തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ ഇനി അരയും തലയും മുറുക്കി അങ്കത്തട്ടിലേക്ക്. കേരളത്തെ പിടിച്ചുകുലുക്കുന്ന സ്വര്‍ണക്കടത്ത് കേസും കള്ളപ്പണം വെളുപ്പിക്കലും മയക്കുമരുന്ന് കച്ചവടവും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമെല്ലാം ഇനി ജനങ്ങളുടെ ചര്‍ച്ചയിലേക്ക്. രാഷ്ട്രീയമായും ഭരണപരമായും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രതിസന്ധി നേരിടുന്ന സിപിഎമ്മിന് ഇതിനെല്ലാം കണക്കു പറഞ്ഞ് മറുപടി നല്‍കേണ്ടി വരും.
സംസ്ഥാനം കനത്ത പോരാട്ട ചൂടിലേക്കാണ് കടക്കുന്നത്. ഭരണകക്ഷിക്കെതിരെ ആരോപണശരങ്ങളെയ്യാന് പ്രതിപക്ഷത്തിന് ആവനാഴിയില്‍ എയ്താല്‍ തീരാത്ത അമ്പുകളാണ് ഇക്കുറിയുള്ളത്. സിപിഎം ഇതുപോലെ പ്രതിസന്ധി നേരിടുന്ന തെരഞ്ഞെടുപ്പ് ഇതിനു മുമ്പുണ്ടായിട്ടില്ല.
സ്പ്രിങ്കളര്‍, പമ്പാ മണല്‍ക്കടത്ത്, സ്വര്‍ണക്കടത്ത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന് ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് വ്യാപാരം, ഇഡിയുടെ സംസ്ഥാന വ്യപകമായ റെയ്ഡ്, വാളയാര്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം മറുപടി പറയാനാകാതെ പാര്‍ട്ടി വട്ടംകറങ്ങുന്നതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയത്. നേതാക്കള്‍ വോട്ടര്‍മാരുമായി അടുത്ത് ഇടപഴകിയിട്ടുള്ള തെരഞ്ഞെടുപ്പ് ആയതിനാല്‍ ചോദ്യങ്ങളെ നേരിടുന്നവര്‍ വിയര്‍ക്കും.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശം പിടിക്കുന്നവര്‍ നിയമസഭയും പിടിക്കുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എന്‍ഡിഎ മൂന്ന് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ തിരുവനന്തപുരം നഗരസഭയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
വിവാദങ്ങളിലായതിനാല് സിപിഎമ്മിന് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കൂടാതെ ഘടക കക്ഷികള്‍ക്കുള്ള സീറ്റ് വിഭജനത്തില്‍ ധാരണയായട്ടില്ല. അടുത്തിടെ എല്‍ഡിഎഫ് മുന്നണിയില്‍ എത്തിയ മാണി കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളാണ് കീറാമുട്ടിയാകുന്നത്. വച്ചു മാറാന്‍ സിപിഐ തങ്ങളുടെ സീറ്റ് നല്കാന് തയാറല്ല. നക്സലൈറ്റ് വെടിവയ്പ്പിനെതിരെ സിപിഐ രംഗത്തു വന്നതും മുന്നണിയില്‍ എതിരഭിപ്രായത്തിന് കാരണമായി.
സീറ്റ് ചര്‍ച്ച നടത്താന്‍ സാധിക്കാതെ കോണ്‍ഗ്രസും ബുദ്ധിമുട്ടിലാകുന്നു. കോണ്‍ഗ്രസിന്റെ തിരുവനന്തപുരം മണ്ഡലത്തിലെ സീറ്റ് നിര്‍ണയ ചര്‍ച്ചയിലെ കൈയാങ്കളിയെ തുടര്‍ന്ന് രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: