കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയമില്ലാത്ത രാഷ്ട്രീയ മത്സരമാണെന്ന് പറയാറുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് പതിവ് മാറ്റും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു, ഇനി കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന രാഷ്ട്രീയ സംഭവം തന്നെയായിരിക്കും ഡിസംബര്‍ രണ്ടാം വാരത്തിലെ രാഷ്ട്രീയ പോരാട്ടം.
അടുത്ത കേരള ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാകും ഡിസംബറിലെ ജനവിധി. താഴേത്തട്ടില്‍ വികസനം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പഞ്ചായത്തീരാജ് സംവിധാനത്തെ രാഷ്ട്രീയമില്ലാത്ത സമിതികള്‍ ഭരിക്കണമെന്നാണ് തത്വത്തില്‍ സങ്കല്‍പ്പം. പക്ഷേ, പ്രയോഗതലത്തില്‍ അത് തെരഞ്ഞെടുപ്പുകാലത്തു മാത്രമേ ഉള്ളു. ഇത്തവണയാകട്ടെ കടുത്ത രാഷ്ട്രീയ മത്സരം, സംസ്ഥാനത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ മുന്നിര്ത്തിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പതിനായിരക്കണക്കിന് പ്രാദേശിക വിഷയങ്ങള്‍ ഉള്ളതിനൊപ്പം വോട്ടെടുപ്പില്‍ നിര്‍ണായകമാകുന്ന പത്ത് വിഷയങ്ങള്‍ നിരത്തിയാല്‍ ഇങ്ങനെയാണ്.
- ഭരണത്തിലെ അഴിമതിയും നേതാക്കളുടെ മക്കള്‍ വിഷയവും
- സ്ത്രീ പീഡനങ്ങളും അക്രമ സംഭവങ്ങളും
- സ്വര്‍ണക്കടത്തും അതിലെ ഭരണ മുന്നണി-സര്‍ക്കാര്‍ പങ്കാളിത്തവും എം. ശിവശങ്കറും സ്വപ്നയും
- ലൈഫ് മിഷന് അഴിമതിയും അതിലെ രാഷ്ട്രീയ പക്ഷപാതവും
- തൊഴിലില്ലായ്മയ്ക്കിടെ ഭരണക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി നടത്തുന്ന വഴിവിട്ട നിയമനങ്ങള്‍
- ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ തുടര്‍ച്ചകള്‍
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച്
- പ്രളയ ദുരന്തവും ഫണ്ട് വിനിയോഗവും പുനര്‍നിര്‍മാണത്തിലെ പൊള്ളത്തരങ്ങളും, കിറ്റു വിതരണത്തിലെ അപാകങ്ങളും
- സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് അനുവദിച്ച സാമ്പത്തിക സംവരണ വിഷയം
- കൊവിഡ് പ്രതിരോധവും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും.
ഈ വിഷയങ്ങളില്‍ നേട്ടമെന്ന് സര്‍ക്കാരും ഇടതുമുന്നണിയും അവകാശവാദം ഉന്നയിക്കുമ്പോള്‍ യുഡിഎഫ് പൂര്‍ണമായും എതിര്‍ക്കാനാവാതെ കുഴങ്ങും. മുന്‍ ഭരണകാലത്തും ഇതൊക്കെത്തന്നെയായിരുന്നു എന്ന വിമര്‍ശനങ്ങളില്‍ യുഡിഎഫ് മറുപടിക്ക് വിഷമിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കും താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ഇടതു-വലത് മുന്നണികളുടെ ഭരണം തുറന്നു കാട്ടാന്‍ ബിജെപി-എന്‍ഡിഎ മുന്നണി ശ്രമിക്കും.
അതിനിടെ, മുന്നണി രാഷ്ട്രീയം മാറിമറിഞ്ഞതും മുസ്ലിംലീഗുള്‍പ്പെടെ ഇടതും വലതും മാറിക്കളിക്കുന്ന അടിയൊഴുക്കുകളും നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: