കണ്ണൂര്‍: തദ്ദേശ സ്വയംഭരണസീറ്റ് ധാരണയുമായി ബന്ധപ്പെട്ട് ജില്ലയിലെ യുഡിഎഫില്‍ ചര്‍ച്ചകള്‍ വഴിമുട്ടുന്നു. പലയിടങ്ങളിലും ലീഗിന് കീഴടങ്ങി കൊണ്ടുളള സീറ്റ് ധാരണയ്ക്കെതിരെ മുന്നണിക്കുളളില്‍ ഭിന്നത രൂക്ഷമാണ്. കോണ്‍ഗ്രസിനകത്തും സീറ്റുകളുമായി ബന്ധപ്പെട്ട് രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. ഒരേ സീറ്റിലേക്കു തന്നെ നിരവധി പേര് രംഗത്തെത്തിയതോടെ പ്രശ്നത്തിന് പരിഹാരം കാണാനാവാതെ നേതൃത്വം ഉഴലുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനിലും നഗരസഭകളിലേക്കുമുളള സീറ്റ് ചര്‍ച്ചകളാണ് യുഡിഎഫിന് പ്രധാനമായും കീറാമുട്ടിയായി മാറിയിരിക്കുന്നത്. ലീഗിന് കീഴടങ്ങി സീറ്റുകള്‍ കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കുന്നതില്‍ മറ്റ് ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ സീറ്റ് ധാരണയാണ് ഏറ്റവും വലിയ പ്രശ്നമായി മുന്നണിക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ തവണ മുന്നണിയിലെ പടലപിണക്കവും കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരുമാണ് കോര്പ്പറേഷന് ഭരണം നാലുവര്‍ഷം എല്‍ഡിഎഫിന്റെ കൈകളിലെത്തിച്ചതും 27 സീറ്റുകള്‍ നേടാന്‍ അവസരം നല്കിയതും. ഇത്തവണയും ദിവസങ്ങളായി നടക്കുന്ന തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവാത്തത് കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഏറ്റവും ഒടുവില്‍ കോര്‍പ്പറേഷനിലെ പഞ്ഞിക്കല്‍, വാരം വാര്‍ഡുകളെ ചൊല്ലിയാണ് പ്രധാനമായും കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ ലീഗിനെതിരെ കോണ്‍ഗ്രസ് വിമതനും നിലവിലെ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷ് മത്സരിച്ച വാര്‍ഡാണ് പഞ്ഞിക്കല്‍, വാരം ആകട്ടെ കോണ്‍ഗ്രസ് കാലങ്ങളായി ജയിച്ചു വരുന്ന വാര്‍ഡാണ്. ഇത് രണ്ടും വേണമെന്ന കടുംപിടുത്തത്തിലാണ് ലീഗ് നേതൃത്വം എന്നാല്‍ ഇത് അംഗീകരിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങള്‍ തയ്യാറല്ല. ലീഗാവട്ടെ കോണ്‍ഗ്രസ് മത്സരിച്ചാലും ലീഗ് രണ്ടിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന നിലപാടിലാണ്. ഇത് കൂടാതെ മറ്റ് ചില വാര്‍ഡുകല്‍ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നതായി അറിയുന്നു.
ഇതേ സ്ഥിതിയാണ് ജില്ലയിലെ മറ്റ് നഗരസഭകളിലും യുഡിഎഫിലെ തര്‍ക്കം. ഒട്ടുമിക്ക സ്ഥലത്തും ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. പ്രാദേശിക ഘടകങ്ങളും നേതാക്കളും പ്രവര്‍ത്തകരും ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ച് കൊടുക്കുന്നതിനെതിരെ പലയിടങ്ങളിലും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സിഎംപി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എന്നിവരും സീറ്റ് വിഭജന കാര്യത്തില്‍ തികഞ്ഞ അതൃപ്തിയിലാണ്. ഇതിനെല്ലാം പുറമേ വെല്‍ഫെയര്‍ പാര്ട്ടിയടക്കമുളള ചില മത തീവ്രവാദ സംഘടനകളുമായി സീറ്റ് ധാരണയുണ്ടാക്കാനുളള നീക്കവും മുന്നണിക്കുളളില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം ശക്തികലുമായി കൂട്ടുകൂടുന്നതിനെ ചൊല്ലിയും ജില്ലയിലെ പലയിടങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: