് നിര്‍മിക്കുന്നത്.
പരമ്പരാഗത രീതിയില്‍ കല്ലുകള്‍ മാത്രം ഉപയോഗിച്ചുള്ള പുലിമുട്ടുകള്‍ക്കു പകരം അടിയില്‍ കല്ലുകളും മുകളില്‍ കോണ്‍ക്രീറ്റ് നിര്‍മിതമായ ടെട്രാപോഡുകളും ഉപയോഗിച്ചുള്ള രീതിയാണ് ഉപയോഗിക്കുന്നത്. പുലിമുട്ടില്‍ ഇരുവശത്തും രണ്ടുടണ്‍ ഭാരമുള്ള ടെട്രാപോഡുകളും പുലിമുട്ടിന്റെ ആഗ്ര ഭാഗത്തു അഞ്ചുടണ്‍ ഭാരമുള്ള രണ്ടു ലെയര്‍ ടെട്രാപോഡുമാണ് സ്ഥാപിക്കുന്നത്. ഈ അഞ്ചു പദ്ധതികള്‍ക്കുമായി 185 കോടി രൂപയാണ് കിഫ്ബിയില്‍ അനുവദിച്ചിട്ടുള്ളത്.
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്ക്കുന്നതിനാല് തിരമാലകളുടെ പ്രഹരശേഷി ദൂരെ വച്ചു തന്നെ കുറയ്ക്കുവാനും തീരശോഷണം ഇല്ലാതാക്കി കൂടുതല്‍ മണല്‍ അടിഞ്ഞു ബീച്ച് ഉണ്ടാക്കുവാനും പുലിമുട്ട് കൊണ്ട് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: