കൊല്ലം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിപ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മന്ത്രിയുടെ വാഗ്ദാനപെരുമഴ.
ശക്തികുളങ്ങര-നീണ്ടകര ഹാര്‍ബറുകളില്‍ 44.5 കോടി രൂപ മുടക്കി ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും 90,000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു മന്ത്രി ജെ. മേഴ്സികുട്ടിയമ്മ നടത്തിയ പ്രഖ്യാപനം. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിപ്രകാരം ശക്തികുളങ്ങര-നീണ്ടകര വികസനപദ്ധതികളുടെ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മേയര്‍ ഹണി ബഞ്ചമിന്‍, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗം യോഹന്നാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നീണ്ടകര ഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം, ടോയ്‌ലെറ്റ് ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് റൂം, ജലസംഭരണി എന്നിവ ഉള്‍പ്പെടുന്ന വികസന പദ്ധതിയാണ് നടപ്പാക്കുക. പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ഹാര്‍ബറിന്റെ ശുചിത്വനിലവാരം മെച്ചപ്പെടുത്താനും ഹാര്‍ബറിലെ തിരക്ക് നിയന്ത്രിക്കാനും സാധിക്കും. അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നത് മുന്നില്‍കണ്ട് മന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. പദ്ധതി വഴി മുപ്പതിനായിരം തൊഴില്‍ദിനങ്ങളും പരോക്ഷമായി അറുപതിനായിരം തൊഴില്‍ദിനങ്ങളും സൃഷ്ടിക്കുമെന്നാണ് മന്ത്രിയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: