ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കയര്‍കേരളയില്‍ ശില്പ്പങ്ങളുണ്ടാക്കന് എത്തിയ കലാകാരന്മാരെ പണം നല്‍കാതെ കബളിപ്പിച്ചത് ചോദ്യം ചെയ്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പകയൊടുങ്ങാതെ മന്ത്രിയും, സിപി എമ്മും. തുറമുഖ മ്യൂസിയം എന്ന പദ്ധതിയില്‍ ശില്പ്പങ്ങള് നിര്‍മ്മിച്ച ആലപ്പുഴക്കാരനായ ശില്‍പ്പി അജയന് വി. കാട്ടുങ്കലിന്റെ ശില്‍പ്പങ്ങള്‍ക്കാണ് പാര്‍ട്ടിയും മന്ത്രിയും ഭ്രഷ്ട് കല്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ഉദ്ഘാടനം നടത്തിയ ആലപ്പുഴ പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടയാക്കിയത്.
അജയന് തന്റെ ദുരനുഭവം പറയുന്നു..
കഴിഞ്ഞ കയര്‍ കേരളയില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ശില്‍പ്പികളെ കൊണ്ടുവന്ന് വിവിധ സ്ഥലങ്ങളില്‍ കയറുമായി ബന്ധപ്പെട്ട ശില്പ്പങ്ങള് നിര്‍മ്മിച്ചിരുന്നു. കയര്‍വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം ശില്‍പ്പികളെ കൊണ്ടുവന്നത് അജയനായിരുന്നു. ഇവരുടെ വേതനം സംബന്ധിച്ച കരാറും ഉണ്ടായിരുന്നു. എന്നാല്‍ ശില്‍പ്പ നിര്‍മ്മാണം കഴിഞ്ഞ് ഇവര്‍ക്ക് മുന്‍കൂട്ടി പറഞ്ഞ പണം നല്‍കാതെ അധികൃതര്‍ കബളിപ്പിക്കുകയായിരുന്നു. കയര്‍കയറ്റുമതി മുതലാളിമാരില്‍ നിന്നും അസംസ്കൃത സാധനങ്ങള്‍ സൗജന്യമായാണ് ലഭിച്ചത്.
എന്നാല്‍ ഇതും കണക്കില്‍പ്പെടുത്തി ശില്‍പ്പികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി രേഖകളില്‍ ഉള്‍പ്പെടുത്തി ക്രമക്കട് നടത്തിയതെന്ന് അജയന് പറയുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് മന്ത്രിയുടെ കണ്ണിലെ കരടായി അജയന് വി കാട്ടുങ്കല്‍ മാറിയത്. ഇതിനിടെ തുറമുഖ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ശില്പ്പങ്ങള് നിര്‍മ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപ തുറമുഖവകുപ്പുമായി നടത്തിയ എഗ്രിമെന്റ് പ്രകാരം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇതറിഞ്ഞ മന്ത്രി തോമസ് ഐസക്ക് ആ പദ്ധതി പൈതൃക പദ്ധതിയെന്ന തുറമുഖ മ്യൂസിയ പദ്ധതിയുടെ പേര് മാറ്റി മുസരിസ് എന്ന സ്വകാര്യ കമ്പനിയ്ക്ക് ഇതേ ശില്‍പ്പങ്ങളും മറ്റും നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെ പദ്ധതിയ്ക്കായി നിര്‍മ്മിച്ച അജയന്റെ 18 ശില്പങ്ങളാണ് ആലപ്പുഴയില്‍ അനാഥമായി കിടക്കുന്നത്.
സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം 16 വര്‍ഷം മുന്‍പ് നിര്‍മിച്ച ടി.വി.തോമസിന്റെ വലിയ പ്രതിമ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കം കാരണം ഇതുവരെ ഏറ്റെടുത്തില്ല. താന്‍ പാര്‍ട്ടിക്കാരനായ ശില്പ്പിയല്ലാത്തതിലും ചെയ്യുന്ന ജോലിയ്ക്ക് പണം ആവശ്യപ്പെടുന്നതുമാണ് മന്ത്രിയ്ക്കും കൂട്ടര്‍ക്കും അനിഷ്ടമായതെന്ന് അജയന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: