കൊല്ലം: അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പോലീസ് കോടതിയില്‍. കൊലപാതകം ആസൂത്രിതമാണോ എന്നു കണ്ടെത്തുന്നതിനെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും വ്യക്തമാക്കിയാണ് പോലീസ് ജില്ലാ കോടതിയെ സമീപിച്ചത്.
ഉളിയക്കോവില്‍ പഴയത്ത് ജംഗ്ഷന് സമീപം സ്നേഹനഗറില്‍ ദാമോദര്‍ മന്ദിരത്തില്‍ മോസസ് ദാമോദര്‍-ലീന ദമ്പതികളുടെ മകള്‍ അഭിരാമി (24) ആണ് അടിവയറ്റിലും നെഞ്ചത്തും കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. അഭിരാമിയുടെ അമ്മ ലീനയ്ക്കും കഴുത്തില്‍ കുത്തേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തില്‍ പഴയത്ത് ജംഗ്ഷന് ഫാമിലി നഗറില്‍ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (44), മകള്‍ സൗമ്യ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.
വീടിന് മുന്നിലേ വഴിയിലേക്ക് മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തതിനാണ് ലീനയുമായി ഉമേഷ് ബാബുവും കുടുംബവും വഴക്കാരംഭിച്ചത്. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഉമേഷ്ബാബുവിനെ കൊലയില്‍ സഹായിച്ചെന്ന കുറ്റമാണ് ഭാര്യ ശകുന്തളയുടെയും മകള്‍ സൗമ്യയുടെയും മേല്‍ ചുമത്തിയിരിക്കുന്നത്. ലീനയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വിളിച്ചുവരുത്തുകയും കുതറിപ്പോകാതെ പിടിച്ചുനിര്‍ത്തുകയും ചെയ്തത് ശകുന്തളയും സൗമ്യയും ചേര്‍ന്നാണെന്ന് പോലീസ് പറയുന്നു. ലീനയുടെ നിലവിളി കേട്ടെത്തിയ അഭിരാമിയെ ഉമേഷ് ബാബു കുത്തിവീഴ്ത്തുകയായിരുന്നത്രെ.
ഗുരുതരപരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീന ശസ്ത്രക്രിയയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഡിസ്ചാര്‍ജായി. കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അഭിരാമിയുടെ മൃതദേഹം വിദേശത്തായിരുന്ന പിതാവ് എത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച അടക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: