കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ കോടികളുടെ തട്ടിപ്പു കേസില്‍ ലീഗ് എംഎല്‍എ എം.സി. കമറുദ്ദീനെ അറസ്റ്റ് ചെയ്തത് യുഡിഎഫിന് വലിയ തിരിച്ചടിയാകും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന യുഡിഎഫ്, ലീഗ് നിലപാട് ജനങ്ങള്‍ തള്ളും, കാരണം സമീപ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടന്ന തട്ടിപ്പ് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മഞ്ചേശ്വരം എംഎല്‍എക്കെതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് അറസ്റ്റ്. ഇകെ വിഭാഗത്തിന്റെ ആത്മീയ നേതാവായ പൂക്കോയ തങ്ങളും കേസിലെ പ്രതിയാണ്. ലീഗ് പ്രവര്‍ത്തകരാണ് കേസിലെ പ്രധാന പരാതിക്കാരെല്ലാം.
തങ്ങളെയും എംഎല്‍എയെയും വിശ്വസിച്ച് ജീവനാംശമായി ലഭിച്ച പണവും റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച ആകെയുള്ള ജീവിത സമ്പാദ്യവുമെല്ലാം ജ്വല്ലറിയില്‍ നിക്ഷേപിച്ച് വഴിയാധാരമായവര്‍ അനവധിയാണ്. ഇപ്പോഴും തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒപ്പം കൂടുതല്‍ പരാതികളും വരുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രേരിതമെന്ന വാദം ആരും അംഗീകരിക്കില്ല.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് അഴിമതി,കെ ഫോണ്‍ അഴിമതി, ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും മറവിലെ സ്വര്‍ണക്കടത്ത്, തുടങ്ങിയ അനവധി അഴിമതികളാണ് എല്‍ഡിഎഫിനെ പിടിച്ചുലയ്ക്കുന്നത്. പ്രളയ ഫണ്ട് തട്ടിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ വേറെ. ഇവയില്‍ മുങ്ങി നില്ക്കുന്ന സിപി
എമ്മിനും എല്‍ഡിഎഫിനും ബദലൊരുക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണ നിക്ഷേപത്തട്ടിപ്പില്‍ യുഡിഎഫ് എംഎല്‍എ പിടിയിലായത്. അഴിമതിയിലും വഞ്ചനയിലും രണ്ടു മുന്നണികളും ഒരു പോലെയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഇനി എല്‍ഡിഎഫിന്റെ അഴിമതി പറഞ്ഞ് പിടിച്ചു നില്ക്കാന് യുഡിഎഫിന് കഴിയില്ല.
അഴിമതിയില്‍ തുല്യാതുല്യരായി നില്ക്കുന്ന ഇരുമുന്നണികളും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കപ്പെടുന്നു. യുഡിഎഫില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് വിലപേശാന്‍ ഒരുങ്ങുന്ന ലീഗിന് ഇനി മിണ്ടാനാവില്ല. ഇങ്ങ് താഴെത്തട്ടിലുള്ള പാവങ്ങളുടെ ചട്ടിയിലാണ് ഇവര്‍ കൈയിട്ടുവാരിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതിന് മറുപടി നല്കാന് ലീഗും യുഡിഎഫും വിയര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: