ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) നടപടി കടുപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ കസ്റ്റഡിയില്‍ വാങ്ങാന്‍ തയ്യാറെടുത്ത് എന്‍സിബിയും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.
ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും ലഹരി വ്യാപാരം നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ ബെംഗളൂരു സോണല്‍ ഓഫീസിലെത്തി വാങ്ങിയിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിനീഷിനെ ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനയ്‌ക്കായി ബിനീഷിനെ ആശുപത്രിയില്‍ലേക്ക് മാറ്റിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ബിനീഷിന് അനൂപുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മരുതംകുഴിയില വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയിരുന്നു. തെരച്ചിലിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സക്രെഡിറ്റ് കാര്‍ഡ് കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ കുടുംബം വാദിച്ചെങ്കിലും കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ പല സ്ഥലങ്ങളിലും ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
അനൂപിനെ മുന്‍ നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയിട്ടുള്ളതെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് ബിനീഷിനെ ഇതുവരെ ഇഡി ചോദ്യം ചെയ്തത്.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍. രാത്രി വൈകിയും ചോദ്യം ചെയ്തു. അധികൃതര്‍ ബിനീഷിനെ മാനസികമായി പീഡിപ്പിക്കുന്നതായും ബിനീഷിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: