പ്രതാപഗഡില്‍ സര്‍വവിധ സന്നാഹങ്ങളും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഗോപിനാഥ പന്തിന്റെ അനുചരന്മാര് വിശേഷപ്പെട്ട വാര്‍ത്തയുമായി വന്നു. ഖാന്റെ ശിബിരത്തില്‍ ബീജാപ്പൂരില്‍ നിന്നുവന്ന രത്നവ്യാപാരികളുണ്ട്. വജ്രങ്ങളും വൈഡൂര്യങ്ങളും അവര്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ വിവരമറിഞ്ഞ ശിവാജി ആ പ്രശ്നവും പരിഹരിച്ചു. വന്ന അതിഥികള്‍ക്ക് അതായത് അഫ്സല്‍ഖാന്‍,അങ്കുശഖാന്, മുസേര്‍ഖാന്‍ മുതലായവര്‍ക്ക് മറ്റ് പ്രശസ്ത സൈന്യാധിപന്മാര്ക്കും സമ്മാനം കൊടുക്കണം. അത് എങ്ങനെ സാധിക്കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് രത്നരാശിയുമായി വ്യാപാരികള്‍ വന്നിട്ടുണ്ടെന്ന വിവരം കിട്ടിയത്. ആ വ്യാപാരികളെല്ലാം അവരുടെ മുഴുവന്‍ വസ്തുക്കളുമായി കോട്ടയില്‍ വരട്ടെ അവരുടെ മുഴുവന്‍ രത്നങ്ങളും വാങ്ങിക്കണം, ആ രത്നങ്ങള്‍കൊണ്ട് എല്ലാ സൈനിക പ്രമുഖന്മാര്ക്കും സമ്മാനങ്ങള്‍ നല്‍കണമെന്ന് നിശ്ചയിച്ചു.
അവിടംതൊട്ട് അന്തിമയുദ്ധതന്ത്രം ആരംഭിച്ചു. കൂടിക്കാഴ്ചക്കായി ശിവാജി ജാവളി പ്രദേശത്തെ തന്റെ സേനാശിബിരത്തില്‍ വരട്ടെ എന്ന് ഖാന് ആജ്ഞാപിച്ചു. പക്ഷേ അവിടെ പോയാല്‍ തന്റെ സര്‍വനാശം സംഭവിക്കുമെന്ന് ശിവാജിക്ക് സ്പഷ്ടമായി അറിയാമായിരുന്നു. അതുകൊണ്ട് കൗശലപൂര്‍വം ഖാനെ പ്രതാപഗഡിന്റെ അടിഭാഗത്ത് കൊണ്ടുവരണമായിരുന്നു, അതിനായി ഗോപിനാഥ പന്തിനെ ഖാന്റെ അടുത്തേക്ക് വീണ്ടും അയച്ചു. ഗോപിനാഥപന്ത് വീണ്ടും ശിവാജി എത്രമാത്രം ഭയപ്പെട്ടിരിക്കുകയാണെന്ന് വിവരിച്ചു. അതുകൊണ്ട് താങ്കള്‍ ഒറ്റയ്ക്ക് കോട്ടയുടെ അടിഭാഗത്ത് വന്ന് ശിവാജിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് നിവേദനം നടത്തി. അത് കേട്ട് ഖാനും ഭയപ്പെട്ടു.
എന്നാല്‍ ഗോപിനാഥപന്ത്ജി വളരെ വിനയപൂ
ര്‍വം കൂടിക്കാഴ്ചയുടെ സ്വഭാവം വിവരിച്ചു. അവസാനം ഇതുപോലുള്ള സ്നേഹപൂര്‍ണമായ കൂടിക്കാഴ്ചക്ക് സൈന്യത്തിന്റെ ആവശ്യം തന്നെയെന്താണെന്ന് പന്ത്ജി ചോദിച്ചു. സൈന്യം അവിടത്തന്നെ ഇരിക്കട്ടെ. താങ്കള്‍ ആയുധം ധരിച്ച് പത്ത് അംഗരക്ഷകരോടൊപ്പം പല്ലക്കില്‍ കയറി വരൂ. പത്ത് അംഗരക്ഷകന്മാര് ബാണം എത്താവുന്ന ദൂരത്ത് നില്ക്കട്ടെ. അതിനുശേഷം സ്നേഹപൂര്‍ണമായ അന്തരീക്ഷത്തില്‍ പരസ്പരം കൂടിക്കാഴ്ച നടക്കട്ടെയെന്ന് വിസ്തരിച്ചു പറഞ്ഞു.
ഖാന് ഈ വ്യവസ്ഥ ഇഷ്ടപ്പെട്ടു. ഖാന് ശിവാജിയുമായുള്ള കൂടിക്കാഴ്ചക്ക് വെമ്പല്‍ കൊണ്ടിരിക്കുകയായിരുന്നു. ഗോപിനാഥപന്ത്ജി ഇതുകൂടി പറഞ്ഞു. അതിഥികള്‍ക്ക് സമ്മാനം നല്‍കാനായി കൂടെ വന്ന രത്നവ്യാപാരികളെ കോട്ടയ്ക്കകത്തേക്കയക്കണം. ഇതുകൂടി കേട്ടപ്പോള്‍ ഖാന്റെ അഹങ്കാരാഭിമാനം വര്‍ധിച്ചു. തന്റെ വിഷയത്തില്‍ ശിവാജിക്കുള്ള ഭക്തിയും ആദരവും കണ്ടിട്ട് ഖാന് പെട്ടെന്ന് തന്നെ അതും അംഗീകരിച്ചു. വ്യാപാരികളും സന്തുഷ്ടരായി. അവരുടെ വസ്തുക്കള്‍ ഒരുമിച്ച് വില്ക്കപ്പെടും. വലിയ ഗ്രാഹകനെ കിട്ടിയിരിക്കയാണ്.
വ്യാപാരികളെല്ലാം വസ്തുക്കളുമായി കോട്ടക്കകത്തെത്തി. കോട്ട കയറി വന്ന മഹാലക്ഷ്മിയെക്കണ്ട് ശിവാജിയും പ്രസന്നനായി. വ്യാപാരികള്‍ക്ക് താമസിക്കാനുള്ള ഉത്തമവ്യവസ്ഥ ചെയ്തു. രത്നരാശി സൂക്ഷിക്കാനുള്ള യോഗ്യവ്യവസ്ഥ ചെയ്തു. ഖാനുമായുള്ള സ്നേഹമേളനത്തിനുശേഷം മൂല്യം തരാം എന്നും ഉറപ്പു കൊടുത്തു.
വളരെ ചിന്തിച്ച് കൂടിക്കാഴ്ചക്കുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ആ സ്ഥാനത്തെത്താന്‍ ചെറിയൊരു കയറ്റം കയറണമായിരുന്നു. അവിടെ നിര്‍മിച്ച പടഗൃഹം, ചുറ്റുപാടും നടക്കുന്ന എല്ലാ ചലനങ്ങളും കോട്ടയില്‍നിന്നും കാണാന്‍ സാധിക്കുന്ന വിധമായിരുന്നു. എന്നാല്‍ ഖാന്റെ ശിബിരത്തിലുള്ളവര്ക്ക് ഒന്നും അറിയാന്‍ സാധിക്കാത്തവിധത്തിലുമായിരുന്നു. ഖാന് ചതിക്കാന്‍ നിശ്ചയിച്ചാലും സാധിക്കാത്ത വിധത്തിലായിരുന്നു പടഗൃഹത്തിന്റെ സ്ഥാനം.
കോട്ടയുടെ ഓരോ ഇഷ്ടികയും ജാഗരൂകമായിരുന്നു. ശിവാജിയുടേയും സ്വരാജ്യത്തിന്റെയും രക്ഷയ്ക്കായി അവ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള ദിവസം നിശ്ചയിച്ചു. 1659 നവംബര്‍ 10 ആയിരുന്നു അത്. ഈ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ എല്ലാ ഭവനങ്ങളിലും ഖണ്ഡോബാ ദേവന് ദീപാരാധന നടക്കുന്നുണ്ടായിരുന്നു.
കൂടിക്കാഴ്ചയുടെ പൂര്വദിനത്തിന്റെ സൂര്യനുദിച്ചു. കോട്ടയിലെ എല്ലാവരുടെയും ഹൃദയം കേദാരേശ്വരനേയും ഭവാനിദേവിയേയും പ്രാര്ത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു. മഹാരാജാവിനേയും സ്വരാജ്യത്തെയും രക്ഷിക്കണേ എന്നതായിരുന്നു അവരുടെ പ്രാര്‍ത്ഥന. ശിവാജിയാവട്ടെ ശാന്തചിത്തനായിരുന്നു. സ്വരാജ്യത്തിന്റെ മറ്റു കോട്ടകളില്‍ ഭരണവ്യവസ്ഥ യഥാപൂര്‍വം നന്നായി നടക്കുന്നുണ്ടായിരുന്നു. ശിവാജിയുടെ എല്ലാ മിത്രങ്ങളും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. ശിവരാജേ അവര്‍ക്ക് അവരുടെ മനസ്സില്‍ ഇപ്പോള്‍ ക്രോധം, പ്രതികാരം, വീരശ്രീ, നിഷ്ഠ-മുതലായ ഭാവങ്ങള്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. താനാജി മാലസുരേ, കന്ഹോജിജേഥേ, മോറോപന്ത് പിങ്ഗ്ളേ, ബാബാജി ബോസ്ലേ എന്നീ നായകന്മാര് എന്താണ് ചെയ്യേണ്ടതെന്ന സൂചന ഉണ്ടായിരുന്നു.
രാത്രിയായി, അത് കാളരാത്രിയായിരുന്നു. ശ്രദ്ധിക്കുക-ശത്രുക്കള്‍ അറിയാത്തവിധം എല്ലാരും ആയുധം ധരിച്ച് പ്രതീക്ഷിച്ചിരിക്കുക. ഖാന് വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണെങ്കില്‍ മൂന്നുതവണ പീരങ്കി ഗര്‍ജിക്കും. അനുക്ഷണം ഖാന്റെ സൈന്യത്തിനുമേല്‍ ആക്രമണം നടത്തണം. ആയുധം വച്ച് കീഴടങ്ങിയവരെ വധിക്കരുത്. എല്ലാവരും യാത്ര പറഞ്ഞ് ഗഹനാരണ്യത്തിലേക്ക് ഖാന്റെ സൈനികരെ സര്‍പ്പങ്ങളെപ്പോലെ വളഞ്ഞ് നിശ്ശബ്ദരായി കാത്തിരിക്കുകയാണ്.
കൂരിരുട്ടില്‍ എട്ട് മണിക്കൂര്‍ നിശ്ശബ്ദരായി ഇരിക്കണമായിരുന്നു. കുറച്ചെങ്കിലും സംശയമുണ്ടായാല്‍ സര്‍വ്വനാശം സംഭവിക്കും. ഓരോ സൈനികരുടേയും ചുമലില്‍ അത്രതന്നെ ഉത്തരവാദിത്വമുണ്ടായിരുന്നു. നേതാജി പാല്ക്കര്, ഖാന്റെ സൈന്യത്തിനു ചുറ്റും തന്റെ അനുയായികളോടൊപ്പം വന്ന് നില്‍പ്പുണ്ടായിരുന്നു. തന്നോടൊപ്പം കൊണ്ടുപോകാന്‍ പത്ത് നരസിംഹങ്ങളെ ശിവാജി തിരഞ്ഞെടുത്തിരുന്നു. കോട്ടയിലുള്ള ഓരോരുത്തരും ശിവാജിയുടെ കൂടെ പോകാന്‍ അഭിമാനമുള്ളവരായിരുന്നു. തങ്ങളുടെ നേതാവിനായി പ്രാണന് ത്യജിക്കാന്‍ ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന മത്സരബുദ്ധിയായിരുന്നു അവരുടേത്. സിംഹസദൃശനായ ശിവാജിയുടെ ചുറ്റും സംഭാജി, കാവജി, ഏസാജികങ്ക്, ജീവാമഹല്‍, സിദ്ദി ഇബ്രാഹിം മുതലായ പത്ത് വ്യാഘ്രങ്ങള്‍.
അതിനുശേഷം കൂടിക്കാഴ്ചക്ക് എങ്ങനെ പോകണം എന്ന വിഷയത്തെക്കുറിച്ച് മിത്രങ്ങളുമായി പരാമര്‍ശം നടത്തി. അവര്‍ നിര്‍ദ്ദേശിച്ചു. ശരീരത്തിലും തലയിലും ലോഹകവചം ധരിക്കണം. കൊണ്ടുപോകേണ്ട ശസ്ത്രങ്ങളും നിശ്ചയിച്ചു.
നിശ്ചിത സ്ഥാനത്ത് പടഗൃഹം നിര്‍മിച്ചു. അമൂല്യങ്ങളായ രത്നങ്ങളും മുത്തുകള്‍കൊണ്ടും രത്നകമ്പളങ്ങള്കൊണ്ടും യവനികകള്‍ കൊണ്ടും നിര്‍മിച്ച പടകുടീരം മാലകള്‍കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ടായിരുന്നു. സ്വാഗത വ്യവസ്ഥ അതുപോലുള്ളതായിരുന്നു. സൈന്യാധിപന്മാര് പോകട്ടെ സാക്ഷാല്‍ ബാദുഷയ്ക്കോ അദ്ദേഹത്തിന്റെ പിതാവിനോ മുന്‍പ് ലഭിച്ചിട്ടില്ലാത്തവിധത്തിലായിരുന്നു അത്.
അവിടെ ഖാന്റെ സൈനികര്‍ അടുത്ത ദിവസത്തെ സുഖസ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കയായിരുന്നു. 1659 നവംബര്‍ മാസം പത്താംതീയതി സൂര്യനുദിച്ചു. മദ്ധ്യാഹനമായിരുന്നു കൂടിക്കാഴ്ചക്കായുള്ള സമയമായി. ബീജാപ്പൂര്‍ മുതല്‍ ദില്ലി വരെ എല്ലാവരുടേയും ശ്രദ്ധ മേളന വിഷയത്തിലായിരുന്നു. അത്രമാത്രമല്ല യൂറോപ്പിലെ അനേകം ദേശത്തിലും ഈ വാര്‍ത്ത പ്രചരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിണാമത്തെ സംബന്ധിച്ച് സന്ദേഹമില്ലായിരുന്നു. അഫ്ജല്ഖാന്റെ കൈയില്‍ കിട്ടിയാല്‍ മറിച്ചൊന്ന് സംഭവിക്കില്ല എന്നവര്‍ വിശ്വസിച്ചു.
ശിവാജി കാലത്ത് എഴുന്നേറ്റു. കുളിയും പൂജയും ചെയ്ത് കുറച്ചു സമയം മഹേശ്വരനെ ധ്യാനിച്ചു. തുടര്‍ന്ന് ദാനാദി പുണ്യകര്‍മങ്ങള്‍ ചെയ്തു. പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ മറന്ന ഒരു കാര്യം ഓര്‍ത്തു. ഖാന് പടകുടീരത്തില്നിന്നും പുറപ്പെടുമ്പോള്‍ ഗോപിനാഥപന്ത് ഖാന്റെ കൂടെ ഉണ്ടായിരിക്കണം.അവസാന നിമിഷത്തില്‍ ഖാന് എന്തെങ്കിലും ദുര്‍വൃത്തി ആചരിക്കാനിടയുണ്ട്. അതുകൊണ്ട് ഗോപിനാഥപന്തിനെ ഖാന്റെ ശിബിരത്തിലേക്കയച്ചു.
ശിവാജി ചിന്തിച്ചതുപോലെ തന്നെ സംഭവിക്കുമായിരുന്നു. ഖാന് പല്ലക്കില്‍ കയറി ഇരുന്നു. അരയില്‍ കത്തി ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. കൂടെ രണ്ടായിരത്തോളം ആയുധധാരികളായ ഭടന്മാരും. ഇതുകണ്ട് ഗോപിനാഥപന്തിന്റെ ഹൃദയം തുടിച്ചു. പന്ത്ജി ഖാന്റെ അടുത്തു ചെന്ന് വിനയത്തോടെ ഇത്രയധികം സൈനികര്‍ കോട്ടയുടെ മുകളില്‍ പോകുമോ? എന്ന് ചോദിച്ചുകൊണ്ട് അദ്ഭുതത്തോടെ മുഖത്ത് വിരല്‍വച്ചു! അതെ എന്ന് ഖാന് മറുപടി പറഞ്ഞു. ഉടന്‍ പന്ത്-ഹേ ഭഗവന്‍ ഇത്രയും സൈന്യത്തെ കണ്ടാല്‍ ഭയന്ന് ശിവാജി കോട്ടവിട്ടോടും. കൂടിക്കാഴ്ച നടക്കില്ല. ശിവാജി രണ്ടുപേരുടെ കൂടെയാണ് വരുന്നത്. താങ്കളും രണ്ടുപേരുടെ കൂടെ പോകണം. ശിവാജിയുമായുള്ള കൂടിക്കാഴ്ചക്ക് ഇത്രയധികം സന്നാഹമെന്തിന് എന്ന് ചോദിച്ചു!
ഖാന് കുറച്ചൊന്നു നിന്നു. ഇത്രയെല്ലാം ചെയ്തു. ഇനി ഭയംകൊണ്ട് ശിവ കൂടിക്കാഴ്ചക്കു വന്നില്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥമാകും. ഗോപിനാഥപന്ത് പറയുന്നതിലും കാര്യമുണ്ട്. ശിവ മഹാഭീരുവാണെന്ന് നിശ്ചയിച്ച് ഖാന് സൈന്യത്തെ തിരിച്ചയച്ചു. ഖാന്റെ കൂടെ കൃഷ്ണാജി ഭാസ്കര്‍ സയ്യദബണ്ഡാ, മറ്റ് പത്ത് വീരന്മാരും ഉണ്ടായിരുന്നു. ഗോപിനാഥപന്ത് അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു.
ശിവാജി വസ്ത്രാധികം ധരിച്ച് സന്നദ്ധനായി ശരീരത്തിലും തലയിലും കവചം ധരിച്ച് അതിന്റെ മേലെ വെളുത്ത വസ്ത്രവും മുത്തുകള്‍ പതിച്ച മേല്‍വസ്ത്രവും തലപ്പാവും ധരിച്ചു. അരയില്‍ ചെറിയ കഠാരയും സ്ഥാപിച്ചു. വിരലുകളില്‍ വ്യാഘ്രനഖം ധരിച്ചു. സാധാരണപോലെ ഭവാനി ഖഡ്ഗം അരയില്‍ തൂക്കി.
ഉച്ചയ്ക്ക് ഒരു മണിയായി. അഫ്ജല്ഖാന്റെ പല്ലക്ക് പടകൂടീരത്തില്‍ എത്തി. പടകുടീരത്തിന്റെ വൈഭവം കണ്ട് ഖാന്റെ കണ്ണ് മഞ്ഞളിച്ചു. ഖാന്റെ ഉള്ളില്‍ അസൂയ ജനിച്ചു. ശഹാജിയെപ്പോലുള്ള സാധാരണ സുബേദാറിന്റെ മകന് ഇത്രയധികം ധനസമ്പത്ത് എവിടുന്ന് വന്നു? ഇത്രയും വിലപിടിപ്പുള്ള പട മണ്ഡപം നമ്മുടെ ബാദുഷായ്ക്ക് പോലുമില്ല. ഇതുകണ്ട് ഖാന്റെ ഉള്ളം നീറി.
അപ്പോള്‍ വിനയത്തോടെ ഗോപിനാഥപന്ത് പറഞ്ഞു-താങ്കളെപ്പോലുള്ള മഹാത്മാവിനെ സ്വീകരിക്കാന്‍ ശിവാജി ഒരുക്കിയതാണിതെല്ലാം. ഇതിനുശേഷം ഇക്കാണുന്നതെല്ലാം ബാദുഷായുടേതല്ലെ! അതുകൊണ്ട് താങ്കള്‍ വ്യാകലപ്പെടേണ്ടതില്ലെന്ന് ആശ്വസിപ്പിച്ചു. ഗോപിനാഥപന്തിന്റെ സാന്ത്വന വാക്കുകളില്‍ ആശ്വസിച്ച് ഖാന് തലയിണയുടെ സഹായത്തോടെ ആസനത്തില്‍ ഇരുന്നു.
(തുടരും)
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: