തൃശൂര്‍: തൃശൂരില്‍ ഘടകകക്ഷി ചര്‍ച്ചകളും സീറ്റ് വിഭജനങ്ങളും സ്ഥാനാര്‍ഥിനിര്‍ണയവും ഏകദേശം പൂര്‍ത്തിയാക്കിയ നിലയിലാണ് മുന്നണികള്‍. ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക എന്നതാണ് അടുത്തപടി. ജില്ലയില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് ഒട്ടെല്ലാ സീറ്റുകളിലും നടക്കുന്നത്.
കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തില്‍ 29 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായി 274 വാര്‍ഡുകളിലേക്കും 17 ബ്ലോക്ക് പഞ്ചായത്തുകളിലായി 213 ഡിവിഷനുകളിലേക്കും 86 ഗ്രാമപഞ്ചായത്തുകളില്‍ 1465 വാര്‍ഡുകളിലുമായി 2036 വാര്‍ഡുകളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ വര്‍ഷം ജൂണില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 25,36,118 വോട്ടര്‍മാരാണുള്ളത്. ഒക്ടോബര്‍ 31ന് കൂടുതലായി ചേര്ത്തതുള്പ്പെടെയുള്ളതില് തിരുത്തല്‍ ഭേദഗതി നടപടികള്‍ പുരോഗമിക്കുകയാണ്. അങ്ങനെയങ്കില്‍ 27 ലക്ഷത്തോളം വോട്ടര്‍മാരുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. ഇടതുമുന്നണിക്ക് വന്‍ നേട്ടവുമുണ്ടാവുകയും ചെയ്തു. 2020ല്‍ കനത്ത പ്രതിസന്ധിയെയാണ് ഇടതുമുന്നണിയും നേരിടുന്നത്. ഏറെ വിവാദമായ ലൈഫ് മിഷന് ഫഌറ്റ് നിര്‍മാണം നടക്കുന്നത് ജില്ലയിലാണെന്നതുകൊണ്ട് തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഈ വിഷയം കത്തിനില്ക്കുമെന്നുറപ്പ്. ദുര്‍ബലമായ സംഘടനാ സംവിധാനവും മുന്നണിക്കുള്ളിലും, പാര്‍ട്ടിയിലുമുള്ള അസംതൃപ്തരുടെ പടയാണ് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും വലയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അഴിമതി വിരുദ്ധ പ്രതിച്ഛായയും ശക്തമായ സംഘടനാ സംവിധാനവും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും എന്‍ഡിഎയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: