ഒരു കുടുംബത്തിലെ അറുപത്തിയേഴുകാരനായ തലമുതിര്‍ന്ന അംഗം മുതല്‍ ഒരു വയസ്സുകാരനായ പിഞ്ചുകുഞ്ഞുവരെ എല്ലാവരും ചിത്രകലയെ സപര്യയാക്കി കൊണ്ടു നടക്കുക! അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യമായിരിക്കാം. എന്നാല്‍ അറുപത്തി ഏഴുകാരനായ പ്രേം സാഗറും കുടുംബവും ഈ അപൂര്‍വ്വതയുടെ നേര്‍സാക്ഷ്യമാണ്. മികച്ച ചിത്രകാരനായ പ്രേം സാഗറിന്റെ പേരമക്കളായ ഒരു വയസ്സുകാരന്‍ അക്‌സല്‍, സിറില്‍, ലീയ, ആറുവയസ്സുകാരന്‍ ജെസ്സല്‍, മക്കളായ സ്‌റ്റെഫി സാമുവല്‍, സ്‌റ്റെല്ല പ്രഭാസ്, സഹോദരപുത്രന്‍ ഫ്രാന്‍ക്ലിന്‍ സ്റ്റീഫന്‍, സഹോദരീ പുത്രന്മാരായ വത്സലന്‍, ജോസ് പ്രകാശ് എന്നിവരെല്ലാം വരയെ നെഞ്ചോടു ചേര്‍ത്തവര്‍. സര്‍ഗ്ഗ വൈഭവങ്ങളുടെ നിറച്ചാര്‍ത്തൊരുക്കി ലോകത്തെ വിരല്‍തുമ്പുകളിലൂടെ സ്പര്‍ശിക്കുകയാണ് ഇവര്‍. ഇവരുടെ സര്‍ഗ്ഗവാസനയില്‍ ഹൃദ്യവും ആകര്‍ഷകവുമായ നിരവധി ബഹുവര്‍ണ്ണ ചിത്രങ്ങളാണ് ഇതിനകം വിരിഞ്ഞത്.
ലോകപ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗിന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തില്‍ ജനിക്കുക. കുടുംബമൊന്നാകെ ചിത്രകാര പെരുമയില്‍ ശ്രദ്ധിക്കപ്പെടുക. ഒരുപക്ഷേ ദൈവം കനിഞ്ഞനുഗ്രഹിച്ച് നല്‍കിയതാവാമെന്ന് സാഗര്‍ പറയുന്നു. അച്ഛനും പട്ടാളക്കാരനുമായ സക്കറിയയില്‍ നിന്നാണ് പ്രേംസാഗര്‍ വരയുടെ ബാലപാഠം അഭ്യസിച്ചത്. അമ്മ സിസിലിയും ചിത്രകാരി തന്നെ. സാഗറിന്റെ ചെറുപ്രായത്തില്‍ തന്നെ ഇരുവരും ലോകത്തോട് വിടപറഞ്ഞിരുന്നു. പിന്നീട് വലിയമ്മയാണ് വളര്‍ത്തിയത്. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ജീവിതം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പിന്‍ബെഞ്ചിലാണ് സ്ഥാനം. മറ്റു വിഷയങ്ങളില്‍ സമര്‍ത്ഥനല്ലാത്തതു കൊണ്ടല്ല. പലപ്പോഴും ഭാവനാ ലോകത്തായിരിക്കും. വരകൊണ്ട് അധ്യാപകരെ കീഴടക്കാന്‍ പ്രേം സാഗറിനു കഴിഞ്ഞു. ചിത്രകലാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. കൂട്ടത്തില്‍ മഹാകവി ജി. ശങ്കരക്കുറുപ്പില്‍ നിന്ന് സ്വീകരിച്ച സമ്മാനം വിലമതിക്കാനാകാത്ത നിധിയായി ഇന്നും സൂക്ഷിച്ചുവെയ്‌ക്കുന്നു.
പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ഫൈനാര്‍ട്ട്‌സില്‍ പഠനം. തുടര്‍ന്ന് പലയിടങ്ങളില്‍ കൂലിവേലക്കൊപ്പം തനത് രചനാവൈഭവത്തിലൂടെ ചിത്ര വര്‍ണ്ണ വിസമയങ്ങള്‍ തീര്‍ത്ത് കലാകുതുകികളെ ആനന്ദത്തിലലിയിച്ചു. വിദേശത്ത് നിരവധി വര്‍ഷം ജോലി ചെയ്തു. അവിടങ്ങളിലെ സ്‌കൂള്‍ ചുമരുകളില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് വിദ്യാലയ അധികൃതരേയും രക്ഷിതാക്കളേയും വിസ്മയിപ്പിച്ചു.
ഇതുവരെയും തന്റെ കഴിവ് അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന ദുഃഖം പറയാതെ തന്നെ പ്രേംസാഗറിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാം. എന്നാല്‍ ചിത്രകലയിലെ സമഗ്ര സംഭാവനയ്‌ക്കായി കണ്ണൂര്‍ ഇരിട്ടിയിലെ രാജാരവിവര്‍മ്മ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ 2019-ലെ രവിവര്‍മ്മ ചിത്രകലാ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം അദ്ദേഹം പങ്കുവെയ്‌ക്കുന്നു. ശരീരം വഴങ്ങുന്ന കാലത്തോളം വര തുടരണമെന്ന ആഗ്രഹമാണ് മനസ്സുനിറയെ. പല മേഖലകളിലും പ്രശസ്തരായവരുടെ ഛായാ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ചിത്ര ശേഖരത്തിലുണ്ട്. മലയാള സിനിമാ രംഗത്തെ പ്രതിഭകളായ ജയറാം, കമലഹാസന്‍, കാളിദാസന്‍ മൂവരും ഒരുമിച്ചുള്ള ഒരു മീറ്റര്‍ വലിപ്പമുള്ള ഓയില്‍ പെയിന്റില്‍ വരച്ച ചിത്രം അവസരം കിട്ടുമ്പോള്‍ ജയറാമിന് സമ്മാനിക്കാനായി കാത്തിരിക്കുകയാണ്. തനിക്ക് ലഭിക്കാതെ പോയ അവസരങ്ങള്‍, അംഗീകാരങ്ങള്‍ മക്കളിലൂടെയും പേരമക്കളിലൂടെയും നേടി കാണാണമെന്നുളള ആഗ്രഹത്തിലാണ് സാഗര്‍.
തൃശ്ശൂര്‍ പൂമലയിലാണ് പ്രേംസാഗര്‍ വിവാഹശേഷം ഭാര്യ മേരിക്കൊപ്പം താമസിക്കുന്നത്. ജന്മദേശം തിരുവനന്തപുരം ആറ്റിങ്ങലിലാണ്. മക്കളായ സ്‌റ്റെഫിയും സ്‌റ്റെല്ലയും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കണ്ണൂരില്‍. സ്‌റ്റെഫി സാമുവല്‍ കണ്ണാടിപ്പറമ്പ് പുലീപ്പി ഹിന്ദു എല്‍പി സ്‌കൂളിലെ രക്ഷാകര്‍ത്താവാണ്. സ്‌ക്കൂളിലെ ടാലന്റ് ലാബില്‍ ചിത്രകലാ പരിശീലനം നല്‍കുന്നതും സ്‌റ്റെഫിയാണ്. തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്നും നാലു വര്‍ഷത്തെ ചിത്രകലാ പരിശീലനം പൂര്‍ത്തിയാക്കി. അറിയപ്പെടുന്ന കലാകാരിയായില്ലെങ്കിലും ചെറിയ കുട്ടികളെ ചിത്രകല അഭ്യസിപ്പിക്കുന്ന അധ്യാപികയാകണമെന്ന ആഗ്രഹം സഫലമാക്കാനുളള ശ്രമത്തിലാണ് സ്റ്റെഫി. കോവിഡിന് മുമ്പുവരെ കണ്ണാടിപ്പറമ്പ് ഗ്രാമകേളി തീയറ്റേഴ്‌സില്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ കീഴില്‍ കേരള സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള സ്റ്റെഫി നിരവധി കലാക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്.
എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനത്തില്‍ സ്റ്റെഫിയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ക്രിയേറ്റീവ് ആര്‍ട്‌സിനോടാണ് ഏറെ താല്‍പ്പര്യമെന്ന് സ്റ്റെഫി പറയുന്നു. ഓയില്‍ പെയിന്റ്, അക്രിലിക്ക്, വാട്ടര്‍ കളര്‍ എന്നിവയിലാണ് വരകള്‍ ഏറെയും. പുലീപ്പി ഹിന്ദു എല്‍പി സ്‌ക്കൂളിന്റെ ക്ലാസ് ചുമരുകളില്‍ മകള്‍ക്കൊപ്പം അച്ഛനും ചേര്‍ന്ന് വശ്യ മനോഹരവും, കുട്ടികള്‍ക്ക് പഠനോപകാരപ്രദവുമായ നിരവധി ചിത്രങ്ങള്‍ ഇതിനകം വരച്ചിട്ടുണ്ട്.
കലയെ നെഞ്ചേറ്റി ജീവിതത്തെ താളനിബന്ധമായി ആസ്വദിക്കുകയാണ് പരിഭവമേതുമില്ലാതെ ഈ കുടുംബം. ഒപ്പം വരദാനം പോലെ ലഭിച്ച കഴിവിനെ തേച്ചുമിനുക്കി വര്‍ണ്ണ ചിത്രങ്ങളുടെ രൂപത്തില്‍ ദൈവത്തിനെ സ്തുതിച്ച് ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: