കിടക്കയിലെ ഷീറ്റ് മാറ്റിവിരിക്കുന്നതിനിടെ പിറുപിറുത്തുകൊണ്ടിരുന്ന എന്നെ നോക്കുന്ന ലക്ഷ്മി മോളുടെയും ഉണ്ണിക്കുട്ടന്റേയും കണ്ണുകളില്‍ വിരിഞ്ഞ ചോദ്യഭാവം ഞാന്‍ കണ്ടു എന്ന് മനസ്സിലാക്കിയ അവര്‍ എന്തേ അമ്മ പറയുന്നത് എന്ന ചോദ്യത്തോടെ അടുത്തുവന്നു. ഞാന്‍ പറയുന്നത് അവര്‍ക്ക് ഊഹിക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്നാലും അമ്മയെ ഒരു സോപ്പിടല്‍. ”കിടക്കാന്‍ നേരമായി. പോയി കാല് കഴുകി വേഗം വാ” എന്ന ശാസനസ്വരം കേട്ട രണ്ടുപേരും ചിരി അമര്‍ത്തി ഓടിപ്പോയി. ഞാന്‍ തിരിഞ്ഞ് അടുക്കളയിലേക്കും.
പ്രാര്‍ത്ഥിച്ചാണോ കിടന്നത് എന്ന എന്റെ ചോദ്യം കേട്ട ഉണ്ണിക്കുട്ടന് ഞാന്‍ എപ്പോഴേ ഉറങ്ങി എന്ന ഭാവത്തില്‍ കിടക്കുന്നതും മെല്ലെ കണ്ണുതുറന്നു നോക്കുന്നതും കണ്ടില്ല എന്ന മട്ടില്‍ രണ്ടുപേരും എനിക്കായി കാത്തുവെച്ച സ്ഥലത്ത് ഞാന്‍ കയറിക്കിടന്നു.
അപ്പോഴേക്കും ഉറക്കനാടകത്തിന് തിരശ്ശീല ഇട്ട് ഉണ്ണിക്കുട്ടന് എന്റെ വലതുകൈയ്യില്‍ കയറിക്കിടന്നു. അവന്റെ തലയിണ എന്നും എന്റെ കൈ ആണല്ലോ.
ഇടതുഭാഗത്ത് കിടന്നിരുന്ന ലക്ഷ്മിമോള് എന്നോട് ഒട്ടിപ്പിടിച്ചു കിടന്നു. ഞാന്‍ അവളുടെ കൈ എന്റെ കൈകളില്‍ ചേര്‍ത്തുപിടിച്ചു. ആ സ്പര്‍ശനത്തിലൂടെ അമ്മയുടെ സ്നേഹം മനസ്സിലാക്കിയിട്ടാവാം അവള് ഒന്നുകൂടി അടുത്തേക്ക് കിടന്ന് മുഖം എന്റെ തോളിലേക്ക് അമര്‍ത്തിവച്ചു.
”അമ്മയ്ക്ക് എന്തു നല്ല മണമാണ്. എല്ലാ അമ്മമാര്‍ക്കും ഉണ്ടാകും അല്ലേ നല്ലൊരു മണം.” സീറോബള്ബിന്റെ നേരിയ വെളിച്ചത്തില്‍ ഉയര്‍ന്നു കേട്ട അവളുടെ ശബ്ദത്തില്‍ സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്നു. ഇത്തരം ഒരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത ഞാന്‍ എന്തു മറുപടി പറയണമെന്ന് ആലോചിച്ചു കിടന്നു. ”അതേയ് സ്നേഹത്തിന്റെ മണം ആണ്. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തിന്റെ മണം. ഒരുപാട് ഇഷ്ടത്തോടെ ഉമ്മ വയ്ക്കുമ്പോള്‍ ഒരു നല്ല മണം തോന്നില്ലേ അതാണ് സ്നേഹത്തിന്റെ മണം.”
എന്റെ വാക്കുകള്‍ അവള് വിശ്വസിച്ചു എന്ന് മനസിലായത് അവള് എന്നെ ഉമ്മ വെച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തപ്പോഴാണ്. എന്റെ അമ്മയുടെ മണവും എന്നിലും എനിക്ക് ചുറ്റും ഒരു സൗരഭ്യമായ് നിറയുന്നത് ഞാന്‍ അറിഞ്ഞു.
ബിന്ദു കെ.എ തമ്പുരാട്ടിക്കല്ല്
പ്രതികരിക്കാൻ ഇവിടെ എഴുതുക: