തലയ്‌ക്കു മീതെ തിളച്ചു മറിയുന്ന സൂര്യന്‍. താഴെ ചുട്ടു പഴുത്ത മണല്‍ക്കാടുകള്‍. മധ്യത്തില്‍ ഉണങ്ങിവരണ്ട കുറ്റിച്ചെടികള്‍ക്കിടയില്‍ വിശപ്പകറ്റാന്‍ അലയുന്ന ഒട്ടകങ്ങള്‍. അതിനിടയിലാണ് കടലിരമ്പം പോലെ ആ ഹെലികോപ്റ്ററുകള്‍ പറന്നുവന്നത്. ശബ്ദം കേട്ട് വിരണ്ട് തല ഉയര്‍ത്തിയ പാവം ഒട്ടകങ്ങളുടെ നേര്‍ക്ക് യന്ത്രത്തോക്കില്‍നിന്ന് തുരുതുരാ വെടിയുണ്ടകള്‍ പാഞ്ഞുവന്നു. ചുടുമണല്‍ ചുടുരക്തം കൊണ്ട് നനഞ്ഞു. 2020 ജനുവരി ആദ്യ വാരം വടക്ക് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നടന്ന ക്രൂരമായ ഒട്ടകഹത്യയില്‍ കൊല്ലപ്പെട്ടത് പതിനായിരം സാധു ജീവികള്‍. മറുനാടുകളില്‍നിന്ന് നാട്ടുമൃഗങ്ങളായി കപ്പലിലെത്തി കാര്യം കഴിഞ്ഞ് കാട്ടുമൃഗങ്ങളാകാന്‍ വിധിക്കപ്പെട്ട ഒരു തലമുറയുടെ പിന്‍മുറക്കാര്‍.
മണല്‍ക്കാടുള്ളിടത്തൊക്കെ ഒട്ടകങ്ങള്‍ മരുഭൂമിയിലെ കപ്പലുകളാണ്. ചുട്ടുപൊള്ളുന്ന വെയിലിലും വിശ്രമമില്ലാതെ ഭാരം ചുമക്കുന്ന പാവം ജീവികള്‍. വെള്ളം തുള്ളിയില്ലാതെ ആഴ്ചകള്‍ ജീവിക്കും. ദിവസം 70 കിലോമീറ്റര്‍ വരെ നടക്കും. ഏല്‍പ്പിച്ച ചുമടും ചുമടിന്റെ ഉടയവനും അവയുടെ ചുമലില്‍ എന്നും സുരക്ഷിതം. ഈ കഴിവുകളാണ് ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ഒട്ടകങ്ങള്‍ക്ക് വിനയായി മാറിയത്. സമ്പത്ത് വെട്ടിപ്പിടിക്കാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ക്ക് ഭൂമിയുടെ പ്രത്യേകത ഒരുപാട് വിഷമമാണുണ്ടാക്കിയത്. കയറ്റിറക്കമുള്ള ഭൂമി. പലേടത്തും മരുഭൂമി. വണ്ടിയും വള്ളവുമില്ല. വിദൂര നാടുകളിലെത്താന്‍ പേരിനൊരു റോഡു പോലുമില്ല. അതിനൊരു പരിഹാരമായാണ് അവര്‍ ഒട്ടകത്തെ കണ്ടെത്തിയത്. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ (ബ്രിട്ടീഷ് ഇന്ത്യ) എന്നിവിടങ്ങളില്‍ നിന്നുള്ള മേന്മയേറിയ ഒട്ടകങ്ങള്‍ കപ്പലില്‍ കയറി ഓസ്‌ട്രേലിയയിലെത്തി. ഒട്ടകത്തെ പരിപാലിക്കാനുള്ള ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാനും അവര്‍ക്ക് ‘ഖാന്‍’ പദവി നല്‍കാനും ബുദ്ധിമാന്മാരായ ബ്രിട്ടീഷുകാര്‍ മറന്നില്ല. ഓസ്‌ട്രേലിയയിലേക്കുള്ള മുസ്ലിം കുടിയേറ്റത്തിന്റെ തുടക്കവും ഈ ഒട്ടകങ്ങള്‍ക്കൊപ്പമായിരുന്നത്രേ. 1840 കളിലായിരുന്നു ഈ ഇറക്കുമതി. 1870 നും 1920 നും ഇടയില്‍ 20000 ഒട്ടകങ്ങളെ ഇറക്കുമതി ചെയ്തതായാണ് കണക്ക്.
പക്ഷേ ലോകമഹായുദ്ധവും, തുടര്‍ന്ന് വ്യാവസായിക മേഖലയിലുണ്ടായ കുതിച്ചുചാട്ടവും യന്ത്രങ്ങളുടെ പരമ്പരയ്‌ക്ക് തന്നെ രൂപം നല്‍കി. 1930 ആയപ്പോഴേക്കും ആവശ്യക്കാരനു യോജിച്ച നിരവധി വാഹനങ്ങള്‍ ആസ്‌ട്രേലിയയിലുമെത്തി. അങ്ങനെ രാജ്യത്തിനു നെടുകെയും കുറുകെയും റോഡ് ഉണ്ടായി. റെയില്‍ പാളങ്ങള്‍ വന്നു. ചരക്കുകളുമായി തീവണ്ടികള്‍ കൂകിപ്പാഞ്ഞു. ഒട്ടകങ്ങള്‍ തൊഴില്‍രഹിതരായി.
അവയെ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം ഉള്‍ക്കാടുകളിലേക്ക് ഓടിച്ചു കയറ്റുകയെന്നതായിരുന്നു. കാട്ടില്‍ അവ പെറ്റു പെരുകി. അമേരിക്കയിലെ മസ്ടാങ് കുതിരകളെപ്പോലെ, സ്‌കോട്ട്‌ലാന്റിലെ സോയി ആടുകളെപ്പോലെ നാട്ടുമൃഗമായ ഒട്ടകവും കാട്ടുമൃഗമായി മാറി. പക്ഷേ ഓസ്‌ട്രേലിയയിലെ ജൈവ മണ്ഡലത്തില്‍ ഏച്ചുവച്ച അവ മുഴച്ചുനിന്നു. പ്രകൃതിദത്തമായ ശത്രുക്കളുടെ അഭാവത്തില്‍ പെറ്റുപെരുകി തഴച്ചുവളര്‍ന്നു.
പക്ഷേ കാട്ടുതീയും കൊടുംവേനലും ജലക്ഷാമവും ഒട്ടകങ്ങളെ വേട്ടയാടി. നല്ല കാലാവസ്ഥയില്‍ തിന്നും കുടിച്ചും ഇണചേര്‍ന്നും മദിച്ച അവ ചീത്ത കാലാവസ്ഥയില്‍ ആദിവാസി ഭൂമിയും മേച്ചില്‍ സ്ഥലങ്ങളും കൃഷിയും ആക്രമിച്ചു നശിപ്പിച്ചു. ഗതി മുട്ടുമ്പോള്‍ കൂട്ടമായി ഹൈവേകളില്‍ ഇറങ്ങി വേലി തകര്‍ത്ത് പറമ്പുകളിലെ കൃഷി നശിപ്പിച്ചു. വെള്ളം നിറഞ്ഞ കുളങ്ങള്‍ ചവിട്ടിക്കലക്കി. അവയില്‍ ചത്തുവീണവ ചീഞ്ഞ് കുടിവെള്ളം മലിനമാക്കി. എയര്‍കണ്ടീഷനറുകളുടെ പൈപ്പുകള്‍ പോലും വെള്ളത്തിനായി കടിച്ചുപൊട്ടിച്ചു. 2019 ഓസ്‌ട്രേലിയയില്‍ വരള്‍ച്ചയുടെ വര്‍ഷമായിരുന്നു. മഴയുടെ ശരാശരിയില്‍ 40 ശതമാനം കുറവ്. പിന്നെ ഒട്ടകങ്ങള്‍ എന്തുചെയ്യും?
2009 ലെ കണക്ക് പ്രകാരം 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭൂമിയില്‍ പത്ത് ലക്ഷം ഒട്ടകങ്ങള്‍ ഉണ്ടത്രെ. ആദിവാസി ഭൂമിയില്‍ പകുതിയും ഒട്ടകഭീഷണിയിലാണ്. ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് അവ വര്‍ഷം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് വരുത്തി വയ്‌ക്കുന്നത്. ഒട്ടകങ്ങളെ വരിയുടച്ച് പ്രശ്‌നം പരിഹരിക്കാനും, ഇറച്ചി കയറ്റുമതി ചെയ്ത് എണ്ണം കുറയ്‌ക്കാനുമൊക്കെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. നല്ല ജനിതക ഗുണമുള്ളവയെ പിടിച്ച് മറുനാടുകളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമവും ഫലവത്തായില്ല. പിന്നെ ഒരേയൊരു മാര്‍ഗം മാത്രം-കൂട്ടക്കൊല. 2009 നുശേഷം ഒന്നരലക്ഷം ഒട്ടകങ്ങളെയെങ്കിലും വെടിവച്ച് കൊന്നിട്ടുണ്ടാവുമെന്ന് സര്‍ക്കാര്‍ അധീനതയിലുള്ള ആസ്‌ട്രേലിയ ‘ഫെറാല്‍ ക്യാമല്‍ മാനേജ്‌മെന്റ് പ്രൊജക്ട്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിലെ ഒട്ടകക്കഥകള്‍ നമുക്കൊരു പാഠമാവണം. വംശഹത്യ നടത്തി ജൈവ വൈവിധ്യം തകര്‍ക്കുന്നത് അപകടകരമാണെന്നതുപോലെ ആലോചനയില്ലാതെ അന്യജീവികളെ ജൈവമണ്ഡലത്തിലേക്ക് സന്നിവേശിപ്പിക്കുന്നതും അത്യന്തം അപകടകരമാണെന്ന പാഠം. അത്തരം നിര്‍ബന്ധിത ബയോ ഇന്‍വേഷനു(ജൈവ കടന്നുകയറ്റം)കള്‍ അത്യന്തം അപകടകരമാവുമെന്ന പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: