കൊല്ലം: ഇടതുവലതുമുന്നണികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സമ്മര്‍ദ്ദതന്ത്രങ്ങളുമായി സമുദായ സംഘടനകളും. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹരായ തങ്ങളുടെ ആളുകള്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപനം വന്നിട്ട് രണ്ടുദിവസമായിട്ടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ പരസ്യമായി സാധിക്കാതെ വലയുകയാണ് കോണ്‍ഗ്രസ്. യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനയുടെയും വിദ്യാര്‍ഥിസംഘടനയുടെയും അര്‍ഹരായ പ്രവര്‍ത്തകര്‍ക്ക് സീറ്റില്ലെങ്കില്‍ കടുത്ത ഭവിഷ്യത്തായിരിക്കും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ ജില്ലാഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പ്രിംഗ്ളര്‍, സ്വര്‍ണക്കടത്ത്, ലൈഫ് അഴിമതി എന്നിവയില്‍ മുങ്ങിക്കുളിച്ചുനില്ക്കുന്ന ഇടതുസര്‍ക്കാരിനെതിരായ വികാരം സ്വന്തം പെട്ടിയില്‍ വോട്ടാക്കിയെടുക്കാന് പരാജയപ്പെട്ടാല്‍ ജില്ലാനേതൃത്വത്തിനും യുഡിഎഫിനും അത് തിരിച്ചടിയാകും. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ മുന്നണിയില്‍ ഇപ്പോള്‍ രണ്ടാമതുള്ളത് ആര്‍എസ്പിയാണ്.
കേരള കോണ്‍ഗ്രസ് എം മുന്നണിമാറിയ സാഹചര്യത്തില്‍ ആര്‍എസ്പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്-ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ച മൂന്നുതവണ നടന്നതായാണ് വിവരം. എന്നാല്‍ പാര്‍ലമെന്റ് സീറ്റ് നഷ്ടപ്പെടുത്തിയതുപോലെ തദ്ദേശസീറ്റുകള് നിലവിലുള്ളതെങ്കിലും കാത്തുസൂക്ഷിക്കണമെന്നും എല്ലാവിഭാഗത്തിലുംപെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സീറ്റുകള്‍ ലഭ്യമാക്കാന്‍ വേറെ മാര്‍ഗമില്ലെന്നുമാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ നിലപാട്.
മറുഭാഗത്ത് എല്‍ഡിഎഫില്‍ സീറ്റുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപിക്കാറായില്ലെന്നാണ് സൂചന. സിപിഐ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതും പുതുതായി മുന്നണിയിലെത്തിയ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സമയമെടുക്കുന്നത്. ഘട്ടം ഘട്ടമായി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന കാര്യവും എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്.
കൊല്ലം കോര്‍പ്പറേഷനില്‍ നീരാവില്‍ ഡിവിഷനില്‍ സിപിഎമ്മും സിപിഐയും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്നത് മുന്നണിക്ക് തലവേദനയായിട്ടുണ്ട്. ദിവസങ്ങളായി ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടും ഫലം കണ്ടിട്ടില്ല. പരിഹാരമായി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഘടകകക്ഷിയായ കേരളകോണ്‍ഗ്രസ് ബി വിഭാഗത്തെ മത്സരിപ്പിക്കാനാണ് സാധ്യത.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: