അഞ്ചല്‍: മുന്‍ എംഎല്‍എയും സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതോടെ മറനീക്കി പുറത്തുവന്നത് സിപിഐയില്‍ ഏറെനാളായി പുകഞ്ഞുകത്തിയിരുന്ന വിഭാഗീയത.
ജില്ലയിലെ സിപിഐയുടെ പ്രബല വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാക്കളാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ സുപാലും ജില്ലാ കൗണ്‍സില്‍ അംഗം ആര്. രാജേന്ദ്രനണ്ടും. സുപാല്‍ ഇസ്മയില്‍ പക്ഷത്തെയും രാജേന്ദ്രന് കാനം രാജേന്ദ്രന് പക്ഷത്തെയും പ്രമുഖനേതാക്കളാണ്.
ഇസ്മയില്‍ പക്ഷത്തെ ഏകപക്ഷീയമായി വേട്ടയാടുകയും ഒതുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
മുമ്പ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സുപാലും രാജേന്ദ്രനും നടത്തിയ വാഗ്വാദം ഭിന്നത നീക്കി പുറത്തുവന്നിരുന്നു. ഈ പരസ്യ കലാപത്തിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ പരസ്യ ശിക്ഷാനടപടി പാടില്ലെന്ന് ഒരുകൂട്ടര്‍ വാദിച്ചെങ്കിലും കാനം രാജേന്ദ്രന് പകരം വീട്ടുകയായിരുന്നെന്ന കുറ്റപ്പെടുത്തല്‍ ശക്തമാണ്. സുപാലിന്റെ വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെന്ഷന് നടപടി. സ്ഥാനാ
ര്‍ഥിത്വത്തിന് സുപാലിന്റെ അടക്കം പിന്തുണതേടിയ ജില്ലയിലെ പ്രധാനനേതാവും മന്ത്രികൂടിയായ അഡ്വ. കെ. രാജുവും സുപാലിനെതിരെയുള്ള നടപടിയെ രഹസ്യമായി അനുകൂലിച്ചു എന്ന ആക്ഷേപവും ശക്തമാണ്.
ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രമുഖനേതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പി.എസ്. ശ്രീനിവാസന്റെ മകനും കൂടിയായ പി.എസ്. സുപാലിനാണ് പുനലൂരില്‍ പാര്‍ട്ടിയിലെ പിന്തുണ. പാര്‍ട്ടി അച്ചടക്കനടപടിയെന്ന പേരില്‍ സുപാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് തടയിടാനുള്ള ഇസ്മയില്‍ വിഭാഗത്തിന്റെ ആനപ്പകയാണ് സസ്പെന്‍ഷനിലൂടെ പുറത്തുവന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം സിപിഎമ്മിനെ കണ്ണടച്ച് സഹായിക്കുന്ന കാനം പക്ഷത്തിന് മേല്‍ക്കോയ്മയുണ്ടാക്കാനാണ് ഏകപക്ഷീയമായ ഈ നടപടി. ഒരേ കുറ്റം ആരോപിക്കപ്പെട്ട രണ്ടുപേരില്‍ ഇഷ്ടക്കാരന് ശാസനയും മറ്റൊരാള്‍ക്ക് സസ്പെന്‍ഷനും നല്കിയ പാര്‍ട്ടി നടപടിയെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്ഷേപവര്‍ഷം തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഐക്ക് ജില്ലയില്‍ ഇനി വലിയ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: