ഒരു ദിശാസൂചനയോ പരസ്യപ്പലകയോ പ്രചാരണ വേലകളോ ഇല്ലാതെ ഉറച്ച കാല്‍വെപ്പുകളാല്‍ മുന്നോട്ടു നടന്ന് കലാലോകത്തിന് പ്രിയങ്കരമാവുകയാണ് പാലക്കാട് ജില്ലയിലെ വെള്ളിനഴി കലാഗ്രാമത്തിലെ ‘ഭാസ്കരീയം.’ അകമഴിഞ്ഞ് സഹായിക്കുന്നവരില്ലാതെ എല്ലാം സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍, എതിര്‍പ്പുകളുടെ പത്മവ്യൂഹം ചമച്ചുകൊണ്ടേയിരിക്കുമ്പോള്, ആ വൈതരണികളെ നിറഞ്ഞ സത്യസന്ധമായ ഇച്ഛാശക്തിയാല്‍ മറികടന്ന്, തന്റെ ലോകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിവരുന്നു രതീഷ് എന്ന ഇളംപ്രായക്കാരനായ കലാകാരന്.
വെള്ളിനേഴിയിലെ രതീഷ് ഭാസ്കരീയം സൗമത്യതയുടെ കാവലാളാണ്. നിഷ്ഠയുടെ തീവ്രതയാണ്. കലയുടെ ഉപാസകനും അറിയപ്പെടുന്ന ദാരുശില്പിയുമാണ്. വിഗതികളില്‍ മാര്‍ഗ്ഗം പലപ്പോഴും തടസ്സപ്പെടുമ്പോഴും പതറാത്ത ലക്ഷ്യബോധത്തോടെ മുന്നേറുകയാണ്.
‘കലാഗ്രാമം’ എന്ന് കൊട്ടിഘോഷിക്കുകയും, അവിടെ വളര്‍ന്നുവരുന്ന കലാകാരമാര്‍ നിഷ്കരുണം പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമാകാത്തതാണ് അത്യത്ഭുതം!
ഒരു ദിശാസൂചനയോ പരസ്യപ്പലകയോ പ്രചാരണ വേലകളോ ഇല്ലാതെ ഉറച്ച കാല്‍വെപ്പുകളാല്‍ മുന്നോട്ടു നടന്ന് കലാലോകത്തിന് പ്രിയങ്കരമാവുകയാണ് പാലക്കാട് ജില്ലയിലെ വെള്ളിനഴി കലാഗ്രാമത്തിലെ ‘ഭാസ്കരീയം.’ അകമഴിഞ്ഞ് സഹായിക്കുന്നവരില്ലാതെ എല്ലാം സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍, എതിര്‍പ്പുകളുടെ പത്മവ്യൂഹം ചമച്ചുകൊണ്ടേയിരിക്കുമ്പോള്, ആ വൈതരണികളെ നിറഞ്ഞ സത്യസന്ധമായ ഇച്ഛാശക്തിയാല്‍ മറികടന്ന്, തന്റെ ലോകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിവരുന്നു രതീഷ് എന്ന ഇളംപ്രായക്കാരനായ കലാകാരന്.
നൈസര്‍ഗ്ഗികമായ വാസനയാണ് ഏതൊരു കലാകാരനും അനിവാര്യമായി ഉണ്ടാകേണ്ടതെന്ന് രതീഷിലൂടെ പലരും തിരച്ചറിയേണ്ടിയിരിക്കുന്നു. കഥകളിക്കോപ്പുനിര്മാണത്തില്, തന്റെ പുതിയ ഭാവനകളെ സാക്ഷാത്ക്കരിക്കുമ്പോള്‍, അവിടെ രതീഷ് ആദരിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു. എന്നാല്‍ നാടിന്റെ പ്രകടമായ അംഗീകാരമോ അനുമോദനമോ ഈ ശില്പിക്ക് കിട്ടുന്നില്ല.
വെള്ളിനേഴി കോതാവില്‍ ഭാസ്ക്കരന്റേയും രമണിയുടേയും മകനായി ജനിച്ച രതീഷിന്റെ ഹൈസ്ക്കൂള് തലം വരെയുള്ള വിദ്യാഭ്യാസം സ്ഥലം ഗവ.ഹൈസ്ക്കൂളിലായിരുന്നു. തുടര്‍ന്ന് പട്ടാമ്പി ഫൈന്‍ ആര്‍ടസ് സ്കൂളില്‍ നിന്നും ചിത്രകലയില്‍ ഡിപ്ലോമ നേടി. പിന്നീട് പെരിന്തല്‍മണ്ണയിലെ കെല്‍ട്രോണില്‍ നിന്ന് ആനിമേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കി. ജന്മനാലുള്ള രചനാചാതുരിയും കൊത്തുപണിയിലെ വൈഭവവും നിരവധി ചിത്രങ്ങള്‍ക്കും ശില്പ്പങ്ങള്ക്കും അക്കാലങ്ങളില്‍ത്തന്നെ രൂപം നല്കി. അവ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
കോഴ്സ് പൂര്‍ത്തിയാക്കി മദിരാശിയിലെ പ്രസാദ് ഫിലിം ഇന്ഡസ്ട്രീസില് ജോലിയില്‍ പ്രവേശിച്ചു. പഴകി നിറംമങ്ങിയ റീലുകളുടെ പുനര്‍ നിര്‍മാണം. ഉറക്കമൊഴിച്ചായിരുന്നു പ്രവര്‍ത്തനം. ഉള്ളിലുള്ള കലാകാരനും, നിരന്തരമായി ഉറക്കം നഷ്ടപ്പെടുന്നതിലെ ആരോഗ്യ പ്രശ്നങ്ങളും ആറു മാസത്തിലധികം ആ ജോലിയില്‍ തുടരുവാന്‍ അനുവദിച്ചില്ല. അതിനിടയില്‍ രതീഷിലെ ഭാവനാനിരതമായ കലാഹൃദയം കണ്ടറിഞ്ഞ സംഗീതജ്ഞനും സുഹൃത്തുമായ വെള്ളിനേഴി സുബ്രമണ്യന്‍ മുഖാന്തരം, സദനം ഹരികുമാറിനെ പരിചയപ്പെടുകയും, ഹരികുമാര്‍ കൊടുത്ത കിരീടത്തില്‍ നിന്നും അളവുകള്‍ എടുത്ത് പുതിയ ഒരു കിരീടം നിര്‍മിക്കുകയും ചെയ്തു. ശങ്കയോടെ സമീപിച്ച തന്നോട്, ‘ഈ കിരീടം കൊണ്ടുപൊയ്ക്കൊ… ആവശ്യം കഴിഞ്ഞ് മടക്കിത്തന്നാല്‍ മതി’ എന്ന ഹരികുമാറിന്റെ വാക്കുകള്‍ നിവര്ന്നുനില്ക്കുവാന് പ്രേരണ നല്കി കലാമണ്ഡലം രാമച്ചാക്യാരുടെ സഹകരണത്തോടെ ഒരു ചാക്യാര്‍കൂത്ത് കിരീടമുണ്ടാക്കിയതാണ് ഈ മേഖലയിലെ തുടക്കം.
കലാമണ്ഡലം രാംമോഹന്‍ എഴുതിയ ‘നേപത്ഥ്യം’ വാങ്ങി പരിശോധിച്ചുകൊണ്ട് സദനം ഹരികുമാര്‍ നല്കിയ കിരീടവുമായി തട്ടിച്ചുനോക്കി, ആദ്യത്തെ കിരീടം യാതൊന്നും ആഗ്രഹിക്കാതെ നിര്‍മ്മിച്ചു. ഈ കിരീടമടക്കം മെയ്ക്കോപ്പുകളും തന്റെ മുഴുവന്‍ കലാസൃഷ്ടികളും ഉള്‍ക്കൊള്ളിച്ചുള്ള ആദ്യപ്രദര്‍ശനം 2011ല്‍ ഒളപ്പമണ്ണ മനയില്‍ നടന്നു. സദനം ഹരികുമാര്‍ തന്നെയായിരുന്നു ഉദ്ഘാടകന്‍. കിരീടത്തിലെ ചില പാകപ്പിഴകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും, കോപ്പ് ചുട്ടി വിഭാഗത്തിലെ അവസാന വാക്കായ കലാമണ്ഡലം രാംമോഹനാശാനെ ചെന്നുകണ്ട് കൂടുതല്‍ പരിജ്ഞാനം നേടുവാന്‍ നിര്‍ദ്ദേശിച്ചതും, വേണ്ട സഹായങ്ങള്‍ നല്കിയതും അദ്ദേഹമായിരുന്നു.
ഒരുപക്ഷേ ഈ പ്രദര്‍ശനത്തെ തുടര്‍ന്നാവണം ചെറിയതോതില്‍ നിലനിന്നുവന്നിരുന്ന കുടിപ്പകയ്ക്ക് ചിന്തേരിടാന്‍ സ്ഥലത്തെ പ്രമുഖരാഷ്ട്രീയ, ഭരണസ്വാധീനത്തോടെ ഇവര്‍ക്കെതിരെ തിരിയുന്നത്. ഒന്നിലും ഇടപെടാതെ സ്വന്തം കലയുമായി മുന്നോട്ടു നടന്ന ഇവരുടെ പാതകള്‍ പ്രശ്നകലുഷിതങ്ങളായി. വീടിനോട് ചേര്‍ന്ന് മരപ്പണികള്‍ക്കും മറ്റുമായി ചെയ്ത ചെറിയ ലെയ്ത്തും പ്ലെയിനറും കൊണ്ടായിരുന്നു കടഞ്ഞെടുത്തത്. വീടിനും ലെയ്ത്തിനും വെവ്വേറെ കറന്റ് കണക്ഷനുമുണ്ടായിരുന്നു. കിരീടം നിര്‍മ്മിച്ചതോടെ അന്നുവരെ കോപ്പ് നിര്‍മ്മാണത്തിലെ-മരപ്പണികളിലെ-മേല്ക്കോയ്മയിലിരുന്നവര്ക്ക് അസ്വാരസ്യം തുടങ്ങിയെന്നത് സ്വാഭാവികം! പക്ഷേ കലാഗ്രാമവും കലാസാഹിത്യ മേഖലകളെ കയ്യയച്ച് പ്രോത്സാഹിപ്പിക്കുന്നുവെന്നവകാശപ്പെടുന്ന പ്രാദേശിക ഭരണകൂടവും ‘ഭാസ്കരീയം’ അടച്ചു പൂട്ടിക്കുവാന്‍ കച്ചകെട്ടിയിറങ്ങി. പക്ഷേ നിലവിടാതെ അചഞ്ചലമായി, സ്വന്തം സത്യസന്ധതയില്‍ ഉറച്ചുനിന്ന് രതീഷ് കര്മസിദ്ധിയുമായി മുന്നോട്ടു പോയി. ഇലക്ട്രിസിറ്റി ബോര്‍ഡ്, പൊല്യൂഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി പരിശോധന നടത്തി, തടസ്സവാദങ്ങളുന്നയിച്ചപ്പോഴും ചിരിച്ചു കൊണ്ടുതന്നെ ഇവര്‍ അതിനെ നേരിട്ടു. വൈദ്യുതി വിച്ഛേദിച്ച ശേഷം ജനറേറ്റര്‍ ഉപയോഗിച്ചായിരുന്നു പണിയെടുത്തിരുന്നത്. ശബ്ദം, പുക എന്നെല്ലാം പറഞ്ഞ് അതും അവസാനിപ്പിച്ചു. വിവിധ പരാതികളിലെ അന്വേഷണങ്ങള്‍ക്കായി എത്തുന്ന പഞ്ചായത്തിലേയും, വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ സത്യം തിരിച്ചറിഞ്ഞ് മടങ്ങിയപ്പോള്‍, അയല്പക്കത്തുള്ള വീടുകളെ ഇവര്‍ക്കെതിരെ തിരിച്ചു.
”പരദേവതയായ കാന്തളൂരപ്പനും ഒളപ്പമണ്ണമനക്കലെ ഭഗവതിയും ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഞങ്ങളെന്തിനു ഭയക്കണം? എതിര്‍പ്പുകളെ പോസിറ്റീവ് ആയി എടുത്ത് കുറ്റമറ്റ രീതിയില്‍ പ്രവൃത്തിയെ നയിക്കുക എന്നതാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള നയം! കുലത്തൊഴില്‍ ശ്രദ്ധേയമായ വിധം ചെയ്യുന്നു എന്നതൊഴിച്ചാല്‍ എന്ത് ആഭിചാരമാണ് ഞങ്ങളില്‍ ചുമത്താനുള്ളത്?” രതീഷിന്റെ മുതിര്‍ന്ന സഹോദരനും വാസ്തുശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനുമായ രമേഷ് പറയുന്നു.
കലാമണ്ഡലം രാംമോഹനാശാനെ പരിചയപ്പെട്ടത് ശുഭോദര്‍ക്കമായ ഒരു നിമിത്തമായി താന്നെന്നും മനസ്സില്‍ സൂക്ഷിക്കുമെന്ന് രതീഷ് പറയുന്നു. പയറ്റിതെളിയുവാനുള്ള മനോധൈര്യം അവിടന്നാണ് കിട്ടിയതും. ‘രതീഷിനെ അങ്ങോട്ടയക്കട്ടെ’ എന്ന് ചോദിച്ച സദനം ഹരികുമാറിനോട്, ”പണം തന്ന് പഠിക്കാനാണെങ്കില്‍ ഇങ്ങോട്ടു വരണ്ട. മറിച്ചാണെങ്കില്‍ വിട്ടോളൂ” എന്ന് ഒരു നിമിഷംപോലും നഷ്ടപ്പെടുത്താതെ പ്രതികരിച്ച ആ വലിയ മനുഷ്യനാണ് തന്റെ ഊര്‍ജ്ജവും വഴികാട്ടിയുമെന്ന് രതീഷിനുറപ്പുണ്ട്.
താനാദ്യമായുണ്ടാക്കിയ കിരീടം പരിശോധിച്ച് ”ഇതില്‍ രതീഷിന്റെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവികമായ ചില അപാകങ്ങളേയുള്ളൂ. അത് തിരുത്താവുന്നതേയുള്ളുതാനും”-രാംകുമാറാശാന് പറഞ്ഞപ്പോള്‍ മനംനിറഞ്ഞു. രണ്ടുവര്‍ഷം അദ്ദേഹത്തിനു കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ത്തന്നെ ശാസ്ത്രീയമായി കോപ്പുനിര്മാണത്തില് അവഗാഹം നേടുകയായിരുന്നു രതീഷ്. ചെറിയൊരു കനലായി കലാദേവത തന്നിലര്‍പ്പിച്ച ദൗത്യം, വൈതരണികളെയെല്ലാം മറികടന്ന് ശുദ്ധമാക്കുന്ന അഗ്നികുണ്ഡമാക്കി മാറ്റിയെടുക്കുവാന്‍ രതീഷിനു കഴിഞ്ഞത് രാംമോഹനാശാന്റെ സ്നേഹനിര്‍ഭരമായ ശിക്ഷണമായിരുന്നു. ഒരു ചെറിയ തെറ്റുപോലും വന്നു പോകരുത്, കൂരമ്പുകളെറിയുവാനായി അവസരം കാത്ത് നിഷാദന്മാര് കാത്തുനില്‍പ്പുണ്ട്. ഈ യാഥാര്‍ത്ഥ്യം പലവുരു തന്റെ പണിശാലയിലിരുന്ന് മനസ്സില്‍ ചൊല്ലിയുറപ്പിയ്ക്കാറുണ്ട് ഈ കലാകാരന്.
വടകര ഇരിങ്ങലി കരകൗശലഗ്രാമത്തില്‍, രതീഷടക്കമുള്ള സംഘം ചെയ്ത ഒരു മാസം നീണ്ടുനിന്ന കഥകളിക്കോപ്പ് നിര്‍മാണ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. മരത്തില്‍ കിരീടം പൂര്‍ത്തിയാക്കിക്കൊടുക്കുന്ന ചുമതലയായിരുന്നു. കിരീടത്തില്‍ ബാക്കി അലങ്കാരപ്പണികള്‍ക്ക് ചുട്ടി കലാകാരന്മാരും സംഘത്തിലുണ്ടായിരുന്നു. തൊട്ടടുത്തവര്‍ഷം വ്യക്തിപരമായ ചില ബുദ്ധിമുട്ടുകളാല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായില്ല. വെള്ളിനേഴി കേന്ദ്രീകരിച്ച് ‘പൈതൃകഗ്രാമം’ എന്ന പേരില്‍ ഒരു പ്രോജക്റ്റ് തയ്യാറാക്കി അതില്‍ പ്രവര്‍ത്തിക്കുവാന്‍ രതീഷിനെ അന്വേഷിച്ച് ഗ്രാമപഞ്ചായത്തിലെത്തിയ ഇരിങ്ങല്‍ സംഘത്തിനോട്, ”ലോകത്തില്‍ കോപ്പു നിര്‍മ്മിക്കുന്നത് ഒരേയൊരാളാണ്, അത് ഇവനല്ലെന്ന്” തെറ്റിദ്ധരിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചു. പക്ഷേ രതീഷിനെ അവര്‍ക്ക് മുന്പരിചയമുണ്ടായിരുന്നല്ലോ. ഇളിഭ്യതമറച്ചുവെച്ച് അവര്‍ പ്രദേശത്തെ മുഴുവന്‍ കലകളേയും കുട്ടിക്കുഴച്ച് ഒരവിയല് രൂപമാക്കി ആഗതരെ ആശയക്കുഴപ്പത്തിലാക്കി മടക്കി അയയ്ക്കുകയാണ് ചെയ്തത്. അതുപോലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടം സെന്ററിന് നിശ്ചിത എണ്ണം കിരീടവും കോപ്പും വര്‍ഷാവര്‍ഷം നല്കുവാനുള്ള ധാരണയും പഞ്ചായത്ത് ഇടപെടലോടെ മൂന്നുമാസത്തില്‍ അവസാനിച്ചു.
കൃഷ്ണനാട്ടത്തിലെ നിറഗര്‍ഭിണിയായ ദേവകിക്കായി നിര്‍മ്മിച്ച മാര്‍ച്ചട്ട, ബന്ധപ്പെട്ട ശില്പിയെ സാഭിമാനം കാണിച്ചഭിപ്രായമാരാഞ്ഞപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. ”ആരു പറഞ്ഞു, ആരോട് ചോദിച്ചു, കണക്കെന്താ” എന്നെല്ലാം കോപാകുലനായി ചോദിച്ച്, ആ യുവമനസ്സിനെ നിര്‍വീര്യമാക്കുവാനാണ് തുനിഞ്ഞത്. പാരമ്പര്യത്തിനപ്പുറം തങ്ങള്‍ക്ക് പരിജ്ഞാനമോ അവഗാഹമോ സങ്കല്‍പ്പമോ ഇല്ലെന്നത് പുറംലോകമറിയുന്നതിലെകുണ്ഠിതമാവാം അത്. ഇവിടെയെല്ലാം വേണ്ടത്ര വീറും വാശിയും അറിവും തന്ന് സദാകൂടെനിന്നത് രാംമോഹനാശാന് തന്നെ!
പരമ്പരാഗതമായി നിര്മ്മിച്ചുവരുന്നതില് നിന്നും വ്യത്യസ്ഥമായി സ്വന്തം ഭാവനകള്‍ക്കും സിദ്ധികള്‍ക്കും അനുസൃതമായ പരീക്ഷണങ്ങള്‍ സ്വായത്തകലയില് സാക്ഷാത്ക്കരിക്കുവാന്‍ കഴിയുന്നിടത്താണ് ഒരു കലാകാരന്റെ വൈഭവം ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ പാളിച്ചകളില്ലെങ്കില്‍ അംഗീകരിക്കപ്പെടുകയും വേണം. കഥകളികിരീടത്തില് നാഗങ്ങളെ ചിത്രണം ചെയ്ത ശിവനായുള്ള കിരീടം, ചാതുരികൊണ്ടും ഉദ്ദേശ്യശുദ്ധി കൊണ്ടും ഇരുകയ്യുംനീട്ടി കഥകളിലോകം സ്വീകരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
പ്രകാശ് കുറുമാപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: